ചാമ്പ്യൻസ് ലീഗിൽ അവർക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ലാ ലിഗയിൽ ബാഴ്സലോണ ഗംഭീര ഫോമിലാണ് : എൽ ക്ലാസിക്കോയെക്കുറിച്ച് കാർലോ ആൻസലോട്ടി

സ്പാനിഷ് ബദ്ധവൈരികൾ തമ്മിലുള്ള ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ആരാധകർ.ഞായറാഴ്ച മാഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നടക്കുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻ റയൽ മാഡ്രിഡും വമ്പൻമാരായ ബാഴ്‌സലോണയും നേർക്ക് നേർ ഏറ്റുമുട്ടും.

സീസണിലെ കന്നി എൽ ക്ലാസിക്കോയായിരിക്കും ഇത്. ആതിഥേയർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണെങ്കിലും സന്ദർശകർ പട്ടികയിൽ മുന്നിലാണ്. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിൽ റയൽ മാഡ്രിഡിനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. എന്നാൽ ലീഗിലെ കറ്റാലൻമാരുടെ നിലവിലെ ഫോമിനെക്കുറിച്ച് മാഡ്രിഡ് ഹെഡ് കോച്ച് കാർലോ ആൻസലോട്ടി തന്റെ ടീമിനെ ഓർമ്മിപ്പിക്കുകയും യുവേഫ ചാമ്പ്യൻസ് ലീഗിലെ ഫോമിൽ ബാഴ്‌സയെ വിലയിരുത്തരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

“ലാ ലിഗയിൽ അവരുടെ ആദ്യ മത്സരത്തിലെ സമനിലയ്ക്ക് ശേഷം എല്ലാ മത്സരങ്ങളും ജയിച്ച ടീമിനെയാണ് ഞങ്ങൾ നേരിടാൻ ഒരുങ്ങുന്നത്.അവർക്ക് ലീഗിൽ മികച്ച ഫോമുണ്ട്.തുടക്കം മുതൽ അവർ മികച്ച പ്രകടനം കാഴ്ചവച്ചു. ചാമ്പ്യൻസ് ലീഗിൽ അവർക്ക് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്, അത് സാധാരണയായി ആ മത്സരത്തിൽ സംഭവിക്കാറുണ്ട്, പക്ഷേ ലാ ലിഗയിൽ അവർ ഗംഭീരമായിരുന്നു”മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ആൻസെലോട്ടി പറഞ്ഞു.

കരീം ബെൻസെമയുടെ അഭാവത്തിൽ മാഡ്രിഡ് 0-4ന് തോറ്റ അവസാന എൽ ക്ലാസിക്കോയെക്കുറിച്ചും ആൻസെലോട്ടി പറഞ്ഞു.”കഴിഞ്ഞ വർഷം,ഞാൻ എന്തെങ്കിലും പുതുതായി കണ്ടുപിടിക്കാൻ ശ്രമിക്കുകയും അതിന്റെ വില നൽകുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ ഗെയിം ഞങ്ങളെ ബാധിക്കില്ല, കാരണം ഇത് മറ്റൊരു ക്ലാസിക്കോ സീസണാണ്. ലോകം കാണുന്ന ഈ ഗെയിം കളിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്” ആൻസെലോട്ടി കൂട്ടിച്ചേർത്തു.

Rate this post