ആവേശകരമായ പോരാട്ടത്തിൽ സെർബിയയെ സമനിലയിൽ തളച്ച് കാമറൂൺ. ആവേശം വാനോളം കണ്ട മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോളുകൾ വീതമാണ് നേടിയത്.ആദ്യം ഗോളടിച്ചത് കാമറൂണാണ്. പിന്നീട്സെർബിയ മൂന്ന് ഗോളടിച്ച് വിജയമുറപ്പിച്ചു. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാവാത്ത കാമറൂൺ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടി സമനില പിടിച്ചു.
അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനിറ്റിൽ ഏകാംബിയും അംഗുയിസയും അവസരം ഉണ്ടാക്കിയെങ്കിലും പന്ത് നിയന്ത്രിക്കുന്നതിൽ കാമറൂൺ മിഡ്ഫീൽഡർ പരാജയപ്പെട്ടു.തുടർന്ന് സെർബിയൻ സ്‌ട്രൈക്കർ മിട്രോവിച്ചിന്റെ ശക്തമായ ഷോട്ട് മത്സരത്തിന്റെ പത്താം മിനിറ്റിൽ പോസ്റ്റിൽ തട്ടി സെർബിയ നിരാശയിലായി. പിന്നീട്, കാമറൂണിനായി ഏകാമ്പിയും എംബ്യൂമോയും കുതിപ്പ് തുടർന്നു. കാമറൂൺ ലെഫ്റ്റ് ബാക്ക് നൗഹൗ ടോളോയുടെ ആദ്യ പകുതിയിലെ പ്രകടനവും എടുത്തു പറയേണ്ടതാണ്.
ഒടുവിൽ കളിയുടെ 29-ാം മിനിറ്റിൽ കാമറൂൺ മത്സരത്തിന്റെ ആദ്യ ലീഡ് നേടി.നിരവധി കാമറൂൺ കളിക്കാർ കോർണർ കിക്കിൽ നിന്ന് പന്ത് ഹെഡ് ചെയ്യാൻ ശ്രമിച്ചു, പക്ഷേ അവർക്ക് പന്ത് നഷ്ടമാകുകയും പന്ത് സ്വതന്ത്രനായി നിൽക്കുന്ന കാസ്റ്റലെറ്റോയുടെ കാലിൽ എത്തുകയും ചെയ്തു. കിട്ടിയ അവസരം മുതലെടുത്ത കാസ്റ്റലെറ്റോ ക്ലോസ് റേഞ്ച് ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. കാസ്റ്റലെറ്റോയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഇത്. മാത്രമല്ല, 2014 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് കാമറൂൺ ലോകകപ്പ് മത്സരത്തിൽ ഗോൾ നേടുന്നത്.
എന്നാൽ മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സെർബിയ ഒരു ഗോൾ നേടി മത്സരം സമനിലയിലായി. ടാഡിക്കിന്റെ അസിസ്റ്റിലാണ് സ്ട്രാഹിഞ്ച പാവ്‌ലോവിച്ച് സെർബിയക്ക് സമനില ഗോൾ കണ്ടെത്തിയത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ സെർജിയൻ മിലിങ്കോവിച്ച്-സാവിച് സഖ്യം സെർബിയക്ക് വേണ്ടി രണ്ടാം ഗോൾ നേടി സ്‌കോർ 2-1 ആയി.അമ്പത്തിമൂന്നാം മിനിറ്റിൽ ഒന്നാന്തരം കൈമാറ്റത്തിനുശേഷം മിത്രോവിച്ച് മൂന്നാം ഗോൾ വലയിലാക്കി. പിന്നീട് കാമറൂണിന്റെ കാലമായിരുന്നു. അറുപത്തിമൂന്നാം മിനിറ്റിൽ വിൻസെന്റ് അബൂബർ രണ്ടാം ഗോൾ അടിച്ചു. മൂന്ന് മിനിറ്റിനുള്ളിൽ മോട്ടിങ് അവരെ ഒപ്പമെത്തിച്ചു.