ചെൽസിയിലെ പ്രതിസന്ധി അതിരൂക്ഷം, സഹികെട്ട് താരങ്ങൾ; കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ ഉടമയായ ടോഡ് ബോഹ്‍ലി എത്തിയതിനു ശേഷം പണം വാരിയെറിഞ്ഞ് നിരവധി താരങ്ങളെ സ്വന്തമാക്കിയെങ്കിലും അതിന്റെ യാതൊരു ഗുണവും ചെൽസിക്കുണ്ടായില്ല. ഈ സീസണിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന പ്രധാന ക്ലബുകളിൽ ഒന്നായ ചെൽസി അടുത്ത സീസണിൽ യൂറോപ്യൻ ടൂർണമെന്റിൽ പങ്കെടുക്കില്ലെന്നും ഉറപ്പായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ചെൽസിയിൽ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. നിരവധി താരങ്ങളെ വാങ്ങുകയും ടീമിലെ താരങ്ങളെ ഒഴിവാക്കാൻ കഴിയാതിരിക്കുകയും ചെയ്‌തതോടെ മുപ്പതിലധികം താരങ്ങളാണ് സ്‌ക്വാഡിലുള്ളത്. ഇവരിൽ പലർക്കും ടീമിനൊപ്പം അവസരം ലഭിക്കുന്നില്ല. വമ്പൻ തുക നൽകി സ്വന്തമാക്കിയ താരങ്ങളും ഇതിലുൾപ്പെടുന്നു.

അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗില്ലെന്നതിനാൽ അവസരങ്ങൾ കുറയുമെന്നതിനാൽ പുതിയതായി ടീമിലെത്തിയ പല താരങ്ങൾക്കും ക്ലബ് വിടാനുള്ള ആഗ്രഹമുണ്ട്. എന്നാൽ ഇവരെല്ലാം ദീർഘകാല കരാറാണ് ക്ലബുമായി ഒപ്പിട്ടിരിക്കുന്നതെന്നത് കൂടുതൽ പ്രതിസന്ധി നൽകുന്നു. ചർച്ചകൾ നടക്കുന്ന സമയത്ത് ക്ലബിന്റെ പ്രധാന താരങ്ങളായി മാറുമെന്ന് പ്രതീക്ഷിച്ചാണ് ഇവർ കരാറൊപ്പിട്ടത്.

ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്‌ടമായതിനാൽ ഈ താരങ്ങൾക്ക് വേതനത്തിൽ വ്യത്യാസം വരുമെന്നതും വലിയൊരു തിരിച്ചടിയാണ്. മുപ്പതു മുതൽ അമ്പതു ശതമാനം വരെ വേതനം വെട്ടിക്കുറക്കെപ്പെടുമെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മുൻപ് കരാറിലെത്തിയ താരങ്ങൾക്ക് ഇത് ബാധകമാവില്ല. ഇത് ക്ലബിലെ താരങ്ങൾക്കിടയിൽ വലിയ പ്രതിസന്ധി രൂപപ്പെടുത്തുന്നുണ്ട്.

ചെൽസിയുടെ പുതിയ പരിശീലകനായി മൗറീസിയോ പോച്ചട്ടിനോ എത്തുമെന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അദ്ദേഹം വന്നാൽ ആദ്യം മുന്നിലുള്ള പ്രതിസന്ധി തനിക്ക് വേണ്ട താരങ്ങളെ നിലനിർത്തി മറ്റുള്ളവരെ ഒഴിവാക്കുക എന്നതായിരിക്കും. എന്നാൽ പല താരങ്ങളും ക്ലബ് വിടാൻ വിസമ്മതം അറിയിക്കാനും സാധ്യതയുള്ളതിനാൽ വലിയ സങ്കീർണതയായിരിക്കും ടീമിനെ കാത്തിരിക്കുന്നത്.

4.5/5 - (2 votes)