ബാഴ്സ ആരാധകർക്ക് ആശ്വാസവാർത്ത, ക്യാമ്പ് നൗവിലെ ഗാലറികൾ ഉടൻ സജീവമാകും.

എഫ്സി ബാഴ്സലോണയെ സംബന്ധിച്ചെടുത്തോളം അവരുടെ ഏറ്റവും വലിയ ഊർജ്ജം കാണികളാണ്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ ക്യാമ്പ് നൗവിൽ ആർത്തിരമ്പുന്ന കാണികൾ ബാഴ്സ താരങ്ങൾക്ക് വലിയ തോതിലുള്ള ശക്തിയാണ് പകരുന്നത്. പലപ്പോഴും ഹോം മത്സരങ്ങളിൽ ആവർത്തിക്കുന്ന മികവ് എവേ മത്സരങ്ങളിൽ ആവർത്തിക്കാൻ കഴിയുന്നില്ല എന്നതിന്റെ കാരണവും ഈ ആരാധകകൂട്ടത്തിന്റെ അഭാവമാണ്.

ഇപ്പോഴിതാ ആരാധകർക്ക് ആശ്വാസവും സന്തോഷവും പകരുന്ന ഒരു വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ക്യാമ്പ് നൗവിൽ ആരാധകരെ പ്രവേശിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുകയാണ്. മാർക്കയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ഫെറെൻക് വറോസിനെതിരെയുള്ള മത്സരത്തിൽ ക്യാമ്പ് നൗവിൽ മുപ്പതിനായിരം കാണികളെ പ്രവേശിപ്പിക്കാനാണ് ഇപ്പോൾ അധികൃതർ ആലോചിക്കുന്നത്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലെ ആദ്യമത്സരമാണ് ഇത്. സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിയുടെ മുപ്പത് ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ യുവേഫ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് ബാഴ്സയും ക്യാമ്പ് നൗവിൽ ആരാധകരെ പ്രവേശിപ്പിക്കാൻ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ബാഴ്‌സയുടെ വൈസ് പ്രസിഡന്റ്‌ ആയ ജോർഡി മൊയിക്സ് ആണ് ഇക്കാര്യത്തെ കുറിച്ച് അറിയിച്ചത്.

മാർച്ച്‌ ഏഴ് മുതൽ ക്യാമ്പ് നൗവിൽ ആരാധകരെ പ്രവേശിപ്പിച്ചിട്ടില്ല. ഫ്രഞ്ച് ലീഗിൽ അയ്യായിരത്തോളം കാണികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകപ്പെട്ടിരുന്നു. കോവിഡ് പ്രതിസന്ധി മൂലം ലോകത്തെവിടെയും പൂർണമായി കാണികളെ പ്രവേശിപ്പിക്കാൻ ആരംഭിച്ചിട്ടില്ല. എന്നിരുന്നാലും പതിയെ ആരാധകരെ പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

Rate this post