“ചെന്നൈയിന്റെ ശക്തമായ പ്രതിരോധ കോട്ട മറികടക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോ ?”

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം വിജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് നിന്നിറങ്ങുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി ചെന്നൈയിൻ ടീമിന്റെ കടുത്ത പ്രതിരോധം മറികടക്കുക എന്നതായിരിക്കും . കഴിഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ നേടിയ വിജയം ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം വളരെ ഉയർത്തിയിട്ടുണ്ട് എന്നതിൽ സംശയമില്ല. മുംബൈക്കെതിരെ പുറത്തെടുത്ത പ്രകടനം ഇന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.

മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ നിന്ന് തീർത്തും വിഭിന്നമായ പോരാട്ടമായിരിക്കും ചെന്നൈയിനെതിരെ നടക്കുകയെന്ന് പരിശീലകൻ വുക്കോമനോവിച്ച് പറഞ്ഞു. മത്സരം കഠിനമായിരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും എന്നാൽ തങ്ങൾ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ മത്സരത്തിൽ പുറത്തെടുക്കാൻ ശ്രമിക്കുമെന്നും ചൂണ്ടിക്കാട്ടി. ചെന്നൈയിനെതിരെ തങ്ങൾ പ്രീസീസണിൽ കളിച്ചിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച ഇവാൻ, മത്സരങ്ങൾ ജയിക്കുന്നതിൽ പ്രതിരോധ നിരകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും സൂചിപ്പിച്ചു.

“ഏറ്റവും കുറവ് ഗോളുകൾ വഴങ്ങുന്ന ടീം മത്സരങ്ങൾക്ക് ശേഷം പോയിൻ്റ് ടേബിളിൽ മുന്നിൽ വരാറുള്ളതാണ് കൂടുതൽ സാഹചര്യങ്ങളിലും നമ്മൾ കാണാറുള്ളത്. അത് കൊണ്ടു തന്നെ നിങ്ങൾ നിങ്ങളുടെ പ്രതിരോധത്തിന് കൂടുതൽ പരിഗണന നൽകണം” പരിശീലകൻ പറഞ്ഞു.മികച്ച അറ്റാക്കിങ് ഫുട്ബോൾ കളിക്കുന്ന രണ്ട് ടീമുകൾക്കെതിരെയായിരുന്നു സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ജയം. മുംബൈ, ഒഡിഷ എന്നിവരുടെ പ്രധാന താരങ്ങളെ കൃത്യമായി മാർക്ക് ചെയ്ത് മുന്നേറാൻ അനുവദിക്കാതെ തളച്ചിട്ടുകൊണ്ടായിരുന്നു ഈ വിജയങ്ങൾ. എന്നാൽ ചെന്നൈയിനെ നേരിടുമ്പോൾ ഈ തന്ത്രങ്ങളൊന്നുകൊണ്ടും കാര്യമില്ല. കാരണം ചെന്നൈയിന്റെ ശൈലി പ്രതിരോധത്തിൽ ഊന്നി ഉള്ളതാണ്.

സെന്റർ ബാക്ക് സ്ലാവ്കോ ഡാംയനോവിച്ച് നയിക്കുന്ന പ്രതിരോധനിരയുടെ കരുത്തിലാണ് ചെന്നൈയിൻ മുന്നേറുന്നത്. സീസണിലെ ആറ് മത്സരങ്ങളിൽ നിന്ന് നാല് ​ഗോൾ മാത്രമാണ് ചെന്നൈയിൻ വഴിങ്ങിയത്. ഈ സീസണിൽ ശക്തമായ പ്രതിരോധ നിരായുള്ള ടീമുകൾക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നന്നായി ബുദ്ധിമുട്ടിയിരുന്നു. അത്കൊണ്ട് തന്നെ ഇനനത്തെ മത്സരത്തിൽ കഴിഞ്ഞ മത്സരത്തേക്കാൾ വിഭിന്നമായി സമീപിക്കേണ്ടതുണ്ട്. വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്തിനാവും ബ്ലാസ്റ്റേഴ്‌സ് ഇന്ന് പ്രാധാന്യം കൊടുക്കുക. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ അഡ്രിയാൻ ലൂണ, ജോർജ് പെരേയ്ര ഡയസ്. അൽവാരോ വാസ്ക്വസ് എന്നീ വിദേശത്രയം ഇന്നത്തെ മത്സരത്തിലും നിരനായകമാവും.

നിങ്ങൾ ആർക്കെതിരെയാണ് കളിക്കുന്നത് എന്നത് ഒരു പ്രശ്നമല്ലെന്നും ഈ ലീഗിൽ ആർക്കും ആരെയും തോൽപ്പിക്കാൻ കഴിയുമെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു.ബ്ലാസ്റ്റേഴ്സ് ടീമിൽ ഈയൊരു ആത്മവിശ്വാസം കൊണ്ടു വരാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഐ എസ് എല്ലിൽ ഇതു വരെ 6 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ 9 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിനെപ്പോലെ തന്നെ 6 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ ചെന്നൈയിനാകട്ടെ 11 പോയിൻ്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്.

Rate this post