റൊണാൾഡോക്ക് കഴിയാതിരുന്നത് കസമീറോ നടപ്പിലാക്കി, ബ്രസീലിയൻ മിഡ്‌ഫീൽഡറെ പ്രശംസിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

നിലവിൽ തകർപ്പൻ ഫോമിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചു കൊണ്ടിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പിന് പിന്നാലെ ക്ലബ് വിട്ടെങ്കിലും അതൊരു തരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബാധിച്ചിട്ടില്ല. റൊണാൾഡോ ക്ലബ് വിട്ടത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ സമ്മർദ്ദം കുറച്ചത് കൂടുതൽ മികച്ച പ്രകടനം നടത്താൻ അവരെ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപ് ഈ 2017നു ശേഷം ആദ്യത്തെ കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി കറബാവോ കപ്പ് കിരീടമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ഇതിനു പിന്നാലെ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ കസമീറോയെ പ്രശംസിച്ച് ക്ലബിന്റെ മുൻ താരം ഗാർത്ത് ക്രൂക്ക്‌സ് രംഗത്തു വന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കസമീറോ പുറത്തെടുക്കുന്ന പ്രകടനത്തെ അഭിനന്ദിച്ച ക്രൂക്ക്‌സ് റയൽ മാഡ്രിഡിന് വേണ്ടി എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ താരത്തിന് അവിടെ തന്നെ തുടരാമായിരുന്നിട്ടും ഇംഗ്ലണ്ടിൽ എത്തിയതും എടുത്തു പറഞ്ഞു. മോശം സാഹചര്യങ്ങളും തിരിച്ചടികളും നേരിട്ടു കൊണ്ടിരുന്ന ക്ലബ്ബിനെ മാറ്റിയെടുക്കുക എന്ന ഉദ്ദേശം തന്നെയാണ് ബ്രസീലിയൻ താരത്തിനുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സഹതാരങ്ങളെ മെല്ലെ കയ്യിലെടുക്കാൻ കസമീറോക്ക് കഴിഞ്ഞുവെന്നും ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഒരു ലീഡർ നടത്തുന്ന പ്രകടനമാണ് ബ്രസീലിയൻ താരം നടത്തിയതെന്നും ക്രൂക്ക്‌സ് പറയുന്നു. ഡ്രസിങ് റൂമിനെ ഒറ്റക്കെട്ടായി നിർത്തുകയെന്ന കാര്യത്തിൽ റൊണാൾഡോ പരാജയപ്പെട്ടപ്പോൾ കസമീറോ അതിൽ വിജയിച്ചുവെന്നും യുണൈറ്റഡ് ആരാധകരുടെ മനസിലും താരം ഇടം പിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കസമീറോയുടെ സാന്നിധ്യം മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരക്ക് വലിയൊരു കരുത്താണ് നൽകിയിരിക്കുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആക്രമണത്തെയും പ്രതിരോധത്തെയും ഒരുപോലെ സഹായിക്കുന്ന ബ്രസീലിയൻ താരം നിർണായകമായ ഗോളുകൾ നേടുകയും ചെയ്യുന്നുണ്ട്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.

Rate this post