റയൽ മാഡ്രിഡ് ഇതിഹാസം മാഴ്‌സലോ പുതിയ ക്ലബ്ബിലേക്ക് ചേക്കേറി

റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ മാഴ്‌സലോ കഴിഞ്ഞ സീസൺ അവസാനിച്ചതിനു പിന്നാലെയാണ് കരാർ അവസാനിച്ച് ക്ലബ് വിടുന്നത്. റയൽ മാഡ്രിഡിനു വേണ്ടി ഏറ്റവുമധികം കിരീടങ്ങൾ നേടിയ താരമെന്ന നേട്ടം പേരിലുള്ള മാഴ്‌സലോക്ക് പക്ഷെ സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്ന സമയം വരെയും പുതിയ ക്ലബ്ബിലേക്ക് ചേക്കേറാൻ കഴിഞ്ഞിരുന്നില്ല. ഫ്രീ ഏജന്റായതു കൊണ്ടു തന്നെ ട്രാൻസ്‌ഫർ ജാലകം അവസാനിച്ചതിനു ശേഷവും ക്ലബുകൾക്കു വേണ്ടി സൈൻ ചെയ്യാൻ കഴിയുമായിരുന്ന മാഴ്‌സലോ കഴിഞ്ഞ ദിവസം പുതിയ ക്ലബ്ബിനെ കണ്ടെത്തുകയുണ്ടായി.

ബാല്യകാല ക്ലബായ ഫ്ലുമിനെൻസിനും അതിനു ശേഷം റയൽ മാഡ്രിഡിനും വേണ്ടി മാത്രം കളിച്ചിട്ടുള്ള മാഴ്‌സലോ ഗ്രീക്ക് ക്ലബായ ഒളിമ്പിയാക്കോസിലേക്കുള്ള ട്രാൻസ്‌ഫറാണ് പൂർത്തിയാക്കിയത്. താരത്തെ സ്വന്തമാക്കിയ വിവരം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു. മുപ്പത്തിനാല് വയസുള്ള താരം കായികപരമായി കുറച്ചു പുറകോട്ടു പോയെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നിനു വേണ്ടി ഏറ്റവുമധികം കിരീടങ്ങൾ നേടിയ താരമായ മാഴ്‌സലോയുടെ പരിചയസമ്പത്ത് ഗ്രീക്ക് ടീമിന് ഉപയോഗപ്പെടുത്താൻ കഴിയും.

റയൽ മാഡ്രിഡിനൊപ്പം അഞ്ചു ചാമ്പ്യൻസ് ലീഗും ആറു ലാ ലിഗയും രണ്ടു കോപ്പ ഡെൽ റേയുമടക്കം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ മാഴ്‌സലോ ഏതു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന കാര്യമാണ്. ഒളിമ്പിയാക്കോസിലേക്ക് ചേക്കേറിയതോടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ മാഴ്‌സലോ ഉണ്ടാകില്ലെന്ന് വ്യക്തമായി. മക്കാബി ഹൈഫയെന്ന ഇസ്രായേലി ടീമിനോടു തോറ്റ് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്‌ടമായ ഒളിമ്പിയാക്കോസ്‌ ഈ സീസണിൽ യൂറോപ്പ ലീഗിലാണ് കളിക്കുന്നത്.

ഒരു വർഷത്തെ കരാറിലാണ് മാഴ്‌സലോ ഒളിമ്പിയാക്കോസിലേക്ക് ചേക്കേറുന്നത്. കരിയറിന്റെ അവസാന കാലഘട്ടത്തിൽ നിൽക്കുന്ന മാഴ്‌സലോയെ സംബന്ധിച്ച് ബ്രസീൽ ടീമിനൊപ്പം ലോകകപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതിനുള്ള ചുവടുവെപ്പു കൂടിയാണ് ഈ ട്രാൻസ്‌ഫർ. ലോകകപ്പിലേക്ക് ഏതാനും മാസങ്ങൾ മാത്രം അവശേഷിക്കെ ഗ്രീക്ക് ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയാൽ മാഴ്‌സലോക്ക് ബ്രസീൽ ടീമിനായി കളിക്കാനുള്ള അവസരം വരാനുള്ള സാധ്യതയുണ്ട്. മാഴ്‌സലോയുടെ ഐതിഹാസിക നേട്ടങ്ങൾ പരിഗണിക്കുമ്പോൾ താരം അത് അർഹിക്കുന്നതുമാണ്.

Rate this post