ഇനി വരും ബ്രസീലിന്റെ സുവർണകാലം, ടിറ്റെക്കു പകരക്കാരനാവാൻ സമ്മതിച്ച് ഇതിഹാസ പരിശീലകൻ |Qatar 2022
ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോടേറ്റ തോൽവിക്കു പിന്നാലെ പരിശീലകസ്ഥാനത്തു നിന്നും ടിറ്റെ ഒഴിവായി പോയിരുന്നു. 2016 മുതൽ ബ്രസീൽ പരിശീലകനായിരുന്ന അദ്ദേഹത്തിന് ലഭിച്ച ഏറ്റവും മികച്ച ടീമായിരുന്നു ഈ ലോകകപ്പിലേതെങ്കിലും അവരെക്കൊണ്ട് മികവു കാണിക്കാൻ കഴിഞ്ഞില്ല. സ്വന്തമാക്കിയെന്നു കരുതിയിടത്തു നിന്നുമാണ് ബ്രസീൽ മത്സരം കൈവിട്ടത്.
ഈ ലോകകപ്പ് കിരീടം നേടിയാലും പരിശീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന പറഞ്ഞ ടിറ്റെക്കു പകരക്കാരെ ബ്രസീൽ തേടി തുടങ്ങിയിരുന്നു. ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങൾ എല്ലാ കാലത്തും പിറവി കൊള്ളുന്ന ബ്രസീൽ ഇത്തവണ പതിവിൽ നിന്നും മാറി യൂറോപ്യൻ പരിശീലകരെയാണ് ടീമിന്റെ മാനേജർ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. എന്തായാലും അവർ ആഗ്രഹിച്ചതു പോലൊരു പരിശീലകൻ തന്നെയെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
ബ്രസീലിയൻ മാധ്യമമായ യുഒഎൽഇ സ്പോർട്ടെയുടെ റിപ്പോർട്ടുകൾ പ്രകാരം നിലവിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി ബ്രസീലിന്റെ ചുമതല ഏറ്റെടുക്കാനുള്ള സാധ്യത കൂടുതലാണ്. ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ മുന്നോട്ടു വെച്ച വാഗ്ദാനം അദ്ദേഹം സ്വീകരിക്കാൻ സമ്മതം മൂളിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ റയൽ മാഡ്രിഡിന്റെ കൂടെ ഈ സീസൺ പൂർത്തിയാക്കിയതിനൊപ്പം 2023ൽ ബ്രസീലിന്റെ ചുമതല ഏറ്റെടുക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.
Brazil want to appoint Carlo Ancelotti as their next manager.
— Footy Accumulators (@FootyAccums) December 12, 2022
He would be open to accept their offer in June 2023.
[UOL] pic.twitter.com/ohAEqkSpZh
ആൻസലോട്ടി എത്തിയാൽ ബ്രസീൽ പഴയ പ്രതാപത്തിലേക്കു തിരിച്ചു പോകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. യൂറോപ്പിലെ അഞ്ചു പ്രധാന ലീഗ് കിരീടങ്ങളും നേടിയ ഒരേയൊരു പരിശീലകനായ അദ്ദേഹം നാലു തവണ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി. റയൽ മാഡ്രിഡിലെ ബ്രസീലിയൻ താരങ്ങളായ വിനീഷ്യസ്, റോഡ്രിഗോ എന്നിവരെ തേച്ചു മിനുക്കിയെടുത്തതും ആൻസലോട്ടിയാണ്. അതിനാൽ തന്നെ അദ്ദേഹം ടീമിലെത്തുന്നത് ബ്രസീൽ ആരാധകർക്ക് വലിയ പ്രതീക്ഷ തന്നെയാണ്.