“സാൻ സിറോ ചുവപ്പിച്ച് ലിവർപൂൾ ; അവസാന മിനുട്ട് ഗോളിൽ തോൽ‌വിയിൽ നിന്നും രക്ഷപെട്ട് ബയേൺ മ്യൂണിക്ക്”

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദ പോരാട്ടത്തിൽ ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു വിട്ട് ലിവർപൂൾ.75 ആം മിനിറ്റിൽ റോബർട്ടോ ഫിർമിനോയും 83 ആം മിനിറ്റിൽ മൊഹമ്മദ് സലായുമാണ് ഇന്ററിന്റെ പ്രതീക്ഷകൾ തല്ലി കെടുത്തിയ ഗോളുകൾ സ്‌കോർ ചെയ്തത്. ആദ്യ പകുതിയിൽ ലിവർപൂൾ മുൻതൂക്കം പുലർത്തിയെങ്കിലും ഗോളുകൾ ഒന്നും പിറന്നില്ല.ഇന്റർ മിലാന് 15ആം മിനുട്ടിൽ ഒരു നല്ല അവസരം ചാലനൊഹ്ലുവിലൂടെ ലഭിച്ചു. താരത്തിന്റെ ഷോട്ട് ബാറിൽ തട്ടിയാണ് മടങ്ങിയത്.

ഫസ്റ്റ് ഹാഫിന് ശേഷമുള്ള ആദ്യ 25 മിനിറ്റുകളിൽ കത്തി കയറിയ ഇന്റർ മിലാൻ ലിവർപൂൾ പ്രതിരോധ നിരയെ ശരിക്കും മുൾമുനയിൽ നിർത്തി. എഡിൻ സെക്കോ ഒരു തവണ പന്ത് ലിവർപൂൾ വലയിൽ എത്തിച്ചെങ്കിലും ഓഫ് സൈഡ് വിധിക്കുകയായിരുന്നു. ഇന്റർ മിലാൻ മെച്ചപ്പെടുകയാണ് എന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു ലിവർപൂൾ ഗോൾ വന്നത്. 75ആം മിനുട്ടിൽ റൊബേർട്സന്റെ ഒരു സെറ്റ് ലീസിൽ നിന്ന് ഫ്രണ്ട് പോസ്റ്റിൽ വെച്ച് ഫർമീനോ പന്ത് ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു.പിന്നാലെ സലാ ഇന്റർ പ്രതീക്ഷകൾ തകർത്ത് രണ്ടാം ഗോൾ നേടി. 83ആം മിനുട്ടിൽ ആയിരുന്നു സലായുടെ ഗോൾ. റൗണ്ട് ഓഫ് 16 രണ്ടാംപാദ മത്സരം അടുത്ത മാസം 9ന് ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടക്കും.

ചാമ്പ്യൻസ് ലീഗ് റൗണ്ട്-16 പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ സാൽസ്ബർഗിനോട് തോൽ‌വിയിൽ നിന്നും രക്ഷപെട്ട് ബയേൺ മ്യൂണിക്ക്.0-ാം മിനിറ്റിൽ കിംഗ്‌സ്‌ലി കോമൻ നേടിയ ഗോളാണ് ബയേണിനെ തോൽ‌വിയിൽ നിന്നും രക്ഷിച്ചത്. 12 ആം മിനിറ്റിൽ പകരക്കാനായി വന്ന യുവ താരം ചുക്വുബുയിക് അദാമുവിന്റെ ഗോളിൽ സോൾസ്‌ബർഗ് ലീഡെടുത്തു. തിരിച്ചടിക്കാൻ ജർമ്മൻ വമ്പന്മാർക്ക് നിരവധി അവസരങ്ങൾ കൈവന്നെങ്കിലും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചില്ല.

തോൽവി മുഖാമുഖം കണ്ട ബയേണിന് ആശ്വാസ സമനില നേടി കൊടുത്തത് കിങ്സ്ലി കോമാനയായിരുന്നു. 90 ആം മിനിറ്റിലായിരുന്നു കോമാന്റെ വിലയേറിയ സമനില ഗോൾ.ആറ് ഗ്രൂപ്പ്-സ്റ്റേജ് ഗെയിമുകളിലും വിജയിച്ചതിന് ശേഷം പ്രീ ക്വാർട്ടറിലെത്തിയ ബയേൺ തകരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.മാർച്ച് എട്ടിന് മ്യൂണിക്കിലെ അലയൻസ് അരീനയിലാണ് മടക്ക മത്സരം.

Rate this post