മൊറോക്കോക്ക് മുന്നിൽ അടിപതറി ബ്രസീൽ , കഷ്ടകാലം തുടരുന്നു |Brazil

ഖത്തർ ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിന് തോൽവി.ഇബ്‌ൻ ബത്തൂട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വേൾഡ് സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയാണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആഫ്രിക്കൻ ടീമിന്റെ ജയം.

ഇതോടെ തോൽപ്പിക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ . മത്സരത്തിൽ സോഫിയാൻ ബൗഫലിന്റെയും അബ്ദുൽഹാമിദ് സാബിരിയുടെയും ഗോളുകൾ മൊറോക്കോക്ക് വിജയം നേടികൊടുത്തപ്പോൾ കാസെമിറോ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടി.അഞ്ച് തവണ ലോകകപ്പ് ചാമ്പ്യന്മാർക്കെതിരെ മൊറോക്കയുടെ ആദ്യ ജയമാണിത്.നിരവധി യുവ താരങ്ങളുമായാണ് ബ്രസീൽ മൊറോക്കയെ നേരിട്ടത്.

റോണി,ആൻഡ്രേ സാന്റോസ്,ഇബാനസ് എന്നിവരൊക്കെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വിനീഷ്യസ് ജൂനിയർ ബ്രസീലിനായി ഗോൾ നേടിയെങ്കിലും വാർ ഇടപെട്ട് ഓഫ്‌സൈഡ് വിളിച്ചത് ബ്രസീലിന് തിരിച്ചടിയായി.മത്സരത്തിന്റെ 29ആം മിനിട്ടിലാണ് ബൗഫലിന്റെ ഗോൾ പിറന്നത്. താരത്തിന്റെ നിലംപറ്റെയുള്ള ഷോട്ട് ബ്രസീൽ ഗോൾകീപ്പർ വെവെർട്ടണ് ഒന്നും ചെയ്യാൻ സാധിക്കാതെ പോവുകയായിരുന്നു.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രസീലിനു സമനില നേടാനുള്ള അവസരം ലഭിച്ചു.

എന്നാൽ റോഡ്രിഗോയുടെ ഉഗ്രൻ വോളി ബോണോ ഒരു മികച്ച സേവ് നടത്തി. പക്ഷേ പിന്നീട് രണ്ടാം പകുതിയിൽ ബ്രസീലിന്റെ നായകനായ കാസമിറോ ബ്രസീലിന് സമനില നേടിക്കൊടുത്തു. കാസമിറോയുടെ ഷോട്ട് കൈപ്പിടിയിൽ ഒതുക്കുന്നതിൽ മൊറോക്കോ ഗോൾകീപ്പർ യാസീൻ ബോനോക്ക് പിഴക്കുകയായിരുന്നു. ഇതോടെ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചു.എന്നാൽ 79ആം മിനുട്ടിൽ അബ്ദൽഹമിദ് സാബിരി മൊറോക്കോക്ക് വേണ്ടി ഗോൾവലകുലുക്കിയതോടെ ബ്രസീലിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു.