എതിരാളികളെ വീഴ്ത്തി പ്രീമിയർ ലീഗ് നേടണം, റെക്കോർഡ് തുക മുടക്കി പ്രതിരോധതാരത്തെ സ്വന്തമാക്കി ചെൽസി

പുതിയ സീസണിൽ പതറിയ തുടക്കമാണ് ചെൽസിക്ക് ലഭിച്ചിരിക്കുന്നത്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലക്ഷ്യമിട്ട താരങ്ങളിൽ പലരെയും മറ്റു ക്ലബുകൾ കൊത്തിക്കൊണ്ടു പോവുകയും, കരാർ അവസാനിച്ച് ടീമിലെ വിശ്വസ്‌തരായ പല താരങ്ങളും ക്ലബ് വിടുകയും ചെയ്‌തതിന്റെ ഫലമാണ് പുതിയ സീസണിൽ ചെൽസി നേരിടുന്ന തിരിച്ചടിയുടെ പ്രധാന കാരണം. എവർട്ടനെതിരായ ആദ്യത്തെ മത്സരം വിജയിച്ച ചെൽസി ടോട്ടനം ഹോസ്‌പറിനെതിരെ സമനില വഴങ്ങുകയും അതിനു ശേഷം ലീഡ്‌സിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവി വഴങ്ങുകയും ചെയ്‌തു.

എന്നാൽ സീസണിന്റെ തുടക്കത്തിലുണ്ടായ തിരിച്ചടികളിൽ നിന്നും കരകയറാനുള്ള ശ്രമങ്ങൾ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ ചെൽസി ആരംഭിച്ചിട്ടുണ്ട്. ആഴ്‌ചകളായി തങ്ങളുടെ റഡാറിലുണ്ടായിരുന്ന ലൈസ്റ്റർ സിറ്റി പ്രതിരോധതാരമായ വെസ്‌ലി ഫൊഫാനയെ ചെൽസി സ്വന്തമാക്കിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതാണ്ട് എഴുപത്തിയഞ്ചു മില്യൺ പൗണ്ട് തുകയായും അതിനു പുറമെ ആഡ് ഓണുകളും അടങ്ങുന്ന കരാറിലാണ് ഫ്രഞ്ച് പ്രതിരോധതാരമായ വെസ്‌ലി ഫൊഫാനയെ ചെൽസി ടീമിലെത്തിച്ചതെന്ന് ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിക്കുന്നു.

ഇരുപത്തിയൊന്ന് വയസു മാത്രം പ്രായമുള്ള വെസ്‌ലി ഫൊഫാന യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച യുവപ്രതിരോധതാരങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്. 2020ൽ സെയിന്റ് ഏറ്റിയെന്നയിൽ നിന്നും ലൈസ്റ്റർ സിറ്റിയിലെത്തിയ ഫൊഫാന ക്ലബിനു വേണ്ടി മുപ്പത്തിയേഴു മത്സരങ്ങളിലാണ് കളിക്കാനിറങ്ങിയിരിക്കുന്നത്. കലിഡു കൂളിബാളി, തിയാഗോ സിൽവ, സെസാർ ആസ്പ്ലികുയറ്റ എന്നീ പരിചയസമ്പത്തുള്ള പ്രതിരോധ താരങ്ങൾ ചെൽസിയിൽ ഉണ്ടെന്നിരിക്കെ അവർക്കൊപ്പം നിന്ന് തന്റെ കഴിവുകൾ തേച്ചു മിനുക്കാനും ചെൽസിയിലെ ഭാവിയുടെ താരമാകാനും ഫൊഫാനക്ക് അവസരമുണ്ട്.

ഫൊഫാന ട്രാൻസ്‌ഫർ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടാൽ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ചെൽസി നടത്തുന്ന മൂന്നാമത്തെ സൈനിങ്ങും ഒരു പ്രതിരോധതാരത്തിനു നൽകുന്ന ഉയർന്ന തുകയും ആയിരിക്കുമത്. ഇതിനു മുൻപ് നാപ്പോളിയിൽ നിന്നും കലിഡു കൂളിബാളി, ബ്രൈറ്റണിൽ നിന്നും മാർക്ക് കുകുറയ്യ എന്നിവരെയാണ് ചെൽസി സ്വന്തമാക്കിയത്. സമ്മറിൽ ചെൽസി സ്വന്തമാക്കിയ മൂന്നു താരങ്ങളും പ്രതിരോധനിരയിൽ കളിക്കുന്നവരാണെന്ന പ്രത്യേകത കൂടിയുണ്ട്. ആറു വർഷത്തെ കരാറാണ് ഫൊഫാന ചെൽസിയുമായി ഒപ്പിടുകയെന്നാണ് സൂചനകൾ.

Rate this post