ബ്രസീലിയൻ ഡിഫൻഡറെ കിട്ടിയില്ലെങ്കിൽ പകരമെത്തുക അർജന്റൈൻ സൂപ്പർ താരം, അണിയറയിൽ വൻപദ്ധതികളുമായി യുണൈറ്റഡ് !

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധനിരയിലേക്ക് ഒരു താരത്തെ എത്തിക്കാൻ പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യാർ ശ്രമങ്ങൾ തുടങ്ങിയിട്ട് കാലം കുറച്ചായി. പ്രത്യേകിച്ച് ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്കാണ് യുണൈറ്റഡ് ഒരു താരത്തെ തേടുന്നത്. നിലവിൽ കളിക്കുന്ന ലുക്ക് ഷോയുമായി മത്സരിക്കാൻ ഒരു താരം വേണം എന്നാണ് സോൾഷ്യാറുടെ നിലപാട്. ആ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിച്ചിരുന്നത് റയൽ മാഡ്രിഡ്‌ താരം സെർജിയോ റെഗിലോണിനെ ആയിരുന്നു.

എന്നാൽ അപ്രതീക്ഷിതമായ നീക്കത്തിലൂടെ ടോട്ടൻഹാം താരത്തെ സ്വന്തമാക്കുകയായിരുന്നു. ഇതോടെ യുണൈറ്റഡ് മറ്റൊരു താരത്തെ അന്വേഷിച്ചു തുടങ്ങി. അങ്ങനെയാണ് ബ്രസീലിയൻ താരം അലക്സ് ടെല്ലസിലേക്ക് യുണൈറ്റഡിന്റെ കണ്ണെത്തുന്നത്. നിലവിൽ പോർട്ടോക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുകയാണ് ടെല്ലസ്. ഇരുപത്തിയേഴുകാരനായ താരത്തിന്റെ പോർട്ടോയിലുള്ള അവസാനവർഷമാണ് ഇത്. താരത്തിന് വേണ്ടിയുള്ള ചർച്ചകളും വിലപേശലുകളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതുകൊണ്ട് മാത്രം അവസാനിപ്പിക്കാൻ യുണൈറ്റഡ് തയ്യാറല്ല.

അത്കൊണ്ട് തന്നെ ബ്രസീലിയൻ താരത്തെ ലഭിക്കാതെ പോയാലും പകരമായി മറ്റൊരു അർജന്റൈൻ താരത്തിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് യുണൈറ്റഡ്. അയാക്സിന്റെ അർജന്റൈൻ ഡിഫൻഡറായ നിക്കോളാസ് ടാഗ്ലിയാഫിക്കോക്ക് വേണ്ടിയാണ് യുണൈറ്റഡ് ഇപ്പോൾ വലവിരിച്ചിരിക്കുന്നത്. ഇരുപത്തിമൂന്ന് മില്യൺ പൗണ്ടാണ് താരത്തിന് വേണ്ടി അയാക്സ് കണ്ടുവെച്ചിരിക്കുന്ന വില. മുൻപ് നിരവധി ക്ലബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. ഒരു തവണ ബാഴ്‌സ പോലും ടാഗ്ലിയാഫിക്കോക്ക് വേണ്ടി സജീവമായിരുന്നു. എന്നാൽ ഈയിടെ ബെൻ ചിൽവെല്ലിന്റെ സ്ഥാനത്തേക്ക് താരത്തെ ലെസ്റ്റർ സിറ്റി ഗൗരവമായി പരിഗണിച്ചിരുന്നു. പക്ഷെ അവർ അറ്റലാന്റയുടെ തിമോത്തിയെ തിരഞ്ഞെടുക്കുകയായിരുന്നു.

ഏതായാലും ടെല്ലസിനെയോ ടാഗ്ലിയാഫിക്കോയെയോ സൈൻ ചെയ്യാനുള്ള ശ്രമത്തിൽ തന്നെയാണ് നിലവിൽ യുണൈറ്റഡ് ഉള്ളത്. നിലവിലെ യുണൈറ്റഡിന്റെ പ്രതിരോധനിര ഏറെ വിമർശനങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മൂന്ന് ഗോളുകൾ വഴങ്ങികൊണ്ടാണ് ക്രിസ്റ്റൽ പാലസിനോട് യുണൈറ്റഡ് തോറ്റത്. ആരാധകർക്കിടയിൽ നിന്ന് വലിയ വിമർശനങ്ങളാണ് ഇതുമൂലം ക്ലബ്ബിന്റെ മാനേജ്മെന്റിന് കേൾക്കേണ്ടി വന്നത്.

Rate this post