യൂറോപ്പിലെ പല പ്രധാന ലീഗുകളിലെയും എല്ലാ ക്ലബുകളും കൂടി ചിലവാക്കിയതിനേക്കാൾ കൂടിയ തുകയാണ് കഴിഞ്ഞ രണ്ടു ട്രാൻസ്ഫർ ജാലകങ്ങളിലായി ചെൽസി മുടക്കിയത്. റോമൻ അബ്രമോവിച്ചിന് പകരക്കാരനായി ടോഡ് ബോഹ്ലി ടീമിന്റെ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയാണ് ചെൽസി പണം വാരിയെറിഞ്ഞു ടീമിനെ മൊത്തത്തിൽ അഴിച്ചു പണിയാൻ തുടങ്ങിയത്.
ഏതാണ്ട് അറുനൂറു മില്യൺ പൗണ്ടിലധികമാണ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകം മുതൽ ചെൽസി മുടക്കിയത്. നിരവധി പുതിയ താരങ്ങളെ സ്വന്തമാക്കിയ ചെൽസി പക്ഷെ ഇപ്പോഴും മോശം ഫോമിലാണ്. ഈ സീസണിൽ ഇരുപത്തിയഞ്ചു മത്സരങ്ങൾ കളിച്ച ചെൽസി ആകെ നേടിയത് ഇരുപതു ഗോളുകൾ മാത്രമാണ്.
മികച്ചൊരു സ്ട്രൈക്കറുടെ അഭാവം ചെൽസിയിൽ പ്രകടനമാണ്. സ്ട്രൈക്കർ പൊസിഷനിൽ കളിക്കുന്ന താരങ്ങൾക്കൊന്നും ഏറ്റവും മികച്ച പ്രകടനം ആ പൊസിഷനിൽ നടത്താൻ കഴിയുന്നില്ല. അതുകൊണ്ടു തന്നെ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയൊരു സ്ട്രൈക്കറെ ടീമിലെത്തിക്കാൻ ചെൽസി ശ്രമം നടത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.
നിലവിൽ നാപ്പോളിയിൽ കളിക്കുന്ന നൈജീരിയൻ സ്ട്രൈക്കറായ വിക്റ്റർ ഒസിംഹനെയാണ് ചെൽസി അടുത്ത സമ്മറിൽ ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്. നാപ്പോളി ഇപ്പോൾ താരത്തിന് നൽകുന്ന നാലര മില്യൺ യൂറോ പ്രതിഫലം ഇരട്ടിയാക്കാൻ ചെൽസി വാഗ്ദാനം നൽകിയിട്ടുണ്ട്. 130 മില്യൺ യൂറോയാണ് താരത്തിനായി നാപ്പോളി വിലയിട്ടിരിക്കുന്നത്.
Todd Boehly has a plan 💰🔵 #CFC https://t.co/j5luuEJdzp
— Chelsea FC News (@Chelsea_FL) March 6, 2023
ഈ സീസണിൽ ഗംഭീരഫോമിൽ കളിക്കുന്ന ഒസിംഹൻ സീരി എ ടോപ് സ്കോററാണ്. നാപ്പോളി ലീഗ് കിരീടമുറപ്പിച്ച് മുന്നോട്ടു പോകുന്നതും താരത്തിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ തന്നെ. ഇരുപത്തിയാറ് മത്സരങ്ങളിൽ നിന്നും ഇരുപത്തിയൊന്ന് ഗോളും നാല് അസിസ്റ്റുമാണ് ഈ സീസണിൽ താരത്തിന്റെ സമ്പാദ്യം.