ബ്രസീലും പോർച്ചുഗലും ഇന്ന് കളത്തിൽ, യൂറോകപ്പിന്റെ യോഗ്യതയിൽ സ്പെയിനിന് എതിരാളികൾ ഇന്ന് ജോർജിയ

ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾക്ക് താൽക്കാലിക ഇടവേള നൽകിക്കൊണ്ട് രാജ്യാന്തര മത്സരങ്ങൾ നടന്നുവരികയാണ്. ലാറ്റിൻ അമേരിക്കക്കാർക്ക് ലോകകപ്പ് യോഗ്യത മത്സരങ്ങളാണെങ്കിൽ യൂറോപ്യൻ ടീമുകൾക്ക് യൂറോകപ്പ് യോഗ്യത മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ലാറ്റിൻ അമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഇന്ന് കളത്തിൽ ഇറങ്ങുന്നുണ്ട്.ഖത്തർ ലോകകപ്പിലെ ദയനീയ പ്രകടനത്തിനുശേഷം ആദ്യമായാണ് ഒഫീഷ്യൽ മത്സരം ബ്രസീൽ കളിക്കാൻ ഇറങ്ങുന്നത്.ഫിഫ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിന് ഇന്ന് എതിരാളികൾ ബോളിവിയയാണ്. താരതമ്യേനെ ദുർബലരായ ബൊളീവിയയെ തകർത്ത് ബ്രസീലിന് അടുത്ത അമേരിക്ക ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങൾക്ക് വിജയം തുടക്കം കുറിക്കുവാനുള്ള ഒരുക്കത്തിലാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 6:15നാണ് ബ്രസീൽ-ബൊളീവിയ പോരാട്ടം.

പീഡന വിവാദത്തിൽ കുടുങ്ങിയ ആന്റണിയെ ബ്രസീൽ ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു,പാക്വേറ്റയെയും ടീമിൽനിന്ന് പിൻവലിച്ചിട്ടുണ്ട്. വിനീഷ്യസ് ജൂനിയർ പരിക്ക് കാരണം ടീമിൽ ഉൾപ്പെട്ടിട്ടുമില്ല. സൗദി ലീഗിലേക്ക് ചേക്കേറിയ നെയ്മർ പരിക്ക് കാരണം ഇതുവരെയും അരങ്ങേറാനും കഴിഞ്ഞിട്ടില്ല,എങ്കിലും ഇന്ന് നെയ്മർ കളിക്കാൻ സാധ്യതയുണ്ട്.ഗബ്രിയേൽ മാർട്ടിനെല്ലി, റോഡ്രിഗോ, റിച്ചാർലിസൺ, മാത്യൂസ് കുൻഹ, റാഫിൻഹ എന്നിവർ എന്ന് ആദ്യ ഇലവനിൽ സ്ഥാനം നേടിയേക്കും.

യൂറോകപ്പിന്റെ യോഗ്യത മത്സരത്തിൽ ഇന്ന് പോർച്ചുഗൽ സ്ലോവാക്കിയയെ നേരിടാൻ ഒരുങ്ങുകയാണ്. തകർപ്പൻ ഫോമിൽ കളിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോ തന്നെയാണ് പോർച്ചുഗലിന്റെ നട്ടെല്ല്.ഗ്രൂപ്പ് ജെ യിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളും വിജയിച്ച ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ.ഇന്ത്യൻ സമയം രാത്രി 12 15നാണ് പോർച്ചുഗൽ-സ്ലോവാക്കിയ മത്സരം.യൂറോകപ്പിലെ മറ്റു പ്രധാന യോഗ്യത മത്സരങ്ങൾ.സ്പെയിൻ-ജോർജിയ(9.30) ക്രൊയേഷ്യ-ലാത്വിയ(12.30).