ബാഴ്‌സ സൂപ്പർ താരത്തെ പ്രീമിയർ ലീഗിലേക്കെത്തിക്കാൻ പദ്ധതികളുമായി ചെൽസി; ടീം പുലിസിച്ചിനെ വിൽക്കില്ലെന്നും വ്യക്തമാക്കി

പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി ബാഴ്‌സയുടെ ബ്രസീലിയൻ സൂപ്പർ താരമായ കുട്ടിന്യോയെ ടീമിലെത്തിച്ചേക്കും. കഴിഞ്ഞ സീസണിലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ ഇംഗ്ളണ്ടിലേക്ക് കൊണ്ടുവരാൻ ചെൽസി ശ്രമിച്ചിരുന്നുവെങ്കിലും ആ ട്രാൻസ്ഫർ നടന്നില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന ബാഴ്സയാകട്ടെ ലപ്പോർട്ടയുടെ വരവോടെ ടീമിന് ഭാരമായി തോന്നിക്കുന്ന താരങ്ങളെയെല്ലാം വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

കഴിഞ്ഞ സീസൺ മുതൽ കുട്ടിന്യോ ബാഴ്‌സ വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഫുട്‌ബോൾ ലോകത്ത് പ്രചരിച്ചിരുന്നു. പക്ഷെ ഇപ്പോൾ കാര്യങ്ങൾ കൂടുതൽ യാഥാർഥ്യത്തിലേക്കടുക്കുകയാണ്.

ദി സൺഡേ വേൾഡ് റിപ്പോർട് ചെയ്തത് പ്രകാരം ചെൽസി അധികൃതർ താരത്തിന്റെ ഏജന്റുമായും ചർച്ചകളിൽ ഏർപെട്ടിരുന്നുവത്രെ. ഹാകിം സിയച്, കായ് ഹവേർട്സ്, ടിമോ വെർണർ എന്നിവർ ചെൽസിയുടെ മുന്നേറ്റനിരയിലേക്ക് വന്നതോടെ ട്യൂഷെൽ കുട്ടിന്യോയെ കൂടി ടീമിലെത്തിക്കുമ്പോൾ വളരെ ശക്തമായ ചെൽസിയെ വരും സീസണിൽ പ്രതീക്ഷിക്കാം.

ട്യൂഷലിന്റെ വരവോടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചെൽസി നിലവിൽ പ്രീമിയർ ലീഗിൽ 51 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്.

ദി അത്ലറ്റിക് റിപ്പോർട് ചെയ്തത് പ്രകാരം ചെൽസിയുടെ അമേരിക്കൻ വിങ്ങറായ ക്രിസ്ത്യൻ പുലിസിച് ടീം വിട്ടേക്കില്ല. കുറച്ചു ദിവസങ്ങളായി താരത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമായിരുന്നു.

ചെൽസിയുടെ മുന്നേറ്റനിരയിലെ നിർണായക സാന്നിധ്യമായ പുലിസിചിനെ കൊണ്ട് ടീമിന് വലിയ പദ്ധതികളുണ്ടെന്നും താരത്തെ ഒരു കാരണവശാലും വിൽക്കുന്നില്ലെന്നും റിപ്പോർട്ടിൽ ദി അത്ലറ്റിക് സൂചിപ്പിച്ചു.

Rate this post