ഇന്ന് നടന്ന കോപ അമേരിക്ക ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീനയുടെ ഫുട്ബോൾ സെൻസേഷൻ ലയണൽ മെസ്സി തന്റെ ദേശീയ ടീമിനൊപ്പം ആദ്യ ചാമ്പ്യൻഷിപ്പ് നേടി.ഏഞ്ചൽ ഡി മരിയയുടെ ഏക ഗോളിനായിരുന്നു അർജന്റീനയുടെ വിജയം.അർജന്റീനയുടെ 28 വർഷത്തെ കിരീട വരൾച്ചയ്ക്ക് റിയോ ഡി ജനീറോയുടെ മറകാന സ്റ്റേഡിയത്തിൽ അങ്ങനെ അവസാനമായി. കിരീടം നേടിയതോടെ ഉറുഗ്വേയുടെ 15 കിരീടം എന്ന റെക്കോർഡിനൊപ്പമെത്തി അര്ജന്റീന. ടൂർണമെന്റിൽ ഉടനീളം ശ്രദ്ധേയമായ ചില വ്യക്തിഗത പ്രകടനങ്ങൾ ഉണ്ടാവുകയും പുതിയ താരങ്ങൾ ഉടലെടുക്കുകയും ചെയ്തു.കോപ അമേരിക്കയിലെ ടീം ഓഫ് ദി ടൂർണമെന്റിൽ ആരെല്ലാം ഇടം പിടിച്ചു എന്ന് പരിശോധിക്കാം.
ഗോൾകീപ്പർ- എമിലിയാനോ മാർട്ടിനെസ് (അർജന്റീന/ആസ്റ്റൺ വില്ല )
കോപ അമേരിക്ക 2021 ലെ കളിക്കാരിൽ ഒരാളാണ് എമിലിയാനോ മാർട്ടിനെസ്, നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാൾ കൂടിയാണ് മാർട്ടിനെസ്. കൊളംബിയയ്ക്കെതിരായ മൂന്ന് പെനാൽറ്റി സേവുകൾ ആണ് റിയോ ഡി ജനീറോയിൽ നടന്ന ഫൈനലിൽ അർജന്റീനയ്ക്ക് സ്ഥാനം നേടിക്കൊടുത്തത്. ആസ്റ്റൺ വില്ല അരങ്ങേറ്റ സീസണിൽ പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലോവ് റാങ്കിംഗിൽ 15 ക്ലീൻ ഷീറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തി. ഫൈനലിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത താരം ഗോൾഡൻ ഗ്ലോവ് പുരസ്കാരം നേടി.
റൈറ്റ് ബാക്ക് – ജുവാൻ ക്വാഡ്രാഡോ (കൊളംബിയ/യുവന്റസ് )
കോപ്പ അമേരിക്കയിൽ കൊളംബിയയെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് യുവന്റസ് താരം ജുവാൻ ക്വാഡ്രാഡോ. കൊളംബിയയുടെ മുന്നേറ്റങ്ങളെല്ലാം ക്വാഡ്രാഡോയെ മുൻനിർത്തിയാണ്.പെറുവിനെതിരായ മൂന്നാം സ്ഥാനക്കാരായ മത്സരത്തിൽ ഫ്രീ കിക്കിലൂടെ ഒരു ഗോൾ നേടുകയും ചെയ്തു.
സെന്റർ ബാക്ക്- മാർക്വിൻഹോസ് (ബ്രസീൽ/പിഎസ്ജി )
കോപ്പ അമേരിക്ക 2021 കാമ്പെയ്നിലുടനീളം സെന്റർ ബാക്കിൽ മാർക്വിൻഹോസ് സ്ഥിര സാന്നിധ്യമായിരുന്നു, തിയാഗോ സിൽവയും ഈഡർ മിലിറ്റാവോയും പങ്കാളികളായി മാറി മാറി വന്നെങ്കിലും സ്ഥിരതയാർന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. വെനസ്വേലയ്ക്കെതിരായ കളിയുടെ ആദ്യ ഗോൾ നേടിയ അദ്ദേഹം ബ്രസീലിനായി എല്ലാ കളികളിലും മികച്ച പ്രകടനം പുറത്തെടുത്തു.
സെന്റർ ബാക്ക് – നിക്കോളാസ് ഒറ്റമെൻഡി (അർജന്റീന / ബെൻഫിക്ക )
കോപ്പ അമേരിക്ക 2021 ഫൈനലിൽ അർജന്റീനക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് സെന്റര് ബാക്ക് ഒറ്റമെൻഡി.ഒറ്റമെൻഡിയുടെ കളിയുടെ ശൈലി പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും കുറച്ച് കാലമായി അർജന്റീനയുടെ ആദ്യത്തെ ചോയ്സ് സെന്റർ ബാക്ക് ആണ് താരം.അർജന്റീന സീനിയർ ടീമിനായി 80 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ടീമിലെ ഏറ്റവും പരിചയസമ്പന്നരായ അംഗങ്ങളിൽ ഒരാളുമാണ്. ടൂർണമെന്റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.
ലെഫ്റ്റ് ബാക്ക് – മാറ്റിയാസ് വിന (ഉറുഗ്വേ/പാൽമിറാസ്)
കഴിഞ്ഞ വർഷം കോപ ലിബർട്ടഡോറസിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു മാറ്റിയാസ് വിന.തന്റെ ഉറുഗ്വേ ടീമായ നാഷണലിനെ പ്രൈമറ ഡിവിഷനിൽ വിജയിപിച്ച താരം കഴിഞ്ഞ സീസണിലാണ് ബ്രസീലിയൻ ക്ലബ്ബിലെത്തിയത്.ഈ ടൂർണമെന്റിൽ, 23 കാരൻ ഉറുഗ്വേയ്ക്കായി എല്ലാ മത്സരങ്ങളും കളിക്കുകയും ടൂർണമെന്റിലെ ഏറ്റവും മികച്ച യുവ കളിക്കാരിൽ ഒരാളായി മാറുകയും ചെയ്തു.
പ്രതിരോധ മിഡ്ഫീൽഡർ: കാസെമിറോ (ബ്രസീൽ/ റിയൽ മാഡ്രിഡ് )
കോപ്പ അമേരിക്ക 2021 ൽ ബ്രസീലിനായുള്ള ആദ്യ ഇലവനിൽ സ്ഥിര സാന്നിധ്യമായിരുന്നു കാസെമിറോ, ടൂർണമെന്റിലെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായിരുന്നു റയൽ താരം.ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ മിഡ്ഫീൽഡർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന കാസെമിറോ ക്ലബ്ബിനും രാജ്യത്തിനുമായി സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. കോപ്പയിൽ ബ്രസീലിയൻ വിജയങ്ങളിൽ അവിഭാജ്യ ഘടകമാണ് 29 കാരൻ മിഡ്ഫീൽഡർ.
സെൻട്രൽ മിഡ്ഫീൽഡർ – റോഡ്രിഗോ ഡി പോൾ (അർജന്റീന / ഉഡീനീസ്)
കോപ അമേരിക്ക 2021 ന്റെ ഫൈനലിൽ ഡി മരിയയുടെ ഏക ഗോളിന് അവസരമൊരുക്കിയത് ഡി പോൾ ആയിരുന്നു.ടൂർണമെന്റിൽ ഉടനീളം മിഡ്ഫീൽഡിൽ മികച്ച പ്രകടനമാണ് 27 കാരൻ നടത്തിയത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരു പോലെ തിളങ്ങുന്ന താരമാണ് ഡി പോൾ.ഉഡിനീസിൽ നിന്ന് ഡി പോൾ ഉടൻ തന്നെ അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ ചേരാൻ ഒരുങ്ങുകയാണ്.
സെൻട്രൽ മിഡ്ഫീൽഡർ: ലൂക്കാസ് പക്വെറ്റ (ബ്രസീൽ/ ലിയോൺ )
സെമിയിലും ക്വാർട്ടറിലും ഗോളുകൾ നേടി ബ്രസീലിനെ ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച താരമാണ് പക്വെറ്റ.എസി മിലനുമായുള്ള നിരാശാജനകമായ സീസണ് ശേഷം കഴിഞ്ഞ സീസണിൽ ലിയോണിൽ ചേർന്ന പക്വെറ്റ, 2020-21 സീസണിൽ ലിഗ് 1 ലെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായിരുന്നു.കോപ അമേരിക്ക 2021 കാമ്പെയ്നിന്റെ മന്ദഗതിയിലുള്ള തുടക്കത്തിനുശേഷം ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും യഥാക്രമം ചിലിക്കും പെറുവിനുമെതിരെയും വിജയ ഗോൾ നേടി.ക്രിയേറ്റീവ് മിഡ്ഫീൽഡറായ പക്വെറ്റ ബ്രസീലിന്റെ ഭാവി താരമാണ്.
അറ്റാക്കിംഗ് മിഡ്ഫീൽഡർ – ലയണൽ മെസ്സി (അർജന്റീന / ബാഴ്സലോണ
വലിയൊരു കാത്തിരുപ്പ് അവസാനിപ്പിച്ച് കൊണ്ടാണ് മെസ്സി കോപ്പ കിരീടത്തിൽ മുത്തമിട്ടത്. ചാമ്പ്യൻഷിപ്പിലെ ഗോൾഡൻ ബോൾ ടോപ് സ്കോറർ കൂടുതൽ അസിസ്റ്റുകൾ എന്നി പുരസ്കാരങ്ങൾ നേടിയ മെസ്സിയുടെ ഒറ്റയാൾ പ്രകടനമാണ് അർജന്റീനയെ ഫൈനലിൽ എത്തിച്ചത്. ഫൈനലിൽ അത്ര മികച്ച പ്രകടനം ആയിരുന്നില്ലെങ്കിലും ടൂർണമെന്റിന്റെ താരം തന്നെയാണ് 34 കാരൻ
സ്ട്രൈക്കർ: ലൂയിസ് ഡയസ് (കൊളംബിയ/ പോർട്ടോ )
മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ പെറുവിനെ 3-2 ന് പരാജയപെടുത്തിയപ്പോൾ ഇരട്ട ഗോളുകൾ നേടിയ ഡിയാസ് ഇഞ്ചുറി ടൈമിൽ നേടിയ ഗോളിനാണ് കൊളംബിയ വിജയം നേടിയത്. അര്ജന്റീനക്കും ബ്രസീലിനും എതിരെയുള്ള ഗോളുകൾ ഉൾപ്പെടെ നാല് ഗോളുകൾ ടൂർണമെന്റിൽ 24 കാരൻ നേടി.ബ്രസീലിനെതിരെ നേടിയ ബൈ സൈക്കിൾ കിക്ക് ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നാണ്.
സ്ട്രൈക്കർ: നെയ്മർ (ബ്രസീൽ/പിഎസ്ജി)
കോപ്പ അമേരിക്ക 2021 ലെ ബ്രസീലിന്റെ ഏറ്റവും മികച്ച താരമായിരുന്നു നെയ്മർ.ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ നെയ്മർ രണ്ട് ഗോളുകൾ മൂന്ന് അസിസ്റ്റുകൾ നേടി.ലയണൽ മെസ്സിക്കുശേഷം ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി 29 കാരൻ മാറി. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.