“കേരള ബ്ലാസ്റ്റേഴ്സിന് ആശങ്കയായി സൂപ്പർ താരത്തിന്റെ പരിക്ക്”

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ അടുത്ത ദിവസം മുംബൈ സിറ്റിയെ നേരിടാനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി സൂപ്പർതാരം എനെസ് സിപോവിച്ചിന്റെ പരുക്ക്. കാലിന്റെ പേശിക്ക് പരുക്കേറ്റ സിപോവിച്ച് രണ്ടാഴ്ച കളിക്കളത്തിന് പുറത്തിരിക്കേണ്ടവരും. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനകം തന്നെ പരിക്ക് കാരണം രാഹുലിനെയും ആൽബിനോ ഗോമസിനെയും നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിനു താരത്തിന്റെ പരിക്ക് വലിയ തിരിച്ചടിയാവും.

കഴിഞ്ഞ ദിവസം ഈസ്റ്റ് ബം​ഗാളിനെതിരായ മത്സരത്തിനിടെയാണ് ബോസ്നിയൻ സെന്റർ ബാക്കായ സിപോവിച്ചിന് പരുക്കേറ്റത്. തുടർന്ന് കളിക്കിടെ സിപോവിച്ചിനെ പിൻവലിച്ചിരുന്നു. ഇതിനുശേഷമാണിപ്പോൾ സിപോവിച്ചിന്റെ കാലിലെ പേശിയിൽ ​ഗ്രേഡ് വൺ ഇഞ്ച്വറിയാണ് നേരിട്ടതെന്നും രണ്ടാഴ്ച പുറത്തിരിക്കേണ്ടിവരുമെന്നും ക്ലബ് അറിയിച്ചത്. പ്രതിരോധനിരയിലെ കരുത്തുറ്റ സാന്നിധ്യമായ സിപോവിച്ചിന്റെ പരുക്ക് മുംബൈയെ നേരിടുന്ന ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാണ്.സിപോവിചിനെ അഭാവത്തിൽ ആരാകും ലെസ്കോവിചിന് ഒപ്പം ഇറങ്ങുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്‌

കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഇന്ത്യൻ സീനിയർ താരം ഹർമൻജ്യോത് ഖബ്ര മുംബൈയക്കെതിരെ മത്സരദിനസ്ക്വാഡിൽ ഇടം പിടിച്ചേക്കുമെന്നാണ് സൂചന. ഖബ്ര ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചുവെന്നും ക്ലബ് അറിയിച്ചു. ഈസ്റ്റ് ബം​ഗാളിനെതിരായ മത്സരത്തിന് മുമ്പ് പരിശീലകനത്തിനിടെയാണ് ഖബ്രയ്ക്ക് പരുക്കേറ്റത്.