ബ്രസീലിലെ റിയോ ഡി ജെനെറിയോ പട്ടണം,തിരക്കേറിയ നഗരത്തിൽ ബ്രസീലിലെ പല നഗരങ്ങളിലെയും പോലെ സർവ സാധാരണയായ കാഴ്ച്ച കാണാൻ സാധിക്കും .സിരകളിൽ അലിഞ്ഞുചേർന്ന വികാരം പോലെ കാൽപന്ത് കൊണ്ട് മായാജാലം കാണിക്കുന്ന ആളുകളെയും കുട്ടികളെയും . വില്ല പെനയിൽ (റിയോ യിലെ ചെറിയ ഒരു പ്രദേശം) നിന്നുള്ള ആ കൊച്ച് കുട്ടിയുമായി ഒളരിയോ ഫുട്ബോൾ ക്ലബ്ബിൽ എത്തിയ ആൾക്ക് ഒരു കാര്യം ഉറപ്പായിരുന്നു -തന്റെ മകൻ ഒരു മികച്ച ഫുട്ബോളറാകും . പതുക്കെ പതുക്കെ അവൻ ക്ലബ്ബിലെ സൂപ്പർ താരമായി . എതിരാളികളെ നിക്ഷ്പ്രഭമാക്കി കുതിക്കുന്ന അവനെ പ്രമുഖ ക്ലബ് വാസ്കോ ഡാ ഗാമയുടെ ജൂനിയർ ടീം സ്വന്തമാക്കുന്നത് 1981 ലാണ്.
അവിടെ വർഷങ്ങൾ തുടർന്ന താരം സീനിയർ ടീമിനായി വാരിക്കൂട്ടിയ കിരീടങ്ങളും ഗോളുകളും 1988 ബ്രസീൽ ഒളിമ്പിക് ടീമിൽ എത്തിച്ചു. ദേശിയ ടീമിലും ക്ലബ് തലത്തിലും മിന്നും പ്രകടനങ്ങൾ നടത്തിയവൻ പോർച്ചുഗീസ് നാമമായ “Baixinho”(ചെറിയ മനുഷ്യൻ)എന്ന പേരിൽ അറിയപ്പെട്ടു . ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരമായി ഇതിഹാസങ്ങളുടെ പട്ടികയിൽ ഇടം നേടിയവനെ ആരാധകർ ഓർക്കുന്നു സാക്ഷാൽ “റൊമാരിയോ”
ഡച്ച് ക്ലബ് പി എസ് വിയിൽ ആയിരുന്നു 1988 ഒളിമ്പിക്സ് മത്സരങ്ങൾക്ക് ശേഷം താരം എത്തിയത്. ക്ലബ്ബിനായി 5 സീസണുകൾ കളിച്ച താരം 160 ൽ പരം ഗോളുകൾ നേടിയിട്ടുണ്ട്. പിഎസ്വി ഐന്തോവിന്റെ പരിശീലകൻ ഗുസ് ഹിഡിങ്ക് റൊമാരിയോട് ഒരിക്കൽ ഇങ്ങനെ പറഞ്ഞു”ഇത് വലിയ മത്സരമാണ് ,എനിക്ക് സാധാരണ ഉള്ളതിനേക്കാളും പേടി ഉണ്ട്,റൊമാരിയുടെ മറുപടി ഇങ്ങനെ”പേടിക്കേണ്ട,നമ്മൾ ജയിക്കാൻ പോകും,ഞാൻ ഗോൾ അടിക്കും. അവൻ അങ്ങനെ മറുപടി പറഞ്ഞിട്ടുള്ളതിൽ പത്തിൽ എട്ടും നമ്മൾ ജയിച്ചിട്ടുണ്ട് .പെനാൽറ്റി ബോക്സിലേക്ക് കിരീ മുറിച്ച് കൊടുത്തിരുന്ന താരത്തിന്റെ പാസുകളും തകർപ്പൻ ഷോട്ടുകളും ആ കാലഘട്ടങ്ങളിലെ പ്രതിരോധ താരങ്ങൾക്ക് ഇടയിൽ താരം ഒരു പേടി സ്വപ്നമായി എന്ന് പറയാം
ജോഹാൻ ക്രൈഫിന്റെ ബാഴ്സയുടെ “സ്വപ്ന സങ്കത്തിലേക്ക്” 1993 ലായിരുന്നു റൊമാരിയോ എത്തിയത്. സൂപ്പർ താരങ്ങളാൽ സമ്പന്നമായ നിരയിൽ താരം ഏറ്റവും മികച്ചവനായി വേഗം തന്നെ മാറി,എന്തിരുന്നാലും പാർട്ടികളും ആഘോഷത്തിലും ലഹരി കണ്ടെത്തിയ താരം അതിനായി സമയം കണ്ടെത്തി. ആ കാലത്തെ ഒരു സംഭവം ഫുട്ബോൾ ലോകത്ത് ഒരുപാട് കാലം ചർച്ച ആയിരുന്നു-റിയോ കാർണിവൽ കാണാൻ തനിക്ക് പോകണം എന്ന് ജോഹാനോട് പറഞ്ഞ റൊമാരിയോ 3 ദിവസം അവധി ആവശ്യപ്പെട്ടു. എന്നാൽ അടുത്ത മാച്ചിൽ 2 ഗോളുകൾ നേടിയാൽ ഇതിന് അനുവദിക്കാം എന്ന് പറഞ്ഞു. തൊട്ടടുത്ത മാച്ചിൽ 2 ഗോളുകൾ ആദ്യ 20 മിനിറ്റുനിള്ളിൽ തന്നെ നേടിയ താരം കോച്ചിനോട് തനിക്കുള്ള ഫ്ലൈറ്റ് ഉടനെ ഉണ്ടെന്നും തന്നെ പിൻവലിക്കണം എന്നും പറഞ്ഞു. കോച്ച് സന്തോഷപൂർവം തന്റെ വാക്ക് പാലിച്ചു. ഈ സംഭവം കാണിക്കുന്നത് താരത്തിന്റെ ആത്മവിശ്വാസും,ചങ്കൂറ്റവും തന്നെ. ബാഴ്സക്കായി 2 സീസണുകളിൽ നിന്ന് 42 ഗോളുകൾ നേടിയ താരത്തെ കളിക്കളത്തിന് പുറത്തുള്ള വിവാദങ്ങളാണ് ടീമിൽ നിന്ന് പുറത്ത് പോകാൻ പ്രേരിപ്പിച്ചത്
1994 ലോകകപ്പ് യോഗ്യത മത്സരം,അതുവരെ ബ്രസീൽ ടീമിൽ സ്ഥിരസ്ഥാനം കിട്ടാതെ ബുദ്ധിമുട്ടുക ആയിരുന്നു റൊമാരിയോ. യോഗ്യത ഉറപ്പാക്കണം എങ്കിൽ ബ്രസീലിന് വിജയം അനിവാര്യം ആയിരുന്ന മത്സരം ,നേരിടുന്നത് യോഗ്യത സമനിലയുടെ ദൂരത്ത് മാത്രം നിൽക്കുന്ന ഉറുഗ്വേയെ . ആവനാഴിയിലെ അസ്ത്രങ്ങൾ മുഴുവൻ ഉപയോഗിച്ചാൽ മാത്രമേ മികച്ച ഫുട്ബോൾ കളിക്കുന്ന ഉറുഗ്വേയെ തോൽപ്പിക്കാൻ പറ്റു എന്ന് ബ്രസീൽ പരിശീലകന് മനസിലായി.അതിനായി അയാൾ തന്റെ വജ്രത്തെ വിളിച്ചു-റൊമാരിയോ. ദേശിയ ടീമിനായി തന്റെ 100 % നൽകും എന്ന് ഉറപ്പിച്ച് താരം ബ്രസീൽ ടീമിനൊപ്പം ചേർന്നു .
മരക്കാന സ്റ്റേഡിയത്തിലെ ദുരന്തം ഓർമയിൽ ഉള്ള ബ്രസീലിയൻ ആരാധകർ പ്രാർത്ഥനയിലും സമനില ഉറപ്പിച്ച ഉറുഗ്വേ ആരാധകർ ആവേശത്തിലും ആയിരുന്നു. മത്സരം 72 ആം മിനിറ്റിൽ എത്തിയപ്പോൾ കോച്ചിന്റെ വജ്രം റൊമാരിയോ ആദ്യ ഗോൾ നേടി,ബ്രസീലിയൻ ആരാധകർ ആഗ്രഹിച്ച ഗോൾ. പത്ത് മിനിട്ടുകൾക്ക് ശേഷം ഉറുഗ്വേയുടെ ശവത്തിലെ അവസാന ആണിയടിച്ച് ഒരു ഗോൾ കൂടി നേടി റൊമാരിയോ. “ദൈവം റൊമാരിയോയുടെ രൂപത്തിൽ മാരകനായിൽ ഉദയം ചെയ്തു” ബ്രസീൽ പരിശീലകന്റെ വാക്കുകളിൽ ഉണ്ടായിരുന്നു താരത്തിന്റെ പ്രകടനത്തിനുള്ള അംഗീകാരം. യോഗ്യത റൗണ്ടിലെ പ്രകടനം ലോകകപ്പിലും ആവർത്തിച്ച താരം 5 ഗോളുകളും 3 അസിസ്റ്റുകളും കൂടി നേടി ബ്രസീലിനെ ലോകജേതാക്കളാക്കി.ഫിഫ ബേസ്ഡ് പ്ലയെർ ആൻസ്,ഗോൾഡൻ ബോൾ അവാർഡ് ഒകെ നേടാൻ സാധിച്ചിട്ടുണ്ട്
കരിയറിൽ 770 ഗോളുകളിൽ അധികം നേടിയ താരത്തിന്റെ വ്യക്തിജീവിതത്തിൽ ഇത്തിരി കൂടി അച്ചടക്കം കാണിക്കുകയാണെങ്കിൽ ബ്രസീൽ കണ്ട ഏറ്റവും മികച്ചവനായി താരം കരിയർ അവസാനിപ്പിക്കുമായിരുന്നു