അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധ ഫുട്ബോളിനെ സമർത്ഥമായി നേരിട്ട മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടറിൽ ജയം. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം.
ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രതിരോധത്തിലൂടെ സിറ്റിയെ മറികടക്കാം എന്ൻ ഉദ്ദേശത്തോടെയാണ് അത്ലറ്റികോ ഇറങ്ങിയത്.ആദ്യ പകുതിയിൽ 73% പൊസഷൻ സിറ്റിക്ക് ഉണ്ടായി എങ്കിലും ഒരു നല്ല അവസരം പോലും സൃഷ്ടിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് ആയില്ല. രണ്ടാം പകുതിയിൽ അത്ലറ്റിക്കോ മാഡ്രിഡ് പരുക്കൻ അടവുകളുമായി മാഞ്ചസ്റ്റർ സിറ്റി താരങ്ങളെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 67 ശതമാനം പൊസഷനും സിറ്റിക്കൊപ്പമായിരുന്നു. മാഞ്ചസ്റ്റർ സിറ്റി രണ്ട് ഓൺ ടാർഗറ്റും 15 ഷോട്ടുകളും ഉതിർത്തപ്പോൾ, അത്ലറ്റിക്കോയുടെ മറുപടി പൂജ്യമായിരുന്നു.
കളിയിൽ ഉടനീളം ഒറ്റ ഷോട്ട് പോലും കണ്ടെത്താൻ സിമിയോണിയുടെ ടീമിനായില്ല. ഡിഫൻസിൽ 5 താരങ്ങളെ അണിനിരത്തി എങ്ങനെയെങ്കിലും ഗോൾ വഴങ്ങാതെ സമനില പിടിക്കാനായിരുന്നു അവർ ലക്ഷ്യമിട്ടത്. 70ആം മിനുറ്റിൽ കെവിൻ ഡിബ്രുയിന അത്ലറ്റികോ മാഡ്രിഡ് പ്രതിരോധം തകർത്തു .പകരക്കാരനായി എത്തി സെക്കൻഡുകൾക്കുള്ളിൽ ഫിൽ ഫോഡൻ നൽകിയ മനോഹരമായ പാസിൽ നിന്നായിരുന്നു ഡിബ്രൂയിന്റെ ഗോൾ.ഡിബ്രുയിന്റെ ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളാണിത്. രണ്ടാം ലെഗ് പോരാട്ടം ഏപ്രിൽ 14ന് മാഡ്രിഡിൽ അരങ്ങേറും.
മറ്റൊരു മത്സരത്തിൽ ലിവർപൂൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബെൻഫിക്കയെ പരാജയപ്പെടുത്തി. ലിസ്ബണിൽ നടന്ന മത്സരത്തിൽ ലിവർപൂളിനായി തന്റെ ആദ്യ ഗോൾ നേടിയ ഇബ്രാഹിം കൊനാട്ടെ, സാദിയോ മാനെ, ലൂയിസ് ഡിയാസ് എന്നിവരാണ് സ്‌കോർ ചെയ്തത്.എഫ്സി പോർട്ടോയുടെ മുൻ താരമായ ഡിയാസ് ക്ലബ് മാറിയെങ്കിലും പഴയ എതിരാളികൾക്കെതിരെ ഗോൾ നേടി. 17ആം മിനുട്ടിൽ റൊബേർട്സന്റെ കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ ഇബ്രാഹിം കൊനാറ്റെ ആണ് ലിവർപൂളിന് ലീഡ് നൽകിയത്.
34ആം മിനുട്ടിൽ ഡയസിന്റെ പാസിൽ നിന്നും മാനെ സ്കോർ 2 -0 ആക്കി ഉയർത്തി .49ആം മിനുട്ടിൽ കൊനാറ്റയുടെ പിഴവ് മുതലെടുത്ത് നുനെസ് ആണ് ബെൻഫികയ്ക്ക് വേണ്ടി ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരൻ ശ്രമം നടത്തി.87 ആം മിനിറ്റിൽ ജയം ഉറപ്പിക്കുന്ന ഗോളുമായി ലൂയിസ് ഡിയാസ് രംഗത്ത് വരികയായിരുന്നു. ആൻഫീൽഡിൽ നടക്കുന്ന രണ്ടാം പാദത്തിൽ ഇനി അത്ഭുതങ്ങൾ നടന്നാൽ മാത്രമെ ബെൻഫികയ്ക്ക് ലിവർപൂളിനെ സെമിയിൽ നിന്ന് തടയാൻ ആവുകയുള്ളൂ. ഏപ്രിൽ 14ന് അന്ന് രണ്ടാം ക്വാർട്ടർ.