ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ കഴിയുന്ന ടീമാണു ചെൽസി, മത്സരം കടുപ്പമായിരിക്കുമെന്ന് സെവിയ്യ പരിശീലകൻ

യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ സെവിയ്യ നേരിടാനൊരുങ്ങുന്ന ചെൽസി വളരെയധികം കരുത്തരാണെന്ന് പരിശീലകൻ ലൊപടെയി. കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയ സെവിയ്യയും സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ താരങ്ങളെ സ്വന്തമാക്കി കരുത്തു വർദ്ധിപ്പിച്ച ചെൽസിയും തമ്മിലുള്ള പോരാട്ടം മികച്ചതാകുമെന്ന് ഉറപ്പാണെങ്കിലും എതിരാളികൾ തങ്ങളേക്കാൾ അതിശക്തരാണെന്നാണ് മുൻ റയൽ പരിശീലകൻ പറയുന്നത്.

“ചാമ്പ്യൻസ് ലീഗ് കിരീടം വിജയിക്കാൻ സാധ്യതയുള്ള ഒരു ടീമിനെതിരെയാണ് ഞങ്ങൾ മത്സരിക്കാൻ ഇറങ്ങുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പ്രകടനം ചെൽസിക്കെതിരെ പുറത്തെടുക്കാൻ ശ്രമിക്കുക എന്നതിലുപരിയായി ഞങ്ങൾക്കൊന്നും ചെയ്യാനില്ല.” മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ലൊപടെയി പറഞ്ഞു.

“എല്ലാ മത്സരങ്ങളും കടുപ്പമാണെങ്കിലും ചെൽസി പോലൊരു ടീമിനെതിരെ ചാമ്പ്യൻസ് ലീഗിൽ കളിക്കുക കൂടുതൽ കടുപ്പമായിരിക്കും. ചെൽസി ഒരുപാടു പണം ചിലവാക്കി നിരവധി മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. ടീമിനെ നന്നായി അറിയാവുന്ന ഒരു പരിശീലകനും അവർക്കു സ്വന്തമായിട്ടുണ്ട്. മത്സരം ബുദ്ധിമുട്ടാകുമെങ്കിലും അത് ഞങ്ങളെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിക്കും.” സ്പാനിഷ് പരിശീലകൻ വ്യക്തമാക്കി.

ഏതാണ്ട് 250 മില്യൺ യൂറോയോളമാണ് ചെൽസി സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ചെലവഴിച്ചത്‌. കെയ് ഹാവേർട്സ്, ടിമോ വെർണർ, ചിൽവെൽ, ഹക്കിം സിയച്ച്, എഡ്വേഡ് മെൻഡി, തിയാഗോ സിൽവ എന്നിവരെ ടീമിലെത്തിച്ചെങ്കിലും താരങ്ങൾ തമ്മിൽ ഇതു വരെയും പൂർണമായും ഇണങ്ങിയിട്ടില്ല. പ്രതിരോധം ദുർബലമാണെന്നതും ചെൽസിക്കു തിരിച്ചടിയാണ്.

Rate this post