തുർക്കി ഭൂകമ്പത്തിൽ കാണാതായ ക്രിസ്റ്റ്യൻ അറ്റ്‌സുവിന്റെ മരണം സ്ഥിരീകരിച്ച് ഏജന്റ്

തുർക്കി, സിറിയ എന്നീ രാജ്യങ്ങളെ മാരകമായി ബാധിച്ച ഭൂകമ്പത്തിൽ കാണാതായ മുൻ പ്രീമിയർ ലീഗ് താരമായ ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ മരണം സ്ഥിരീകരിച്ച് ഏജന്റ്. താരം ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ടുകൾ ആദ്യം വന്നെങ്കിലും നിരവധി ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നാണ് ഘാന ദേശീയ ടീം താരമായ അറ്റ്സു മരണപ്പെട്ടുവെന്നും മൃതദേഹം കണ്ടെത്തിയെന്നുമുള്ള കാര്യം ഏജന്റ് സ്ഥിരീകരിക്കുന്നത്.

ഫെബ്രുവരി ആറിന് തുർക്കിയിൽ നടന്ന ഭൂകമ്പത്തിൽ മുപ്പത്തിയൊന്നുകാരനായ അറ്റ്സു താമസിച്ചിരുന്ന ഹടായ് എന്ന സ്ഥലത്തെ ബിൽഡിങ്ങും തകർന്നിരുന്നു. ഇതോടെ താരം മരണപ്പെട്ടിരിക്കാമെന്ന അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും ജീവനോടെ ഉണ്ടെന്നുള്ള വാർത്തകൾ അതിനു പിന്നാലെ വന്നു. എന്നാൽ ഒരാഴ്‌ചയിലധികം പിന്നിട്ടിട്ടും താരത്തെ കണ്ടെത്താൻ കഴിയാത്തതിന്റെ ആശങ്ക ഏജന്റ് ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു.

ഇന്നൊരു പ്രസ്‌താവനയിലൂടെയാണ് അറ്റ്സുവിന്റെ വിയോഗം ഏജന്റായ മുറാത്ത് അറിയിക്കുന്നത്. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ ഇടയിൽ നിന്നും അറ്റ്സുവിന്റെ ജീവനില്ലാത്ത ശവശരീരം കണ്ടെത്തിയെന്നും താരത്തിന്റെ മൊബൈൽ ഫോണും ഒപ്പം കണ്ടെത്തിയെന്നും എജെന്റ് അറിയിച്ചു. താരത്തിന്റെതായ മറ്റു വസ്‌തുക്കൾ ഇനി കണ്ടെത്തേണ്ടതുണ്ടെന്നും പ്രസ്‌താവനയിൽ ഏജന്റ് വ്യക്തമാക്കുന്നു.

തുർക്കിഷ് ക്ലബായ ഹടായ്സ്പോറിനു വേണ്ടി കളിച്ചു കൊണ്ടിരിക്കെയാണ് ക്രിസ്റ്റ്യൻ അറ്റ്സുവിനെ മരണം കവരുന്നത്. സൗദി ക്ലബായ അൽ റയേദിൽ നിന്നും 2022ലാണ് താരം തുർക്കിയിലെത്തിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൺ, ബേൺമൗത്ത്‌, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ക്ലബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള അറ്റ്സു ഘാനക്ക് വേണ്ടി 65 മത്സരങ്ങളിൽ നിന്നും പത്ത് ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post