ഒരു താരതമ്യവും പാടില്ല, മെസ്സിയെ പോലെ ഒരു താരത്തെ എന്റെ ജീവിതത്തിൽ ഞാനിതുവരെ കണ്ടിട്ടില്ല : ക്രിസ്റ്റ്യൻ റൊമേറോ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരാണ് എന്നുള്ള കാര്യത്തിൽ വ്യത്യസ്ത അഭിപ്രായക്കാരാണ് നിലവിലുള്ളത്.ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കിടയിലാണ് പലപ്പോഴും താരതമ്യങ്ങൾ വരാറുള്ളത്. അതേസമയം മെസ്സിയെ പെലെ, മറഡോണ എന്നിവരുമായി താരതമ്യം ചെയ്യാറുണ്ട്.

എന്നാൽ ലയണൽ മെസ്സിയുടെ സഹതാരവും അർജന്റീന സൂപ്പർതാരവുമായ ക്രിസ്റ്റ്യൻ റൊമേറോക്ക് ഇക്കാര്യത്തിൽ യാതൊരുവിധ സംശയങ്ങളുമില്ല. അതായത് മെസ്സിയെ മറ്റാരുമായും താരതമ്യം ചെയ്യാൻ പാടില്ല എന്നാണ് റൊമേറോയുടെ നിലപാട്. മെസ്സിയെ പോലെ ഒരു താരത്തെ ഇതുവരെ താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും റൊമേറോ കൂട്ടിച്ചേർത്തു.

‘ എന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സി വ്യത്യസ്തമായ ക്ലാസ് ഉള്ള ഒരു താരമാണ്.എന്റെ ജീവിതത്തിൽ മെസ്സിയെ പോലെ ഒരു താരത്തെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അവിശ്വസനീയമായ കാര്യങ്ങളാണ് അദ്ദേഹം ഇതുവരെ ചെയ്തു തീർത്തിട്ടുള്ളത്.അതുകൊണ്ടുതന്നെ ഒരു താരതമ്യത്തിന് പോലും ഇവിടെ സ്ഥാനമില്ല എന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തോടൊപ്പം കളിക്കുക എന്നുള്ളത് ബ്രില്യൻഡായ ഒരു കാര്യമാണ് ‘ സ്കൈ സ്പോർട്സിനോട് റൊമേറോ പറഞ്ഞു.

നിലവിൽ അർജന്റീനയുടെ ദേശീയ ടീമിൽ ഒരുമിച്ച് കളിക്കുന്നവരാണ് റൊമേറോയും മെസ്സിയും.റൊമേറോ അർജന്റീനയുടെ സെന്റർ ബാക്ക് ആയതിനുശേഷം വളരെ കുറഞ്ഞ ഗോളുകൾ മാത്രമാണ് അർജന്റീന വഴങ്ങിയിട്ടുള്ളത്. ആ മികച്ച ഫോം ഈ വരുന്ന ഹോണ്ടുറാസ്,ജമൈക്ക എന്നിവർക്കെതിരെയുള്ള മത്സരത്തിലും പുറത്തെടുക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് അർജന്റീനയുള്ളത്.

അതേസമയം മെസ്സി അർജന്റീനക്ക് വേണ്ടിയും ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അവസാനമായി അർജന്റീനക്ക് വേണ്ടി കളിച്ച മത്സരത്തിൽ 5 ഗോളുകളാണ് മെസ്സി നേടിയത്.പിഎസ്ജിയുടെ കാര്യത്തിലേക്ക് വരുമ്പോൾ ഈ സീസണിൽ മെസ്സി 5 ഗോളുകളും 8 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Rate this post