കരോളിസ് സ്കിൻകിസ് 2028 വരെ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവും |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സ്പോട്ടിങ് ഡയറക്ടറായി കരോളിസ് സ്കിൻകിസ് തുടരും. അഞ്ച് വർഷത്തേക്കാണ് കരോളിസുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്സ് നീട്ടിയിരിക്കുന്നത്. 2028 വരെ ക്ലബ്ബിന്റെ കായിക കാര്യങ്ങളുടെ ചുക്കാൻ പിടിക്കുക കരോളിസായിരിക്കും.

2020ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തന്ത്രപ്രധാനമായ പുഃനസംഘടനയുടെ ഭാഗമായാണ് സ്പോട്ടിങ് ഡയറക്ടറായി കരോളിസ് ക്ലബ്ബിനൊപ്പം ചേരുന്നത്. അന്ന് മുതൽ ക്ലബ്ബിന്റെ കായിക പ്രവർത്തനങ്ങളുടെ വളർച്ചയിലും വിജയത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു വരുന്നു. കരോളിസ് ചുമതലയേറ്റെടുത്തതിന് ശേഷം ക്ലബ് ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി പ്ലേഓഫുകൾക്ക് യോഗ്യത നേടുകയും 2021-22 സീസണിൽ ടീം റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ നിരവധി ക്ലബ്ബ് റെക്കോർഡുകൾ തിരുത്തിയെഴുതുകയും പുതിയത് രചിക്കുകയും ചെയ്തു.

കരോളിസിന്റെ ഇടപ്പെടൽ കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് ഡെവലപ്മെന്റ് പ്രോഗ്രാമുകളിൽ വലിയ മുന്നേറ്റത്തിന് കാരണമായി. യൂത്ത് ടീമുകളുടെ മെച്ചപ്പെട്ട പ്രകടനങ്ങൾക്കൊപ്പം, മികച്ച താരങ്ങളെ വാർത്തെടുക്കുന്നതിലും ഫലപ്രദമായ മാതൃക സൃഷ്ടിക്കാനും അദ്ദേഹത്തിനും സാധിച്ചു. വ്യക്തമായ മാനദണ്ഡം സൃഷ്ടിക്കുന്നതുവഴി നിരവധി അക്കാദമി താരങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ പ്രധാന ടീമിലിടം പിടിച്ചത്.

കരോലിസ് ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അടുത്ത അഞ്ച് വർഷത്തേക്ക് കൂടി അദ്ദേഹവുമായുള്ള സഹകരണം നീട്ടുന്നതിൽ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. “ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന നീക്കമാണ്. പ്രത്യേകിച്ച് തുടർച്ചയായ രണ്ടാം തവണയും പ്ലേ ഓഫ് യോഗ്യത നേടുകയും, ഞങ്ങളുടെ കായിക അഭിലാഷങ്ങൾ ഉയർത്താനും ലക്ഷ്യമിടുന്ന ഈ ഘട്ടത്തിൽ. കരാർ നീട്ടുന്നതുവഴി ക്ലബ്ബിന്റെ എല്ലാ കായിക പ്രവർത്തനങ്ങളിലും സ്ഥിരതയോടെ ഞങ്ങളുടെ പ്രവർത്തനം തുടരുന്നതിനുള്ള ശക്തമായ അടിത്തറയും നൽകുന്നു. കരോളിസ് ഒരു സമ്പൂർണ്ണ പ്രൊഫഷണലാണ്, ഫലപ്രദവുമായ ദീർഘകലത്തേക്കുമുള്ള ഒരു സഹകരണം ഞാൻ പ്രതീക്ഷിക്കുന്നു.” നിഖിൽ കൂട്ടിച്ചേർത്തു.

“കേരള ബ്ലാസ്റ്റേഴ്സ് എനിക്ക് വളരെയധികം പ്രിയപ്പെട്ടതാണ്, ഒട്ടനവധി പ്രത്യേകതകൾ നിറഞ്ഞ സ്ഥലം, ക്ലബ്ബ്, ആരാധകർ. എന്നിൽ വിശ്വാസമർപ്പിച്ച് ക്ലബ് കെട്ടിപ്പടുക്കുന്നതിൽ ഭാഗമാകാൻ അവസരം നൽകിയതിന് ക്ലബ്ബിനും മാനേജ്‌മെന്റിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ക്ലബുമൊത്ത് ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയ നിമിഷം മുതൽ, പ്രകടമായൊരു മുന്നേറ്റമാണ് സാധ്യമായതെന്ന് ഞാൻ വിശ്വസിക്കുന്നു, എന്നാൽ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഇതിനോടകം തന്നെ അസാധ്യമെന്ന് കരുതിയ നിരവധി ലക്ഷ്യങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്, ഐ‌എസ്‌എല്ലിൽ ശക്തമായൊരു സാന്നിധ്യമാകാനുള്ള മുന്നേറ്റത്തിലാണ് ഞങ്ങൾ. അവിടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം. എന്റെ ലക്ഷ്യം വ്യക്തവും ലളിതവുമാണ്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സാധ്യമായ എല്ലാ കിരീടങ്ങൾ നേടുവാനും കായിക ലോകത്തിന്റെ എല്ലാ മേഖലകളിലും സ്ഥിരമായ വളർച്ച തുടരാനും ഞാൻ ആഗ്രഹിക്കുന്നുവെന്നും കരാർ പുതുക്കലിനെപ്പറ്റി കരോളിസ് പറഞ്ഞു.

കരാർ നീട്ടിയതിലൂടെ ക്ലബ്ബിന്റെ എല്ലാവിധ സ്പോർട്ടിങ് പ്രവർത്തനങ്ങളിലും കാര്യക്ഷമതയും മികവും ഉറപ്പാക്കുന്നതിൽ കരോളിസ് മേൽനോട്ടം വഹിക്കുകയും ടീം സെലക്ഷൻ, റിക്രൂട്ട്‌മെന്റ് തുടങ്ങി യൂത്ത് ഡെവലപ്മെന്റ് വരെയുള്ള ക്ലബ്ബിന്റെ എല്ലാ മേഖലകളിലും അദ്ദേഹം നേതൃത്വം നൽകുകയും ചെയ്യും.

Rate this post