“മറ്റൊരു ക്ലബ്ബിനെ കുറിച്ചു ചിന്തിക്കുവാൻ തന്നെ എനിക്ക് കഴിയുന്നില്ല!” വിരമിക്കുന്നതിനെ കുറിച്ചു പിക്വേ.

ബാഴ്‌സലോണ ഇതിഹാസം പിക്വേ ക്ലബ്ബിൽ തന്നെ വിരമിക്കുമെന്നു വ്യക്തമാക്കി. മറ്റുള്ള ക്ലബ്ബുകളിൽ കളിക്കാൻ തനിക്ക് താൽപര്യമില്ലെന്നും താരം പറഞ്ഞു.

34കാരനായ താരത്തിന് ക്ലബ്ബ് വിടുക എന്ന ഒരു ചിന്ത തന്നെയില്ല. നിലവിലെ കരാർ അവസാനിക്കുമ്പോഴേക്കും താരത്തിന് 37 വയസ്സായേക്കും. 2024വരെയാണ് താരത്തിന്റെ നിലവിലെ കരാർ.

2008ൽ ക്ലബ്ബുമായും വീണ്ടും ഒന്നിച്ചതിനു ശേഷം 29 കിരീടങ്ങൾ താരം ബാർസെലോണയ്ക്കൊപ്പം നേടിയിട്ടുണ്ട്. തന്റെ ഭാഗ്യത്തെ മറ്റൊരു ക്ലബ്ബിൽ പരീക്ഷിക്കാൻ യാതൊരു താത്പര്യവും താരത്തിനില്ലെന്നും വ്യക്തമാക്കി.

“ഞാൻ ബാഴ്സയിൽ തന്നെ വിരമിക്കും. ഞാനത് ഇതിനു മുൻപും വ്യക്തമാക്കിയിട്ടുള്ളതാണ്.” പിക്വേ ഇബായ് ലാനോസിനോട് പറഞ്ഞു.

“ഞാൻ ഫുട്‌ബോൾ കളിക്കുന്നത് തന്നെ ബാഴ്‌സയെ പ്രതിനിധീകരിക്കുന്നു എന്നത് കൊണ്ടാണ്. മറ്റൊരു ടീമിനെ കുറിച്ചു ചിന്തിക്കാൻ തന്നെ എനിക്ക് കഴിയുന്നില്ല!”

കഴിഞ്ഞ നവംബറിൽ അത്ലറ്റികോ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ താരത്തിന്റെ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് പിന്നീട് താരം കളിച്ചിട്ടില്ല. താരത്തിനു പകരം കളിക്കുന്ന റൊണാൾഡ്‌ അരാജോ മികച്ച ഫോമിലാണ്.

സ്പെയിനിന്റെ വിശ്വസ്ത പ്രതിരോധഭടനായ താരം അരാജോയെയാണ് തന്റെ പിൻഗാമിയായി കാണുന്നത്.

“അരാജോ മികച്ച സെന്റർ ബാക്കാണ്. അവൻ 10-15 വർഷത്തോളം ഇവിടെ തന്നെയുണ്ടാവും. അവന് ഒരു ഡിഫെൻഡറിനു വേണ്ട എല്ലാവിധ ഗുണങ്ങളും ഉണ്ട്. ശാരീരിക ക്ഷമത, വേഗത, ബോൾ കണ്ട്രോൾ തുടങ്ങിയ എല്ലാ മേഖലകളിലും അവൻ സമർത്ഥനാണ്.” പിക്വേ പറഞ്ഞു.

മെസ്സിയെ കുറിച്ചും താരം സംസാരിച്ചിരുന്നു. മെസ്സി ഈ സീസൺ അവസാനം ക്ലബ്ബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്, ഇതിനെ പറ്റി താങ്കൾ എന്തു പറയുന്നു എന്നു ചോദിച്ചപ്പോൾ പിക്വേ പ്രതികരിച്ചതിങ്ങനെ:

“സമ്മറിൽ നടന്നതെല്ലാം നല്ലതിന് വേണ്ടിയായിരുന്നു, കാരണം അവസാനം മെസ്സി ഇവിടെ തന്നെ തുടർന്നു. അവൻ ഇവിടെ വളരെ സന്തുഷ്ടനാണ്. അവൻ ഇവിടെയുള്ളപ്പോൾ വിജയം എന്നെ വിട്ടു പോവുകയില്ല!”

പിക്വേ വ്യക്തമാക്കി.

Rate this post