കാൻസലോ ക്ലബ് വിട്ടത് ഗുണമായി, മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ പ്രതിഫലം നാനൂറു ശതമാനത്തിലധികം വർധിക്കും

തീർത്തും അപ്രതീക്ഷിതമായാണ് മാഞ്ചസ്റ്റർ സിറ്റി താരമായ ജോവോ കാൻസലോ ക്ലബ് വിട്ടത്. കഴിഞ്ഞ കുറച്ച് സീസണുകളായി മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ കിരീടനേട്ടങ്ങളിൽ പ്രധാന പങ്കു വഹിച്ച താരം ലോകകപ്പിന് ശേഷം നിറം മങ്ങിയപ്പോൾ പെപ് ഗ്വാർഡിയോള അവസരങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. താരം ക്ലബ് വിടാൻ ഇതൊരു പ്രധാന കാരണമായി.

നിലവിൽ ലോൺ കരാറിലാണ് കാൻസലോ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയിരിക്കുന്നത്. ബയേണിനായി കളിച്ച ആദ്യത്തെ മത്സരത്തിൽ തന്നെ ഒരു ഗോളിന് താരം വഴിയൊരുക്കിയിരുന്നു. ഈ സീസൺ അവസാനിച്ചാലും താരമിനി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരിച്ചെത്താൻ സാധ്യതയില്ല. ലോണിലാണ് ബയേണിൽ എത്തിയതെങ്കിലും മാഞ്ചസ്റ്റർ സിറ്റിയോട് എന്നന്നേക്കുമായി കാൻസലോ വിട പറഞ്ഞെന്നു തന്നെ വേണം കരുതാൻ.

എന്തായാലും കാൻസലോ ക്ലബ് വിട്ടത് മാഞ്ചസ്റ്റർ സിറ്റിയിൽ ഉദിച്ചുയർന്നു കൊണ്ടിരിക്കുന്ന മറ്റൊരു താരത്തിന് വലിയ ഗുണം ചെയ്തെന്നു തന്നെ വേണം കരുതാൻ. കാൻസലോക്ക് ഫോം നഷ്‌ടമായപ്പോൾ ലഭിച്ച അവസരം കൃത്യമായി മുതലെടുത്ത് മികച്ച പ്രകടനം നടത്തുന്ന റിക്കോ ലെവിസാണ് ആ താരം. കഴിഞ്ഞ ആറു പ്രീമിയർ ലീഗ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും താരം മാഞ്ചസ്റ്റർ സിറ്റിക്കായി തകർപ്പൻ കളി കാഴ്‌ച വെച്ചിരുന്നു.

കാൻസലോ ടീം വിട്ടതും ലെവിസിന്റെ മികച്ച പ്രകടനവും കണക്കിലെടുത്ത് താരത്തിന് പുതിയ കരാർ നൽകാൻ മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുകയാണ്. നിലവിൽ ആഴ്‌ചയിൽ 5000 പൗണ്ട് മാത്രം പ്രതിഫലമായി ലഭിക്കുന്ന താരത്തിന് പുതിയ കരാറിൽ 25000 പൗണ്ട് വേതനം നൽകാനാണ് സിറ്റി ഒരുങ്ങുന്നത്. സിറ്റിയിലെ മറ്റു താരങ്ങളെ അപേക്ഷിച്ച് ഈ പ്രതിഫലം കുറവാണെങ്കിലും കൂടുതൽ മികവ് കാണിച്ചാൽ ഇത് വീണ്ടും ഉയരുമെന്നതിൽ സംശയമില്ല.

മാഞ്ചസ്റ്റർ സിറ്റിക്കായി ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ താരമാണ് റിക്കോ ലെവിസ്. കഴിഞ്ഞ നവംബറിൽ സെവിയ്യക്കെതിരെയാണ് താരം ഗോൾ നേടിയത്. അതേസമയം പരിചയസമ്പന്നനായ കാൻസലോയെ വിട്ടു കളഞ്ഞത് പെപ് ഗ്വാർഡിയോളക്ക് തിരിച്ചടി നൽകുമോയെന്ന കണ്ടറിയേണ്ട കാര്യമാണ്.

Rate this post