ചാമ്പ്യൻസ് ലീഗിൽ ലയണൽ മെസ്സിയുടെ നേട്ടത്തിനൊപ്പമെത്തി വിനീഷ്യസ് ജൂനിയർ | Vinicius Jr | Lionel Messi

ബെർണബ്യൂവിൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും മൂന്നു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ബെർണാഡോ സിൽവ ഫ്രീകിക്കിൽ നിന്നും നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയെ മുന്നിലെത്തിച്ചു. എന്നാൽ 12 ആം മിനുട്ടിൽ സെൽഫ് ഗോളിലൂടെ റയൽ മാഡ്രിഡ് മത്സരം സമനിലയിലാക്കി. എഡ്വേർഡോ കാമവിംഗയുടെ ലോംഗ് റേഞ്ച് സ്‌ട്രൈക്ക് ഡിഫൻഡർ റൂബൻ ഡയസിന്റെ ശരീരത്തിൽ തട്ടി സിറ്റി വലയിൽ കയറുകയായിരുന്നു.

രണ്ട് മിനിറ്റിന് ശേഷം വിനീഷ്യസ് ജൂനിയർ നൽകിയ പാസിൽ നിന്നും റോഡ്രിഗോ റയലിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപായി ലീഡ് നേടാനുള്ള അവസരം റയലിന് ലഭിച്ചെങ്കിലും റോഡ്രിഗോയുടെ ഷോട്ട് ലക്ഷ്യം കണ്ടില്ല.രണ്ടാം പകുതിയുടെ തുടക്കത്തിൽ വിനീഷ്യസിന്റെ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.66-ാം മിനിറ്റിൽ ഫിൽ ഫോഡൻ നേടിയ ഗോളിലൂടെ സിറ്റി ഒപ്പമെത്തി. 71 ആം മിനുട്ടിൽ ജോസ്‌കോ ഗ്വാർഡിയോൾ സിറ്റിയെ മുന്നിലെത്തിച്ചു. എന്നാൽ 79-ാം മിനുട്ടിൽ ഫെഡറിക്കോ വാൽവെർഡെയുടെ വോളി റയലിന് സമനില നേടിക്കൊടുത്തു,

മത്സരത്തിൽ രണ്ടു അസിസ്റ്റുകൾ നേടിയ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ ഇതിഹാസം ലയണൽ മെസ്സിക്ക് ഒപ്പമെത്തി.പെപ് ഗ്വാർഡിയോളയുടെ സിറ്റിക്കെതിരേയുള്ള ഇരട്ട അസ്സിസ്റ്റോടെ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് ഘട്ടങ്ങളിൽ നേടിയ അസിസ്റ്റുകളുടെ എണ്ണം 12 ആയി ഉയർന്നു. സൂപ്പർ താരം ലയണൽ മെസ്സിയും നോക്ക് ഔട്ടിൽ 12 അസിസ്റ്റുകളാണ് നേടിയിട്ടുള്ളത്. എന്നാൽ മെസ്സിയെക്കാൾ 57 മത്സരങ്ങൾ കുറച്ച് കളിച്ചാണ് 23 കാരൻ ഈ നേട്ടം സ്വന്തമാക്കിയത്.

17 നോക്കൗട്ട് അസിസ്റ്റുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.വിനീഷ്യസിന് ഇപ്പോൾ ചാമ്പ്യൻസ് ലീഗിൽ മൊത്തത്തിൽ 20 അസിസ്റ്റുകൾ ഉണ്ട്,. റൊണാൾഡോക്ക് 42 ഉം മെസ്സിക്ക് 40 ഉം അസിസ്റ്റുകൾ ഉണ്ട്. റൊണാൾഡോയും മെസ്സിയും യഥാക്രമം സൗദിയിലും അമേരിക്കയിലും കളിക്കുന്നതിനാൽ വിനിഷ്യസിന് ഇവരെ മറികടക്കാനുള്ള അവസരമുണ്ട്.

Rate this post