“ബെഞ്ചിലായതിൽ അതൃപ്‍തിയുണ്ടായിരുന്നെങ്കിലും റൊണാൾഡോ ടീമിനൊപ്പം നിന്നു”- ലോകകപ്പിലെ സംഭവങ്ങളെക്കുറിച്ച് സഹതാരം പറയുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ഒന്നായിരിക്കും ഖത്തർ ലോകകപ്പ്. ആദ്യമത്സരത്തിൽ പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടിയതിനു ശേഷം പിന്നീടൊരിക്കൽ പോലും ഗോൾ നേടാനോ അസിസ്റ്റ് നൽകാനോ റൊണാൾഡോക്ക് കഴിഞ്ഞില്ല. പോർച്ചുഗൽ നോക്ക്ഔട്ടിൽ എത്തിയതോടെ റൊണാൾഡോ ആദ്യ ഇലവനിൽ നിന്നും പുറത്താവുകയും ചെയ്‌തു.

ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീമിന്റെ ആദ്യ ഇലവനിൽ നിന്നും പുറത്തായത് ആരാധകരെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ മോശം സാഹചര്യങ്ങളിലൂടെ കടന്നു പോയതിനു ശേഷം പോർച്ചുഗലിൽ എത്തിയ റൊണാൾഡോക്കും അത് അതൃപ്‌തിയുണ്ടാക്കിയെങ്കിലും താരം അതിനോട് നല്ല രീതിയിലാണ് പ്രതികരിച്ചതെന്നാണ് സഹതാരം വില്യം കാർവാലോ പറയുന്നത്.

“അതൊരു സങ്കീർണ്ണമായ സാഹചര്യമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡുമായി പ്രശ്‌നങ്ങൾ ഉണ്ടായതിനു ശേഷമാണ് താരം പോർച്ചുഗലിൽ എത്തിയത്. പക്ഷേ പിന്നീട് മാനേജർ താരത്തെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കി, ക്രിസ്റ്റ്യാനോ അസ്വസ്ഥനാകുന്നത് സാധാരണമാണ്. ഏതൊരു കളിക്കാരനും അങ്ങിനെയാകും. ആരും ബെഞ്ചിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്നില്ല”

“ക്രിസ്റ്റ്യാനോ റൊണാൾഡോ ബെഞ്ചിലായി പോയതിൽ അസ്വസ്ഥനായിരുന്നു, പക്ഷേ താരം എല്ലായിപ്പോഴും ടീമിനൊപ്പം തന്നെ നിന്നു. കളിക്കുന്നില്ലെങ്കിലും, അവൻ എപ്പോഴും ഞങ്ങളെ സഹായിച്ചു. ക്രിസ്റ്റ്യാനോയുടെ പ്രശ്‌നങ്ങളിൽ നിന്നും എങ്ങനെ വേർപെടുത്താമെന്ന് ടീമിന് അറിയാമായിരുന്നു, അത് ആരെയും ബാധിക്കാതെ ഞങ്ങൾ മുന്നോട്ടു പോയി.” കാർവാലോ പറഞ്ഞു.

റൊണാൾഡോയെ ബെഞ്ചിലിരുത്തിയെങ്കിലും പരിശീലകനായ സാന്റോസിനെക്കുറിച്ച് കാർവാലോക്ക് മതിപ്പാണുള്ളത്. പോർച്ചുഗലിന് മികച്ചതാക്കാൻ അദ്ദേഹം ഒരുപാട് സംഭാവനകൾ ചെയ്‌തുവെന്നാണ് അദ്ദേഹം പറയുന്നത്. ലോകകപ്പിൽ പോർച്ചുഗൽ ക്വാർട്ടറിൽ പുറത്തായതിന് പിന്നാലെ സാന്റോസ് സ്ഥാനമൊഴിഞ്ഞിരുന്നു. നിലവിൽ റോബർട്ടോ മാർട്ടിനസാണ്‌ ടീമിന്റെ മാനേജർ.

Rate this post