ഗാവിയെ ബാഴ്‌സക്ക് നഷ്‌ടമാകും, ചർച്ചകൾ ആരംഭിച്ച് പ്രീമിയർ ലീഗ് ക്ലബ്

ബാഴ്‌സലോണയുടെ അക്കാദമിയിൽ നിന്നും കഴിഞ്ഞ കാലങ്ങളിൽ ഉയർന്നു വന്നിട്ടുള്ള താരങ്ങളിൽ പ്രധാനിയാണ് ഗാവി. പതിനെട്ടുകാരനായ താരം മികച്ച യുവതാരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയ കളിക്കാരനാണ്. കഴിഞ്ഞ രണ്ടു സീസണുകളിലായി ബാഴ്‌സലോണയുടെയും സ്പെയിനിന്റെയും മധ്യനിരയിൽ സ്ഥിരസാന്നിധ്യവുമാണ് ഗാവി.

എന്നാൽ ബാഴ്‌സലോണക്ക് ഗാവിയെ നഷ്‌ടമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ സീസണിന്റെ തുടക്കത്തിൽ ഗാവിയുമായുള്ള കരാർ ബാഴ്‌സലോണ പുതുക്കിയെങ്കിലും അത് നിലനിൽക്കില്ലെന്ന ലാ ലീഗയുടെ പരാതിയിൽ അനുകൂലവിധിയുണ്ടായതോടെ കരാർ റദ്ദാക്കപ്പെട്ടു. നിലവിൽ യൂത്ത് ടീം താരമെന്ന നിലയിലാണ് ഗാവി ബാഴ്‌സലോണയിലുള്ളത്.

യൂത്ത് ടീം താരമെന്ന നിലയിലേക്ക് വന്ന ഗാവിയുടെ പ്രതിഫലവും കുറയും. ക്ലബിലെ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ താരം ഒട്ടും തൃപ്തനല്ല. ഈ സാഹചയം മുതലെടുത്ത് താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ചെൽസി രംഗത്തുണ്ട്. താരത്തിന്റെ ഏജന്റുമായി ചെൽസി ചർച്ചകൾ ആരംഭിച്ചുവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണ അതിനെ മറികടന്നാൽ മാത്രമേ അടുത്ത സീസണിൽ ഗാവി ടീമിലുണ്ടാകൂ. താരത്തെ സീനിയർ ടീം താരമായി രജിസ്റ്റർ ചെയ്‌തില്ലെങ്കിൽ ഫ്രീ ഏജന്റായി ക്ലബ് വിടാൻ ഗാവിക്ക് അവകാശമുണ്ട്. ബാഴ്‌സലോണയിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഗാവി ക്ലബ് വിടാൻ തന്നെയാകും ശ്രമിക്കുക.

അതേസമയം ചെൽസിക്ക് ഈ സീസണിലെ തിരിച്ചടികൾ മറക്കുകയെന്നതാണ് അടുത്ത സീസണിൽ മുന്നിലുള്ളത്. ഇനി ചാമ്പ്യൻസ് ലീഗിൽ മാത്രം പ്രതീക്ഷയുള്ള അവർ ഈ സീസണിൽ വമ്പൻ താരങ്ങളെ വാങ്ങിക്കൂട്ടിയിരുന്നു. അടുത്ത സീസണിൽ പഴയ താരങ്ങളിൽ പലരെയും ഒഴിവാക്കി പുതിയൊരു ടീമിനെ ഒരുക്കാനാണ് ചെൽസി തയ്യാറെടുക്കുന്നത്.

5/5 - (1 vote)