“തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി ; ചെൽസിക്ക് വീണ്ടും സമനില”
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയകുതിപ്പ് തുടർന് മാഞ്ചസ്റ്റർ സിറ്റി .സെന്റ് ജെയിംസ് പാർക്കിൽ ന്യൂകാസിൽ യുണൈറ്റഡിനെ 4-0 നാണ് പരാജയപ്പെടുത്തിയത്.ഡിഫൻഡർ റൂബൻ ഡയസിന്റെ ആദ്യ ഗോളും ഡിഫൻഡർ ജോവോ കാൻസെലോ, വിംഗർ റിയാദ് മഹ്റസ്, ഫോർവേഡ് റഹീം സ്റ്റെർലിംഗ് എന്നിവരുടെ ഗോളുമാണ് സിറ്റിക്ക് വിജയം ഒരുക്കിയത്.കഴിഞ്ഞ മത്സരത്തിൽ സിറ്റി എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ലീഡ്സിനെ പരാജയപെടുത്തിയിരുന്നു.
ഇന്ന് അഞ്ചാം മിനുട്ടിൽ റുബൻ ഡിയസാണ് സിറ്റിക്ക് ലീഡ് നൽകിയത്. ഗോൾ കീപ്പറും ഡിഫൻഡറും തമ്മിലുണ്ടായ ആശയ കുഴപ്പം മുതലാക്കി ആയിരുന്നു റുബൻ ഡിയസിന്റെ ഗോൾ.27ആം മിനുട്ടിൽ കാൻസെലോ സിറ്റിക്കായി രണ്ടാം ഗോൾ നേടി. 18 യാർഡ് ബോക്സിന്റെ അരികിൽ നിന്ന് ഒരു ഉഗ്രൻ ഷോട്ടിലൂടെ ന്യൂകാസിലിന്റെ വല ചലിപ്പിച്ചത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്ട്രൈക്കർ ഗബ്രിയേൽ ജീസസ് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് ഹെഡ് ചെയ്തെങ്കിലും ന്യൂകാസിൽ ഗോൾകീപ്പർ മാർട്ടിൻ ദുബ്രാവ്ക തട്ടിയകറ്റി.
ഡിഫൻഡർ ഒലെക്സാണ്ടർ സിൻചെങ്കോ നൽകിയ ക്രോസ് ഒരു വോളിയിലൂടെ ഫിനിഷ് ചെയ്ത് 64 മിനിറ്റിൽ മഹ്റസ് സിറ്റിയുടെ മൂന്നാമത്തെ ഗോൾ സ്കോർ ചെയ്തു.ഗോൾ ആദ്യം ഓഫ്സൈഡായി ലൈൻസ്മാൻ വിധിച്ചെങ്കിലും പിന്നീട് വീഡിയോ അസിസ്റ്റന്റ് റഫറി അത് അനുവദിച്ചു.ജീസസ് നൽകിയ ക്രോസിൽ നിന്നും 86 ആം മിനുട്ടിൽ സ്റ്റെർലിംഗ് പട്ടിക പൂർത്തിയാക്കി.ഈ വിജയത്തോടെ സിറ്റി ലീഗിൽ 44 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. ന്യൂകാസിൽ ഇപ്പോഴും റിലഗേഷൻ സോണിലാണ്.
പ്രീമിയർ ലീഗിൽ ചെൽസിക്ക് വീണ്ടും സമനില. ഇന്ന് വോൾവിസിനെതിരെയാണ് ചെൽസി ഗോൾ രഹിത സമനിലയിൽ കുടുങ്ങിയത്. പരിക്കും കോവിഡ് ബാധയും തിരിച്ചടിയായപ്പോൾ പകരക്കാരുടെ ബെഞ്ചിൽ ആളെ കണ്ടെത്താൻ പോലും ഇന്നത്തെ മത്സരത്തിൽ ചെൽസിക്കായിരുന്നില്ല. മത്സരം മാറ്റിവെക്കാൻ ചെൽസി പ്രീമിയർ ലീഗിനോട് അഭ്യർത്ഥിച്ചെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു.
ചെൽസിക്ക് മത്സരത്തിൽ മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും തുടർന്ന് മത്സരത്തിലേക്ക് തിരിച്ചുവന്ന വോൾവ്സ് ഗോൾ മുഖം ആക്രമിക്കാൻ തുടങ്ങി. തുടർന്ന് ആദ്യ പകുതിയിൽ വോൾവ്സ് ചെൽസി ഗോൾ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചത് ചെൽസിക്ക് തുണയായി. തുടർന്ന് രണ്ടാം പകുതിയിൽ ചെൽസി ഉണർന്നു കളിച്ചെങ്കിലും ഗോൾ നേടാൻ അവർക്കായില്ല. ഇന്നത്തെ സമനിലയോടെ ചെൽസി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 6 പോയിന്റ് പിറകിലായി.