ഇനി ലക്‌ഷ്യം എഫ്എ കപ്പ്, മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നറിയിപ്പുമായി ബ്രൂണോ ഫെർണാണ്ടസ്

ചെൽസിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ വിജയം നേടിയതോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത മാഞ്ചസ്റ്റർ യുണൈറ്റഡ് ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ഇതോടെ മൂന്നാം സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറിയതോടെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കുള്ള സാധ്യത ഇല്ലാതാവുകയും ചെയ്‌തു.

എറിക് ടെൻ ഹാഗ് പരിശീലകനായി എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ കറബാവോ കപ്പ് നേടിയിരുന്നു. ഇപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യതയും സ്വന്തമാക്കി മൂന്നാം സ്ഥാനത്തു നിൽക്കുന്ന ക്ലബിന് ഇനിയുള്ള ലക്‌ഷ്യം ജൂൺ ആദ്യം നടക്കാനിരിക്കുന്ന എഫ്എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് കിരീടം നേടുകയാണെന്നാണ് ബ്രൂണോ ഫെർണാണ്ടസ് പറയുന്നത്.

“ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയത് മികച്ചൊരു നേട്ടമാണ്, എന്നാൽ അത് ഏറ്റവും മികച്ച നേട്ടമല്ല, കാരണം ഞങ്ങൾക്ക് ഇനിയും സ്വന്തമാക്കാനുള്ള ആഗ്രഹമുണ്ട്. ഈ സീസൺ മികച്ചതായിരുന്നു. പ്രീമിയർ ലീഗ് നേടാൻ കഴിയില്ലെന്നറിഞ്ഞപ്പോൾ ഒരു കിരീടം നേടുകയെന്ന ലക്‌ഷ്യം പൂർത്തിയായി. ഇനി ലീഗ് ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്കി എഫ്എ കപ്പ് നേടാനാണ് ആഗ്രഹിക്കുന്നത്.”

“എഫ്എ കപ്പിലൂടെ ഒരു കിരീടം കൂടിയാണ് ഞങ്ങൾ ലക്‌ഷ്യം വെക്കുന്നത്. അത് നേടാൻ മറ്റൊരാളുടെ കയ്യിൽ നിന്നും ആ കിരീടം നേടിയെടുക്കേണ്ടതുണ്ട്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിലൂടെ മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിൾ ഇല്ലാതാക്കാമെന്ന് ഞങ്ങൾക്കറിയാം. പക്ഷെ ഒരു കിരീടം കൂടിയാണ് ഞങ്ങൾ ലക്‌ഷ്യം വെക്കുന്നത്.” മാധ്യമങ്ങളോട് ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും എഫ്എ കപ്പ് ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ അത് വലിയ ആവേശം നിറഞ്ഞ പോരാട്ടമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ നിലവിലെ ഫോമിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയാണ് മുൻ‌തൂക്കം. പ്രീമിയർ ലീഗ് കിരീടം നേടിയ അവർ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗും ട്രെബിൾ കിരീടങ്ങളും നേടാനുള്ള തയ്യാറെടുപ്പിലാണ് നിൽക്കുന്നത്.

2/5 - (1 vote)