എന്തുകൊണ്ടാണ് ജേഴ്സിയിൽ പേര് തെറ്റായി എഴുതിയിരിക്കുന്നത്? രസകരമായ വെളിപ്പെടുത്തലുമായി കാസെമിറോ!

ഈ സീസണിലായിരുന്നു ബ്രസീലിയൻ കാസെമിറോ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.ഇപ്പോൾ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറാൻ കാസെമിറോക്ക് സാധിച്ചിട്ടുണ്ട്.എന്നാൽ കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിന് റെഡ് കാർഡ് ലഭിച്ചിരുന്നു.അതുകൊണ്ടുതന്നെ മൂന്ന് മത്സരങ്ങളിൽ താരത്തെ യുണൈറ്റഡിന് ലഭ്യമാവില്ല.

യഥാർത്ഥത്തിൽ കാസെമിറോയുടെ(Casemiro) പേര് കാസിമിറോ (Casimiro)എന്നാണ്.മുഴുവൻ പേര് പറയുകയാണെങ്കിൽ കാർലോസ് ഹെൻറിക്കെ കാസിമിറോ എന്നാണ് വരിക.പക്ഷേ എന്തുകൊണ്ടാണ് തന്റെ ജേഴ്സിയിൽ കാസിമിറോ എന്നതിന് പകരം കാസെമിറോ എന്ന് എഴുതി വെച്ചിരിക്കുന്നത് എന്നുള്ള ചോദ്യം അദ്ദേഹത്തോട് ചോദിച്ചിരുന്നു.

അതിന്റെ പിന്നിലുള്ള രസകരമായ കാരണം ഇപ്പോൾ കാസെമിറോ വെളിപ്പെടുത്തിയിട്ടുണ്ട്.അതായത് സാവോ പോളയിൽ കളിച്ചിരുന്ന സമയത്ത് അക്ഷരപ്പിശക് പറ്റിയെന്നും എന്നാൽ ഒരു വിശ്വാസത്തിന്റെ പുറത്ത് താനത് സ്ഥിരമാക്കി എന്നുമാണ് കാസെമിറോ പറഞ്ഞിട്ടുള്ളത്.ഫുട്ബോൾ ഫോക്കസിന് നൽകിയ അഭിമുഖത്തിനിടയാണ് കാസെമിറോ ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

‘യഥാർത്ഥത്തിൽ എന്റെ പേര് Carlos Henrique Casimiro എന്നാണ്.അവിടെ i എന്ന അക്ഷരമാണ് ഉപയോഗിക്കേണ്ടത്.എനിക്ക് ഇപ്പോഴും ഓർമ്മയുള്ള ഒരു കാര്യം സാവോ പോളോക്ക് വേണ്ടി ഒരു മത്സരം കളിക്കാൻ തയ്യാറായപ്പോൾ എനിക്ക് വേണ്ടി വന്ന ജേഴ്സിയിൽ അക്ഷരപ്പിശക് പറ്റുകയായിരുന്നു.i എന്ന അക്ഷരത്തിന് പകരം അവർ അച്ചടിച്ചത് E എന്ന അക്ഷരമായിരുന്നു.ആ മത്സരത്തിൽ ഞാൻ നല്ല പ്രകടനം പുറത്തെടുക്കുകയും ചെയ്തു.ഒരല്പം അന്ധവിശ്വാസമുള്ള ഒരു വ്യക്തിയാണ് ഞാൻ.അതുകൊണ്ടുതന്നെ ഞാൻ പിന്നീട് അവരോട് അത് തിരുത്തേണ്ട എന്നുള്ള കാര്യം പറഞ്ഞു.അത് തിരുത്തിയാൽ പിന്നീട് ചിലപ്പോൾ കളി മോശമായാലോ എന്ന് വിചാരിച്ച് ഞാൻ പിന്നീട് അത് തിരുത്താൻ പോയില്ല’ഇതാണ് കാസെമിറോ പറഞ്ഞിരിക്കുന്നത്.

ഇപ്പോഴും i എന്ന ലെറ്ററിന് പകരം E എന്ന ലെറ്റർ തന്നെയാണ് കാസെമിറോ ഉപയോഗിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 17 പ്രീമിയർ ലീഗ് മത്സരങ്ങൾ ഈ ബ്രസീൽ താരം ഇപ്പോൾ കളിച്ചു കഴിഞ്ഞു.രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ഈ മിഡ്ഫീൽഡർ നേടിയിട്ടുള്ളത്.വരുന്ന മത്സരങ്ങളിൽ താരമില്ലാത്തത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ വെല്ലുവിളി സൃഷ്ടിക്കും.

Rate this post