ചെൽസിയുടെ മധ്യനിര ഇനി അർജന്റീനക്കാർ ഭരിക്കും; അർജന്റീനിയൻ താരത്തെ റാഞ്ചാൻ ചെൽസി

എൻഗാളോ കാന്റെ, കോവാസിച്ച്, മെസൻ മൗണ്ട്, തുടങ്ങിയ മിഡ്‌ഫീൽഡർമാറെ കൈമാറിയ ചെൽസി അടുത്ത സീസണിൽ മികച്ച മധ്യനിര താരങ്ങളെ തേടുന്നുണ്ട്. മധ്യനിര ശക്തമല്ലെങ്കിൽ ഈ സീസണിലും വലിയ തിരിച്ചടി നേരിടുമെന്ന ഭയം ചെൽസിയ്ക്കുണ്ട്. അതിനാൽ ട്രാൻസ്ഫർ വിപണിയിൽ മധ്യനിര താരങ്ങൾക്കുള്ള മികച്ച നീക്കമാണ് ചെൽസി നടത്തി കൊണ്ടിരിക്കുന്നത്.

പ്രിമീയർ ലീഗ് ക്ലബ്ബായ ബ്രിങ്റ്റന്റെ എക്വാഡർ താരം മൊയ്‌സസ് കൈസാഡോയെയാണ് ചെൽസി പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ താരത്തിനായി ബ്രിങ്ട്ടൻ മുന്നോട്ട് വെയ്ക്കുന്ന തുക വളരെ വലുതായതിനാൽ ഈ ട്രാൻസ്ഫർ പൂർത്തിയാക്കാൻ ചെൽസിയ്ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. താരത്തിന്റെ കാര്യത്തിൽ ചെൽസിയ്ക്ക് ഇപ്പോഴും സംശയമുള്ളതിനാൽ ചെൽസി മറ്റൊരു മധ്യനിര താരത്തെ കൂടി ലക്ഷ്യം വെയ്ക്കുന്നുണ്ട്.

ഫ്രഞ്ച് ക്ലബ്‌ പാരിസ് സെന്റ് ജെർമന്റെ അർജന്റീനിയൻ താരം ലിയനാർഡോ പരേഡെസിനെയാണ് ചെൽസി ലക്ഷ്യം വെയ്ക്കുന്നത്. നിലവിലെ ചെൽസി പരിശീലകൻ പോച്ചട്ടിഞ്ഞോ പിഎസ്ജി പരിശീലകനായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കീഴിൽ കളിച്ച താരമാണ് പരെഡെസ്. ഈ ബന്ധമാണ് ചെൽസിയുടെ ട്രാൻസ്ഫർ റഡാറിൽ ഈ അർജന്റീനിയൻ താരമെത്താൻ കാരണം. ഇതിനോടകം അർജന്റീനയുടെ മറ്റൊരു യുവ മധ്യ നിര താരമായ എൻസോ ഫെർണാണ്ടസ് ചെൽസിയിൽ കളിക്കുന്നുണ്ട്. പരെഡെസ് കൂടി ചെൽസി നിരയിൽ എത്തിയാൽ ചെൽസിയിൽ അർജന്റീന താരങ്ങൾ ഭരിക്കുന്ന മധ്യനിര കാണാനാവും.

29 കാരനായ പരെഡെസ് ഖത്തർ ലോകകപ്പ് നേടിയ അർജന്റീനിയൻ ടീമിന്റെ ഭാഗമായിരുന്നു. 2019 മുതൽ പിഎസ്ജിയുടെ ഭാഗമായ ഈ മധ്യനിര താരം കഴിഞ്ഞ സീസണിൽ യുവന്റസിന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു. അർജന്റീനയിലേക്ക് ഇതിഹാസ ക്ലബ്‌ ബൊക്ക ജുനിയേഴ്സിന്റെ അക്കാദമിയിലൂടെ പന്ത് തട്ട് വളർന്നത് താരം പിന്നീട് എഎസ് റോമ, സെനിത്, തുടങ്ങിയ ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്.

3.3/5 - (3 votes)