ബ്രസീലിനായി ഗോളടിച്ചു കൂട്ടുന്ന വിക്റ്റർ റോക്യൂ ബാഴ്‌സലോണയിലേക്ക്

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സൗത്ത് അമേരിക്ക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ തകർപ്പൻ പ്രകടനം നടത്തുന്ന ബ്രസീലിയൻ താരം വിക്റ്റർ റോക്യൂ ബാഴ്‌സയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നു. താരത്തെക്കുറിച്ച് മികച്ച സ്‌കൗട്ടിങ് റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് ബാഴ്‌സലോണ പതിനേഴുകാരനെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. ബ്രസീലിയൻ ലീഗിൽ അത്ലറ്റികോ പരാനെന്സിന്റെ താരമാണ് വിക്റ്റർ റോക്യൂ.

കഴിഞ്ഞ വർഷം നടന്ന കോപ്പ ലിബർട്ടഡോസ് ടൂർണമെന്റിൽ അത്ലറ്റികോ പരാനെന്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് വിക്ടർ റോക്യൂ. എന്നാൽ കലാശപ്പോരാട്ടത്തിൽ അവർ ഫ്‌ളമങ്ങോയോട് തോറ്റു പുറത്തായി. ആ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ച താരം ടൂർണമെന്റിലെ ടോപ് സ്കോററാണിപ്പോൾ.

അർജന്റീനക്കെതിരെയുള്ള മത്സരത്തിലടക്കം ബ്രസീലിനായി മൂന്നു ഗോളുകൾ നേടിയ താരം ടീമിനെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിർത്താൻ നിർണായക പങ്കു വഹിക്കുന്നു. ഇതിനു പിന്നാലെയാണ് ബാഴ്‌സലോണ റോക്യൂവിനു വേണ്ടിയുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയത്. പിഎസ്‌ജി, ചെൽസി തുടങ്ങിയ ടീമുകളും താരത്തിനായി ശ്രമം നടത്തുന്നുണ്ടെങ്കിലും ബാഴ്‌സയിലേക്ക് ചേക്കേറാനാണ് റോക്യൂ ശ്രമിക്കുന്നത്.

എന്നാൽ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ താരത്തെ സ്വന്തമാക്കില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോൾ തന്നെ ഫസ്റ്റ് ടീമിൽ കളിക്കുന്ന ചില താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണക്ക് അനുവാദമില്ല. ഇതിനു പുറമെ താരത്തിന് ഫെബ്രുവരിയിലെ പതിനെട്ടു വയസ് തികയൂവെന്നതും ട്രാൻസ്‌ഫറിനു തടസമാണ്. സമ്മറിലാണ് താരം ബാഴ്‌സയിലെത്താൻ സാധ്യത.

മെംഫിസ് ഡീപേ ക്ലബ് വിട്ടതിനാൽ റോബർട്ട് ലെവൻഡോസ്‌കിക്ക് ബാക്കപ്പായാണ് വിക്റ്റർ റോക്യൂവിനെ ടീമിലെത്തിക്കുക. ഗ്രീസ്‌മൻ, കുട്ടീന്യോ തുടങ്ങിയ വമ്പൻ സൈനിംഗുകൾ ക്ലബിൽ തിളങ്ങാതെ പോയത് യുവതാരങ്ങളെ സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഏതാണ്ട് മുപ്പതു മില്യൺ യൂറോയാണ് റോക്യൂവിനായി ബാഴ്‌സലോണ മുടക്കേണ്ടി വരിക.

5/5 - (1 vote)