ഈ ട്രാൻസ്ഫറിൽ ബാഴ്സ വിടാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല, ബാഴ്സ സൂപ്പർ താരം വെളിപ്പെടുത്തുന്നു.

ബാഴ്സയുടെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാന് താല്പര്യമില്ലാത്ത ഒരു താരമാണ് സാമുവൽ ഉംറ്റിറ്റി. കൂമാൻ സ്ഥാനമേറ്റ ഉടനെ ഒഴിവാക്കാൻ കല്പിച്ച താരങ്ങളിൽ ഒരാളായിരുന്നു ഈ ഫ്രഞ്ച് ഡിഫൻഡർ. എന്നാൽ താരം ബാഴ്സ വിട്ടിരുന്നില്ല. പക്ഷെ പരിക്ക് മൂലം പുറത്തിരിക്കുന്ന താരം ഈ സീസണിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല.

ഇപ്പോഴിതാ താൻ ബാഴ്സ വിടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉംറ്റിറ്റി. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്റെ മുൻ ക്ലബായ ലിയോണിലേക്ക് മടങ്ങി പോവാൻ വേണ്ടി താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അത് നടക്കാതെ പോവുകയുമായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം കനാൽ പ്ലസ് ഫ്രാൻസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. താരത്തിന്റെ ഉയർന്ന സാലറിയാണ് ഇതിന് തടസ്സമായത്.

” ലിയോൺ എന്റെ ടീമാണ്. അത് എന്റെ നഗരവുമാണ്. എനിക്ക് യൂറോപ്പിലും ബാഴ്സലോണയിലും ഫ്രഞ്ച് ടീമിലും കളിക്കാൻ അവസരമൊരുക്കി തന്നത് ലിയോൺ ആണ്. ഈ സമ്മർ ട്രാൻസ്ഫറിൽ ഞങ്ങൾ ചർച്ചകൾ നടത്തിയിരുന്നു. പക്ഷെ അതൊന്നും ഫലം കണ്ടില്ല ” ഉംറ്റിറ്റി പറഞ്ഞു.

2018 വേൾഡ് കപ്പ് വിജയത്തിന് ശേഷം നിരവധി തവണ പരിക്കുകളാൽ വലഞ്ഞ താരമാണ് ഉംറ്റിറ്റി. താരം ശസ്ത്രക്രിയകൾക്ക് വിധേയനാവുകയും ചെയ്തിരുന്നു. ഇനി പരിക്ക് മാറി തിരിച്ചു വന്നാലും ബാഴ്സയിൽ സ്ഥാനം ലഭിക്കുക എന്നുള്ളത് ബുദ്ധിമുട്ടായിരിക്കും. പരിശീലകൻ കൂമാന്റെ പദ്ധതികളിൽ ഇല്ലാത്ത ഒരു താരമാണ് ഉംറ്റിറ്റി. അത്കൊണ്ട് തന്നെ താരം ഇനിയും ക്ലബ് വിടാനുള്ള ശ്രമങ്ങൾ നടത്തിയേക്കും.

Rate this post