ലോകകപ്പിനു ശേഷം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ജോവോ കാൻസലോയെ മാഞ്ചസ്റ്റർ സിറ്റി ഒഴിവാക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. കഴിഞ്ഞ ഏതാനും സീസണുകളിൽ സിറ്റി സ്വന്തമാക്കിയ നേട്ടങ്ങളിൽ നിർണായക പങ്കു വഹിച്ച താരവും പെപ് ഗ്വാർഡിയോളയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ സാധൂകരിക്കുന്നതാണ് താരത്തിന്റെ ജനുവരി ജാലകത്തിലെ പെട്ടന്നുള്ള ട്രാൻസ്ഫർ.
ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിലേക്കാണ് ജോവോ കാൻസലോ ചേക്കേറിയത്. ഈ സീസൺ അവസാനിക്കുന്നതു വരെയുള്ള ലോൺ കരാറിലാണ് നിലവിൽ കാൻസലോ ബയേൺ മ്യൂണിക്കിൽ എത്തിയിരിക്കുന്നത്. അതിനു ശേഷം താരത്തെ എഴുപതു മില്യൺ നൽകി സ്ഥിരം കരാറിൽ സ്വന്തമാക്കാൻ ബയേണിനു കഴിയുമെങ്കിലും അത് വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം അവർക്കാണ്.
ലോൺ കരാറിലാണ് കാൻസലോ മാഞ്ചസ്റ്റർ സിറ്റി വിട്ടതെങ്കിലും താരം ക്ലബ്ബിലേക്ക് തിരിച്ചുവരാനുള്ള യാതൊരു സാധ്യതയും ഇപ്പോഴില്ല. ബയേൺ ട്രാൻസ്ഫർ പൂർത്തിയാക്കിയതിനു പിന്നാലെ താരം ചെയ്ത പ്രവൃത്തി അത് വെളിപ്പെടുത്തുന്നു. ട്രാൻസ്ഫർ തീരുമാനിച്ച ഉടനെ തന്നെ മാഞ്ചസ്റ്റർ സിറ്റി ലാഡ്സ് എന്ന ഫാൻ പേജ് ട്വിറ്ററിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ് കാൻസലോ.
ആദ്യം താരം ട്വിറ്റർ അക്കൗണ്ട് ഉപേക്ഷിച്ചിവെന്നാണ് പേജുമായി ബന്ധപ്പെട്ടവർ കരുതിയതെങ്കിലും പിന്നീടാണ് തങ്ങളെ ബ്ലോക്ക് ചെയ്തുവെന്ന് അവർക്ക് മനസിലായത്. ഇക്കാര്യം വെളിപ്പെടുത്തി അവർ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കാൻസലോയുടെ ബന്ധം അവസാനിച്ചു കഴിഞ്ഞുവെന്നു തന്നെയാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്.
Cancelo has blocked loads of Manchester City fan news accounts on Insta. What’s going on ?? pic.twitter.com/BtyTXiL4Ji
— fingaldinz (@fingaldinz) January 30, 2023
2019ൽ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ കാൻസലോ രണ്ടു പ്രീമിയർ ലീഗടക്കം മൂന്നു കിരീടങ്ങൾ നേടി. മാഞ്ചസ്റ്റർ സിറ്റി ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചപ്പോഴും താരം ടീമിലുണ്ടായിരുന്നു. പവാർദ് സമ്മറിൽ ക്ലബ് വിടാനുള്ള സാധ്യതയുള്ളതും മസ്റൂയിക്ക് പരിക്കേറ്റതിനാലും ബുദ്ധിമുട്ടുന്ന ബയേണിനു ആവശ്യമുള്ള സൈനിങ് തന്നെയാണ് കാൻസലോ.