കഴിഞ്ഞ ദിവസമാണ് ബാഴ്‌സലോണ താരം സെർജിയോ ബുസ്‌ക്വറ്റ്സ് ക്ലബ് വിടുമെന്ന കാര്യം സ്ഥിരീകരിച്ചത്. 2008ൽ ഗ്വാർഡിയോളയുടെ ടീമിൽ തുടങ്ങി പതിനഞ്ചു വർഷമായി തന്റെ സ്ഥാനത്ത് മറ്റാരെയും ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിലാണ് ബുസ്‌ക്വറ്റ്സ് കളിച്ചു കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ താരം ക്ലബ് വിടുമ്പോൾ അതിനു പകരക്കാരനായി മികച്ചൊരു താരത്തെ ലഭിക്കുമോയെന്ന ആശങ്ക ആരാധകർക്കുണ്ട്.
എന്നാൽ ബുസ്‌ക്വറ്റ്സ് ക്ലബ് വിട്ടത് ബാഴ്‌സലോണയെ സംബന്ധിച്ച് മറ്റൊരു തരത്തിൽ ഗുണം ചെയ്‌തുവെന്നാണ് മനസിലാക്കാൻ കഴിയുന്നത്. പ്രധാനമായും ലയണൽ മെസിയെ തിരിച്ചു കൊണ്ടു വരാനുള്ള ബാഴ്‌സലോണയുടെ ശ്രമങ്ങൾക്ക് അത് കൂടുതൽ കരുത്തു പകരുന്ന കാര്യമാണ്. മെസിയെ തിരിച്ചു കൊണ്ടുവരാൻ ഇതുവരെ അനുമതി നൽകിയിട്ടില്ലാത്ത ലാ ലീഗ പ്രസിഡന്റ് ഹാവിയർ ടെബാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“ബുസ്‌ക്വറ്റ്സ് ക്ലബ് വിട്ടത് ലയണൽ മെസിയുടെ തിരിച്ചുവരവിന്റെ പാതയുടെ തുടക്കമാണ്. എന്നാൽ അതിനിനിയും അവർ ഒരുപാട് കാര്യങ്ങൾ ചെയ്‌തു തീർക്കണം. മെസിയെ തിരിച്ചു കൊണ്ടുവരാൻ അവർക്ക് പച്ചക്കൊടി കാണിക്കേണ്ടത് ഞാനല്ല, സാമ്പത്തികപരമായ നിയന്ത്രണങ്ങൾ നടത്തി അവർ അത് നേടിയെടുക്കണം.” ഒരു സ്‌പാനിഷ് മാധ്യമത്തോട് സംസാരിക്കേ ടെബാസ് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് മെസിയെ തിരിച്ചു കൊണ്ടുവരാൻ ഏതാനും താരങ്ങളെ വിൽക്കണമെന്നും വേതനബിൽ കുറയ്ക്കണമെന്നും ലാ ലിഗ ആവശ്യപ്പെട്ടിരുന്നു. ബുസ്‌ക്വറ്റ്സ് പുറത്തു പോയതിനു പുറമെ ഇനിയും ഏതാനും താരങ്ങളെ കൂടി ഒഴിവാക്കി മെസിയുടെ തിരിച്ചു വരവിനുള്ള വഴി ഉണ്ടാക്കിയെടുക്കാമെന്ന പ്രതീക്ഷയിലാണ് കാറ്റലൻ ക്ലബ്.
La Liga president Tebas: “Busquets to leave Barça is the beginning of the road for Messi to return”, tells Cope. 🚨🔵🔴 #FCB
— Fabrizio Romano (@FabrizioRomano) May 11, 2023
“But to reach the end, they still have to walk many meters. I’m not the one to give them the green light, it will be the economic control”. pic.twitter.com/DU6z9Kqs2a
ലയണൽ മെസിയെ തിരിച്ചെത്തിക്കാനുള്ള ഒരു പദ്ധതി ബാഴ്‌സലോണ ലാ ലിഗ നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചിരുന്നു. ഇതിനു ലീഗ് നേതൃത്വം അനുമതി നൽകുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്. നിലവിൽ ടെബാസ് നടത്തിയ പ്രതികരണം ബാഴ്‌സലോണയെയും ആരാധകരെയും സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന കാര്യവുമാണ്.