ജേഴ്സി അഴിച്ചു മാറ്റുന്ന ലാഘവത്തോടെ പരിശീലകരെ മാറ്റുന്ന ചെൽസി |Cheslea

യൂറോപ്യൻ ഫുട്ബോളിൽ 2000 ത്തിനു ശേഷം പരിശീലകരെ ഇത്രയധികം മാറ്റി പരീക്ഷിച്ച ക്ലബ് ചെൽസിയായിരിക്കും. ഈ കാലഘട്ടത്തിൽ സ്ഥിരമായും താല്കാലികമായും 17 ഓളം പരിശീലകരാണ് ചെൽസിയിൽ മാറി മാറി വന്നത്. ഇത്രയും നിഷ്കരുണം പരിശീലകരോട് പെരുമാറുന്ന ക്ലബ് ചരിത്രത്തിൽ ഉണ്ടാവാൻ ഇടയില്ല. “ഒരു പെൺകുട്ടി വസ്ത്രം മാറുന്നതുപോലെയാണ്” ചെൽസിയിൽ പരിശീലകരെ മാറ്റുന്നത് എന്നാണ് പറയപ്പെടുന്നത്.

ഇപ്പോഴിതാ ഗ്രഹാം പോട്ടറിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയിരിക്കുകയാണ് ചെൽസി.സൂപ്പർ പരിശീലകൻ തോമസ് തുഷേലിന് പകരമായാണ് ബ്രൈറ്റൻ പരിശീലകനായിരുന്ന ഗ്രഹാം പൊട്ടറിനെ ചെൽസി നിയമിച്ചത്.എന്നാൽ തുടർ തോൽവികൾ അദ്ദേഹത്തിന്റെ ചെൽസിലെ പരിശീലക സ്ഥാനം വെറും ഏഴുമാസം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.ആസ്റ്റൺ വില്ലയോട് 2-0 ന് തോറ്റതിന് ശേഷം ഞായറാഴ്ച വൈകുന്നേരം ഗ്രഹാം പോട്ടറെ പുറത്താക്കാൻ ബ്ലൂസ് തീരുമാനിച്ചു, നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ പതിനൊന്നാം സ്ഥാനത്താണ് ചെൽസി.

ബ്ലൂസിനൊപ്പം ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർകപ്പ്, ക്ലബ് ലോകകപ്പ് എന്നീ കിരീടങ്ങൾ നേടുകയും എഫ്എ കപ്പ്, ഇഎഫ്എൽ കപ്പ് എന്നിവയിൽ റണ്ണേഴ്‌സ് അപ്പ് ആവുകയും ചെയ്തിട്ടും 2021 ജനുവരിയിൽ ചെൽസി പരിശീലകനായി എത്തിയ ടുഷെലിനെ ചെൽസി പുറത്താക്കിയിരുന്നു. ട്യുച്ചലിന് മുന്നേ ചെൽസിയിൽ നിന്നും പുറത്താക്കിയത് ഫ്രാങ്ക് ലാം‌പാർടിനെയാണ്.200 മില്യൺ മുടക്കി വൻതാരങ്ങളെ ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷക്കൊത്ത പ്രകടനം നടത്താൻ സാധിക്കാത്തതാണ് ഇംഗ്ലീഷ് താരത്തിന് പുറത്തേക്കുള്ള വഴി തെളിച്ചത്.അബ്രമോവിച്ച് ചെൽസി ഏറ്റെടുമ്പോൾ പരിശീലകൻ ക്ലോഡിയോ റാനിയേരി ആയിരുന്നു. 2000 ത്തിൽ ചെൽസി പരിശീലകനായി സ്ഥാനമേറ്റ റാനിയേരിയെ 2004 മെയ് 31 ന് ചെൽസിയിൽ നിന്നും പുറത്താക്കി.

ഫ്രാങ്ക് ലാം‌പാർഡ്, ഹെർ‌നാൻ ക്രെസ്പോ, വില്യം ഗാലസ്,മകലെലെ, ജോൺ ടെറി,ഡിഡിയർ ഡ്രോഗ്ബ, അർജെൻ റോബെൻ എന്നിവർ ചെൽസിയിൽ എത്താൻ ഇടയാക്കിയത് റാനിയേരിയുടെ ഇടപെടലിലാണ് .റാനിയേരിക്ക് പകരക്കാരനായി 2004 ജൂലൈയിൽ എഫ് സി പോർട്ടോയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ജോസ് മൗറീഞ്ഞോ കൊണ്ട് വന്നു. മൂന്നു വർഷം ചെൽസിയിൽ ചിലവഴിച്ച മൗറീഞ്ഞോ അരങ്ങേറ്റ സീസണിൽ പ്രീമിയർ ലീഗും ലീഗ് കപ്പും നേടി,കൂടാതെ മറ്റൊരു പ്രീമിയർ ലീഗ്, ഒരു എഫ്എ കപ്പ് രണ്ട് ലീഗ് കപ്പുകളും അതിനുശേഷം ഒരു കമ്മ്യൂണിറ്റി ഷീൽഡും നേടി. 2007 ൽ മൗറിഞ്ഞോക്ക് പകരക്കാനായി ഗ്രാന്റ് നിയമിതനായി .

2008 ൽ ഗ്രാന്റിന് പകരക്കാരനായി ബ്രസീലിയൻ പരിശീലകൻ ലൂയിസ് ഫെലിപ്പ് സ്കോളാരി സ്ഥാനം ഏറ്റെടുത്തു, എന്നാൽ ഒരു സീസൺ അവസാനിക്കുന്നതിനു മുൻപേ 2009 ഫെബ്രുവരിയിൽ ബ്രസീലിയൻ വേൾഡ് കപ്പ് ജേതാവിന്റെ കസേര തെറിച്ചു.പിന്നീട എത്തിയത് ഡച്ച് പരിശീലകൻ ഗ്വാസ് ഹിഡിങ്ങാണ്.ക്ലബ്ബിനെ എഫ് എ കപ്പ് ജേതാക്കളാക്കിയെങ്കിലും സീസണിന്റെ അവസാനത്തിൽ റഷ്യയുടെ മാനേജർ സ്ഥാനത്തേക്ക് മടങ്ങാൻ തീരുമാനിച്ച ഹിഡ്ഡിങ്ക് ചെൽസിയുമായി പിരിഞ്ഞു. 2009 ജൂൺ 1 ന് കാർലോ അൻസെലോട്ടിയെ പരിശീലകനായി നിയമിച്ചു. ആ സീസണിൽ പ്രീമിയർ ലീഗും എഫ്എ കപ്പും നേടി അരങ്ങേറ്റം കുറിച്ചു. എന്നാൽ രണ്ടു വർഷത്തിന് ശേഷം 2011 ൽ അദ്ദേഹത്തെ ചെൽസി പുറത്താക്കി.

ആൻസെലോട്ടിയുടെ പിൻഗാമിയായി എത്തിയത് യുവ പരിശീലകനായ ആൻഡ്രെ വില്ലാസ്-ബോവാസ് ആയിരിന്നു .എന്നാൽ സീസൺ മാത്രം ആയുസ്സുണ്ടായിരുന്ന അദ്ദേഹത്തെ 2012 ഏപ്രിലിൽ പുറത്താക്കി.പിന്നീട എത്തിയ റോബർട്ടോ ഡി മാറ്റിയോ ചെൽസിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചെങ്കിലും 8 മാസം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആയുസ്സ്. ഡി മാറ്റിയോക്ക് പകരക്കാരനായി 2012 നവംബർ 21 ന് റാഫേൽ ബെനിറ്റെസ് എത്തിയത്. ചെൽസിക്കൊപ്പം യൂറോപ്പ ലീഗ് നേടിയെങ്കിലും ഒരു സീസണ് ശേഷം രണ്ടാം ഊഴത്തിനു എത്തിയ മൗറിഞ്ഞോക്ക് വഴി മാറികൊടുത്തു. 2013 ൽ സ്ഥാനമേറ്റ മൗറിഞ്ഞോ പ്രീമിയർ ലീഗ് കിരീടം നേടികൊടുത്തെങ്കിലും ക്ലബ് ഡോക്ടർമാരുമായുള്ള വിവാദങ്ങൾ മൂലം 2015 ഡിസംബറിൽ അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടു.

ജോസ് മൗറീഞ്ഞോയെ പുറത്താക്കിയത് പിന്നാലെ ഡച്ച് തന്ത്രജ്ഞനായ ഗ്വാസ് ഹിഡിങ്കിനെ രണ്ടാം ഊഴത്തിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിച്ചു.എന്നാൽ ഒരു സീസ ന്മാത്രം ആയുസുണ്ടായിരുന്ന ഹിഡിങ്കിനെ മാറ്റി 2016 ൽ ഇറ്റാലിയൻ പരിശീലകൻ അന്റോണിയോ കോണ്ടെയെ കൊണ്ട് വന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗും എഫ് എ കപ്പും നേടിയ കോണ്ടയെ 2018 ജൂലൈയിൽ ക്ലബ് പുറത്താക്കി പകരം മൗറീഷ്യോ സാരിയെ പരിശീലകനായി നിയമിച്ചു.2018 -2019 സീസണിൽ ചെൽസിയെ യൂറോപ്പ ലീഗ് ചാമ്പ്യന്മാരാക്കിയ സരിക്ക് പകരക്കാരനായി ചെൽസി ഇതിഹാസം ലാംപാർടിനെ നിയമിച്ചു .എന്നാൽ ഒന്നര സീസണ് ശേഷം ലാംപാർടിനും പരിശീലകൻ സ്ഥാനം തെറിച്ചു.

Rate this post