അർജന്റീന വാഴുമ്പോൾ ബ്രസീൽ വീഴുന്നു, രണ്ടാം സ്ഥാനവും നഷ്ടപ്പെട്ട് ബ്രസീൽ |Argentina |Brazil

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ന് പുലർച്ചെ ലാറ്റിൻ അമേരിക്കയിൽ നടന്ന മത്സരങ്ങളിൽ ഉറുഗ്വെ ബ്രസീലിനെ വീഴ്ത്തിയപ്പോൾ തോൽവി അറിയാതെ മുന്നേറുകയാണ് അർജന്റീന.അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഉറുഗ്വെയാണ് രണ്ടാം സ്ഥാനത്ത്.

ഉറുഗ്വേയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബ്രസീലിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ആതിഥേയർ തോൽപ്പിച്ചത്. ലിവർപൂളിന്റെ സ്ട്രൈക്കറായ ഡാർവിൻ നുനസ് ഒരു ഗോളും ഒരു ഗോളിനുള്ള അവസരവും നൽകി കളിയിലെ താരമായി.ഡി ല ക്രൂസ് മറ്റൊരു ഗോൾ നേടി പട്ടിക പൂർത്തിയാക്കി.

ബ്രസീലിന് ഇത് തിരിച്ചടികളുടെ കാലമാണ്, കഴിഞ്ഞ മത്സരത്തിൽ വെന്വസെല ബ്രസീലിനെ സമനിലയിൽ തളച്ചിരുന്നു, ഇന്നത്തെ മത്സരത്തിൽ ഉറുഗ്വെയോട് തോറ്റതോടെ ലാറ്റിൻ അമേരിക്കയുടെ പോയിന്റ് ടേബിളിൽ അഞ്ചുതവണ ലോക ചാമ്പ്യന്മാരായ കാനറി പട മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിൽ രണ്ടാം സ്ഥാനത്ത് ഉറുഗ്വെയാണ്. ഇതുവരെ കളിച്ച നാലു മത്സരങ്ങളിൽ നാലും വിജയിച്ച അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്.

ഇന്നത്തെ മത്സരത്തിൽ കളിയുടെ 45 മത്തെ മിനിറ്റിൽ ബ്രസീലിന്റെ സൂപ്പർതാരം നെയ്മറിന് സാരമായ പരിക്ക് പറ്റി നിറകണ്ണികളോട് കളം വിട്ടത് ബ്രസീലിനു തിരിച്ചടിയായി.സൂപ്പർ താരത്തിന്റെ പരിക്കിന്റെ പുതിയ അപ്ഡേഷൻ ഒന്നും വന്നിട്ടില്ലെങ്കിലും ഈ സീസൺ നഷ്ടപ്പെട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മറ്റൊരു ലാറ്റിൻ അമേരിക്കൻ വമ്പന്മാരുടെ പോരാട്ടത്തിൽ ശക്തരായ ചിലിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തകർത്ത് വെന്വസെല തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തി.ഏഴ് പോയിന്റുള്ള വെന്വസേല നിലവിൽ ബ്രസീലിന് പിന്നിൽ നാലാം സ്ഥാനത്താണ്.കൊളംബിയ-ഇക്വഡോർ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. അർജന്റീന-പെറു മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇരട്ടഗോളുകളുടെ സഹായത്തോടെ അർജന്റീനക്ക് തുടർച്ചയായ നാലാം വിജയം സ്വന്തമായി. കഴിഞ്ഞ മത്സരത്തിൽ ക്ലീൻ ഷീറ്റ് മിനിട്ടുകളുടെ റെക്കോർഡ് കുറിച്ച അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഈ മത്സരത്തിലും ഗോൾ വഴങ്ങിയില്ല.