ഇനിയും വൈകിപ്പിക്കാൻ കഴിയില്ല, ഭാവിയെക്കുറിച്ച് തീരുമാനമെടുത്ത് നെയ്‌മർ

ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ നെയ്‌മർ ആ തീരുമാനത്തിൽ പലതവണ നിരാശപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ലയണൽ മെസിയുടെ പിന്ഗാമിയെന്ന നിലയിലെത്തി നിൽക്കുമ്പോഴാണ് ലോകറെക്കോർഡ് ട്രാൻസ്‌ഫറിൽ നെയ്‌മർ പിഎസ്‌ജി താരമാകുന്നത്. ഒരു ക്ലബിന്റെ ഏറ്റവും പ്രധാന താരമായി നേട്ടങ്ങൾ സ്വന്തമാക്കുക എന്നതായിരുന്നു അതിനു പിന്നിലെ ലക്‌ഷ്യം.

എന്നാൽ പിഎസ്‌ജിയിൽ പ്രതീക്ഷിച്ച തലത്തിലുള്ള ഒരു പ്രകടനമല്ല നെയ്‌മറിൽ നിന്നുമുണ്ടായത്. പരിക്കുകൾ നിരന്തരം താരത്തിന് തിരിച്ചടി നൽകിയതും കളിക്കളത്തിലും പുറത്തുമുള്ള മോശം പെരുമാറ്റവുമെല്ലാം നെയ്‌മർക്ക് തിരിച്ചടിയായി. എംബാപ്പെ ഉയർന്നു വന്നതോടെ നെയ്‌മറെ ഒഴിവാക്കാൻ പിഎസ്‌ജി ശ്രമം നടത്തിയെങ്കിലും താരം ക്ലബ് വിടില്ലെന്ന നിലപാടിലായിരുന്നു.

എന്നാലിപ്പോൾ ക്ലബ് വിടാമെന്ന തീരുമാനം ബ്രസീലിയൻ താരം എടുത്തുവെന്നാണ് ലെ പാരീസിയൻ റിപ്പോർട്ടു ചെയ്യുന്നത്. ലയണൽ മെസി സൗദി അറേബ്യ സന്ദർശിച്ചതിനു പിന്നാലെ പിഎസ്‌ജി ആരാധകർ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതിൽ ഒരു വിഭാഗം നെയ്‌മറുടെ വീടിനു മുന്നിലും പ്രതിഷേധം നടത്തിയതോടെയാണ് താരം ക്ലബ് വിടുന്ന കാര്യം ഉറപ്പിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം ആരാധകർ തന്റെ വീടിനു മുന്നിൽ പ്രതിഷേധം നടത്തിയത് നെയ്‌മർക്ക് ഞെട്ടലുണ്ടാക്കിയെന്നാണ് താരം അടുത്ത ആളുകളോട് പറഞ്ഞത്. പിഎസ്‌ജിയിൽ ഇനിയും തുടരാൻ കഴിയില്ലെന്നു തീരുമാനിച്ച താരം മറ്റു ക്ലബുകളുടെ ഓഫറുകൾ പരിഗണിക്കാൻ തയ്യാറാണ്. വമ്പൻ പ്രതിഫലം വാങ്ങുന്ന താരത്തെ വിൽക്കാൻ പിഎസ്‌ജിക്കും സമ്മതമാണ്.

മുപ്പത്തിയൊന്നു വയസുള്ള നെയ്‌മർ ഈ സീസണിൽ മികച്ച പ്രകടനം നടത്തിയെങ്കിലും പരിക്കിന്റെ പ്രശ്‌നങ്ങൾ താരത്തിന് തിരിച്ചടിയായി. എന്നാൽ ഇനിയും മികച്ച പ്രകടനം ഏതാനും സീസണിൽ താരത്തിന് നടത്താൻ കഴിയുമെന്നുറപ്പാണ്. ക്ലബ് തലത്തിൽ നെയ്‌മറുടെ ഒരു തിരിച്ചുവരവ് കൂടിയാകും പിഎസ്‌ജി വിടുന്നതോടെ ചിലപ്പോൾ കാണാൻ കഴിയുക.

3.3/5 - (7 votes)