‘ലോകത്തിലെ ഏറ്റവും മികച്ച താരത്തെ വീണ്ടും കാണാൻ കഴിഞ്ഞു’:മെസിയെ പുകഴ്ത്തി ക്രിസ്റ്റോഫ് ഗാൽറ്റിയർ |Lionel Messi

ലോകകപ്പ് നേടിയതിന് ശേഷമുള്ള ലയണൽ മെസ്സിയുടെ ആദ്യ ക്ലബ് മത്സരമായതിനാൽ ഇന്നലെ നടന്ന പിഎസ്ജി vs ആംഗേഴ്‌സ് ലീഗ് 1 മത്സരം ശ്രദ്ധ ആകർഷിച്ചു.പാർക് ഡെസ് പ്രിൻസസിൽ പിഎസ്ജിയുടെ 2-0 വിജയത്തിൽ ലയണൽ മെസ്സിയും ഗോൾ നേടിയതോടെ ആരാധകർ ഇരട്ടി സന്തോഷത്തിലാണ്.ഹ്യൂഗോ എകിറ്റികെയും ലയണൽ മെസ്സിയുമാണ് ആംഗേഴ്സിനെതിരെ പിഎസ്ജിക്കായി ഗോളുകൾ നേടിയത്. കളിയുടെ 72-ാം മിനിറ്റിൽ ആണ് മെസി ഗോൾ നേടിയത്.

ലയണൽ മെസ്സി ഇല്ലാതിരുന്ന ലെൻസിനെതിരായ ലീഗ് 1 മത്സരത്തിൽ പിഎസ്ജി പരാജയപ്പെട്ടിരുന്നു. ലെൻസിനെതിരെ സീസണിലെ ആദ്യ തോൽവിയാണ് പിഎസ്ജി ഏറ്റുവാങ്ങിയത്. എങ്കിലും ലയണൽ മെസ്സി ടീമിൽ തിരിച്ചെത്തിയതോടെ പിഎസ്ജി വിജയവഴിയിലേക്ക് തിരിച്ചെത്തി. കൈലിയൻ എംബാപ്പെ ആംഗേഴ്സിനെതിരെ കളിച്ചില്ലെങ്കിലും വിജയം നേടാൻ സാധിച്ചു.മത്സരശേഷം ലയണൽ മെസ്സിയുടെ പ്രകടനത്തെക്കുറിച്ച് പിഎസ്ജി പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ സംസാരിച്ചു.

ലയണൽ മെസ്സി ലോകകപ്പ് നേടിയതിലും ലോകത്തിലെ ഏറ്റവും മികച്ച താരത്തെ ആംഗേഴ്സിനെതിരായ മത്സരത്തിൽ വീണ്ടും കാണാൻ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്ന് ക്രിസ്റ്റോഫ് ഗാൽറ്റിയർ പറഞ്ഞു.’ നമ്മൾ ഇപ്പോൾ കണ്ടതാണല്ലോ, തീർച്ചയായും ലയണൽ മെസ്സി തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം.അദ്ദേഹം കളിക്കാൻ വേണ്ടി വളരെയധികം ആകാംക്ഷയോടെ കൂടി കാത്തിരിക്കുകയായിരുന്നു.നല്ല രൂപത്തിൽ അദ്ദേഹം തയ്യാറെടുത്തിരുന്നു. തീർച്ചയായും ലയണൽ മെസ്സി കളത്തിൽ ഉണ്ടെങ്കിൽ പിന്നീട് ഒരുപാട് മാറ്റങ്ങൾ സംഭവിക്കും. അദ്ദേഹം വളരെ ശാന്തനായിരുന്നു. തന്റെ കരിയറിൽ മിസ്സിംഗ് ആയിരുന്ന ആ ഒരു കിരീടം സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് ‘ ഗാൽറ്റിയർ പറഞ്ഞു .

രാജ്യാന്തര തലത്തിൽ ഈ സീസണിൽ മികച്ച പ്രകടനമാണ് ലയണൽ മെസ്സി നടത്തിയത്. ഫിഫ ലോകകപ്പ് ഉയർത്തിയതടക്കം അർജന്റീന ടീമിന്റെ നേട്ടങ്ങളിൽ പങ്കുചേരുകയും ഖത്തർ ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത മെസ്സി വ്യക്തിഗത മികവും പുറത്തെടുത്ത സീസണായിരുന്നു ഇത്. നിലവിൽ ക്ലബ് തലത്തിലും മികച്ച ഫോമിലാണ് ലയണൽ മെസ്സി കളിക്കുന്നത്. അതിനാൽ, ഈ വർഷത്തെ ബാലൺ ഡി ഓർ ഉൾപ്പെടെ നിരവധി വ്യക്തിഗത അവാർഡുകൾ 35 കാരനായ ലയണൽ മെസ്സി നേടാനുള്ള സാധ്യത വളരെ കൂടുതലാണ്.

Rate this post