ചാമ്പ്യൻമാരായ അൽ-നസർ ഇന്ന് വീണ്ടും കളത്തിൽ, പ്രീമിയർ ലീഗിലും തകർപ്പൻ പോരാട്ടം
ഇന്ന് യൂറോപ്പിലും ഏഷ്യയിലുമായി തകർപ്പൻ പോരാട്ടങ്ങൾ നടക്കും. ഇതുവരെ യൂറോപ്പിലായിരുന്നു പ്രധാന മത്സരങ്ങൾ നടന്നിരുന്നതെങ്കിൽ ഇനി സൗദി അറേബ്യയിലെ മത്സരങ്ങളും പ്രധാന യൂറോപ്യൻ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചിരിക്കുന്നു.
സൗദിയിൽ ഇന്ന് ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ-നസർ ഈ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞദിവസം ക്രിസ്ത്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളിൽ അൽ നസർ ചാമ്പ്യന്മാരായിരുന്നു.മത്സരത്തിന്റെ അവസാനം സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റത് ആശങ്ക സൃഷ്ടിച്ചിരുന്നു. കാൽമുട്ടിന് പരിക്കേറ്റ റൊണാൾഡോ എക്സ്ട്രാ ടൈമിന്റെ അവസാനം മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടിരുന്നു. പരിക്ക് കാരണം സൗദി പ്രോ ലീഗിലെ ഈ സീസണിലെ അൽ നസ്സറിന്റെ ആദ്യ മത്സരത്തിൽ ക്രിസ്റ്റിയാനോ കളിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
അറബ് ക്ലബ് കപ്പിന് തുടർച്ചയെന്നോണം സൗദി ലീഗ് ലക്ഷ്യം വയ്ക്കുകയാണ് അൽ-നസർ. സാഡിയൊ മാനെ, ക്രിസ്ത്യാനോ റൊണാൾഡോ എന്നീ സൂപ്പർതാരങ്ങൾ അണിനിരക്കുന്ന അൽ നസറിന് ഇന്ന് എതിരാളികൾ അൽ-ഇതിഫാഖ് ആണ്.ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം സ്റ്റീഫൻ ജെറാഡ് പരിശീലകനായി വരുന്ന ഇത്തിഫാക്കിന് വേണ്ടി ലിവർപൂളിന്റെ ക്യാപ്റ്റനായ ഹെന്റേഴ്സിനെയും ലിയോണിൽ നിന്ന് മൂസ ടെമ്പലെയും സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം തീപാറും എന്ന് ഉറപ്പാണ്. ഇന്ത്യൻ സമയം രാത്രി 11:30നാണ് ഇതിഫാഖ്-അൽ നസർ പോരാട്ടം.
പ്രീമിയർ ലീഗിൽ ഇന്ന് കിരീടം ലക്ഷ്യം വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് 2023-24 സീസണിലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് ഇറങ്ങുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരാളികൾ ശക്തരായ വോൾവ്സാണ്. ഇന്റർമിലായിൽ നിന്നുമെത്തിയ ഗോൾകീപ്പർ ഒനാന ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ആദ്യ പ്രീമിയർ ലീഗ് മത്സരത്തിനു അരങ്ങേറ്റം കുറിക്കും.
ലാലിഗയിൽ ശക്തരായ സിമിയൊണിയുടെ അത്‌ലറ്റികോ മാഡ്രിഡ്- ഗ്രനഡ പോരാട്ടം ഇന്ന് രാത്രി 1:00ന്.അത്‌ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ മത്സരം. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് തൊട്ടുപിന്നിലായി മൂന്നാം സ്ഥാനത്താണ് അത്‌ലറ്റിക്കോ മാഡ്രിഡ് ഫിനിഷ് ചെയ്തിരുന്നത്. ഈ മത്സരങ്ങളുടെയെല്ലാം ലൈവ് ലിങ്കുകൾ നമ്മുടെ ഗോൾ ടെലഗ്രാം ചാനലിൽ ലഭ്യമായിരിക്കും.