ചില ഫുട്ബോൾ ടൂർണമെന്റുകൾ വിജയിച്ച ടീമുകളേക്കാൾ വ്യക്തിഗത കളിക്കാരുടെ പേരിലാവും അറിയപ്പെടുന്നത്. 1984 ലെ യൂറോ കപ്പ് മാസ്റ്ററോ മൈക്കൽ പ്ലാറ്റിനി ഫ്രഞ്ചുകാരെ ഹോം മൈതാനത്ത് വിജയത്തിലേക്ക് നയിച്ചത് പോലെ , 1986 ഫിഫ ലോകകപ്പ് ഡീഗോ മറഡോണ അർജന്റീനക്ക് നേടിക്കൊടുത്തത് പോലെ തന്നെയായിരുന്നു അഡ്രിയാനോയുടെ ടൂർണമെന്റായിരുന്നു കോപ്പ അമേരിക്ക 2004.
ടൂർണമെന്റിൽ ഉടനീളം തന്റെ മിന്നുന്ന ഫോം നിലനിർത്തിയ മുൻ ഇന്റർ മിലൻ സ്‌ട്രൈക്കർ വമ്പൻ താരങ്ങളില്ലാതെ എത്തിയ ബ്രസീലിയൻ ടീമിനെ ഏഴാം കോപ്പ കിരീടത്തിലേക്കെത്തിച്ചു. പെറുവിൽ നടന്ന 2004 ലെ കോപ്പയിൽ മുഴുവൻ താരങ്ങളുമായെത്തിയ അർജന്റീനയെ പരാജയപെടുത്തിയാണ് ബ്രസീൽ കിരീടം നേടിയത്. കോപ്പ അമേരിക്ക ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫൈനലുകളിൽ ഒന്നായിരുന്നു ലിമയിൽ അരങ്ങേറിയത്.ദക്ഷിണ അമേരിക്കൻ ഫുട്ബോളിന്റെ ഏറ്റവും വലിയ എതിരാളികൾ തമ്മിലുള്ള രണ്ടാമത്തെ കോപ അമേരിക്ക ഫൈനൽ മാത്രമായിരുന്നു ഇത് . 1937 ൽ ആയിരുന്നു ഇവർ തമ്മിലുളള ആദ്യ ഫൈനൽ.
ഇക്വഡോറിനെതിരെ 6-1 ന്റെ തകർപ്പൻ ജയത്തോടെയാണ് അര്ജന്റീന ടൂർണമെന്റ് ആരംഭിച്ചത്.സാവിയോളയുടെ ഹാട്രിക്കിന്റെ പിൻബലത്തിലായിരുന്നു അവരുടെ ജയം. രണ്ടാമത്തെ മത്സരത്തിൽ മെക്സിക്കോയോട് ഒരു ഗോളിന് പരാജയം രുചിച്ചു. എന്നാൽ അവസാന മത്സരത്തിൽ ഉറുഗ്വേയ്‌ക്കെതിരെ 4-2 ന് ജയിച്ച് ഗ്രൂപ്പിൽ മെക്സികോക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിൽ ഇടം നേടി.ഗ്രൂപ്പ് സിയിൽ ആദ്യ മത്സരത്തിൽ മുൻ സെവിയ്യ സ്‌ട്രൈക്കർ ലൂയിസ് ഫാബിയോണാ നേടിയ ഏക ഗോളിൽ ചിലിയെ പരാജയപ്പെടുത്തിയാണ് ബ്രസീൽ ആരംഭിച്ചത്. രണ്ടാം മത്സരത്തിൽ അഡ്രിയാനോയുടെ തകർപ്പൻ ഹാട്രിക്കിൽ കോസ്റ്ററിക്കയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപെടുത്തി. എന്നാൽ അവസാന ഗ്രൂപ് മത്സരത്തിൽ പരാഗ്വേയോട് 2-1 ന് പരാജയപ്പെട്ടെങ്കിലും റണ്ണറപ്പായി ക്വാർട്ടറിലേക്ക് യോഗ്യത നേടി.
ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ പെറുവായിരുന്നു. കാർലോസ് ടെവസ് നേടിയ ഏക ഗോളിന് അര്ജന്റീന വിജയിച്ചു. മറ്റൊരു ക്വാർട്ടറിൽ അഡ്രിയാനോ വിശ്വരൂപം പുറത്തെടുത്തപ്പോൾ എതിരില്ലാത്ത നാല് ഗോളുകൾക്ക് മെക്സിക്കോയെ പരാജയപ്പെടുത്തി ബ്രസീൽ ഫൈനലിലേക്ക് മാർച്ച് ചെയ്തു.അഡ്രിയാനോ ടൂർണമെന്റിലെ രണ്ടാമത്തെ ഹാട്രിക്കും നേടി. ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ കൊളംബിയയെ 3-0ന് തോൽപ്പിച്ച് അര്ജന്റീന ഫൈനലിൽ സ്ഥാനം പിടിച്ചു. രണ്ടാമത്തെ സെമിയിൽ കരുത്തരായ ഉറുഗ്വേയെ പെനൽറ്റി ഷൂട്ട് ഔട്ടിൽ 5-4ന് പരാജയപ്പെടുത്തി ബ്രസീലും ഫൈനലിലെത്തി.
കോപ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നാടകീയമായ ഫൈനലുകളിലൊന്നായിരുന്നു ലിമയിലെ എസ്റ്റാഡിയോ നാഷണലിൽ നടക്കാൻ പോയിരുന്നത്. ഗബ്രിയേൽ ഹെൻസെ,റോബർട്ടോ അയാള,ജാവിയർ സാനെറ്റി, സോറിൻ ,മസ്‌ചെറാനോ, കാർലോസ് ടെവസ്, കിലി ഗോൺസാലസ് അടക്കം പ്രഗൽഭരുടെ നിരയുമായാണ് അര്ജനിന ഇറങ്ങിയത്. ബ്രസീലാവട്ടെ റൊണാൾഡോ ,റൊണാൾഡീഞ്ഞോ ,കാക്ക , റോബർട്ടോ കാർലോസ് തുടങ്ങിയ പ്രമുഖരില്ലാതെ അഡ്രിയാനോ ,ഫാബിയാണോ ,ഡീഗോ ,അലക്സ് ,എഡു തുടങ്ങിയവരാനു ബ്രസീലിൽ അണിനിരന്നത്.
തുല്യ ശക്തികളുടെ പോരാട്ടം കണ്ട പകുതിയുടെ തുടക്കത്തിൽ അഡ്രിയാനോയുടെ നേതൃത്വത്തിലുളള ബ്രസീലിയൻ സ്‌ട്രൈക്കർമാർ അര്ജന്റീന ഗോൾകീപ്പർ റോബർട്ടോ അബ്ബൊണ്ടാൻസിയറിയെ പരീക്ഷിച്ചു കൊണ്ടിരുന്നു. എന്നാൽ 20 ആം മിനുട്ടിൽ അര്ജന്റീന ലീഡെടുത്തു .ലുച്ചോ ഗോൺസാലസ്സിനെ ബ്രസീലിയൻ ഡിഫൻഡർ ലൂയിസാവോ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മിഡ്ഫീൽഡർ കിലി ഗോൺസാലസ് ഗോൾകീപ്പർ ജൂലിയോ സീസറിനെ മറികടന്നു വലയിലാക്കി. ഇടവേളയ്ക്കു തൊട്ടു മുൻപ് അലക്സ് എടുത്ത ഫ്രീകിക്കിൽ തലവെച്ച് ലൂയിസാവോ ബ്രസീലിനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിലേക്ക് അർജന്റീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനുള്ള മികച്ച അവസരങ്ങൾ അർജന്റീനക്ക് ലഭിച്ചെങ്കിലും ഒന്നും മുതലാക്കാനായില്ല. മത്സരം അവസാന പത്തു മിനിറ്റുകളിലേക്ക് കടക്കുംന്തോറും കൂടുതൽ ആവേശത്തിലായി. കളിയവസാനിക്കാൻ മൂന്നു മിനുട്ട് ശേഷിക്കെ അര്ജന്റീന ലീഡ് നേടി . പകരക്കാരനായെത്തിയ സീസർ ഡെൽഗഡോയാണ് മാർസെലോ ബിയൽസയുടെ ടീമിന് വേണ്ടി ഗോൾ നേടിയത്.അർജന്റീനിയൻ വലതുഭാഗത്ത് നിന്നും ഉയർന്നു വന്ന ഒരു ക്രോസ്സ് സോറിൻ ഹെഡ്ഡ് ചെയ്യുകയും എന്നാൽ ബ്രസീൽ ഡിഫൻഡർ പ്രതി രോധിക്കുന്നതിൽ പിഴവ് വരുത്തുകയും ചെയ്തതാണ് ഗോളിന് വഴിയൊരുക്കിയത്.
എന്നാൽ കിരീടം ഉറപ്പിക്കാൻ അർജന്റീനക്ക് അത് മതിയായില്ല. ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടിൽ ഡീഗോ പെനാൽട്ടി ബോക്സിലേക്ക് ഉയർത്തി കൊടുത്ത പന്ത് ഡിഫെൻഡർമാരെ കബളിപ്പിച്ച് ഇടതു കാലിൽ സ്വീകരിച്ച് പവർ ഫുൾ ഷോട്ടിലൂടെ വല കുലുക്കി സമനില നേടിക്കൊടുത്തു. ടൂർണമെന്റിൽ താരത്തിന്റെ ഏഴാമത്തെ ഗോളായിരുന്നു ഇത്. തോൽവിയിലേക്ക് നീങ്ങുകയായിരുന്ന ബ്രസീൽ ടീമിന് അതൊരു ലൈഫ്‌ലൈൻ ആയിരുന്നു. സമനിലയിലായതോടെമത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങി.
പെനാൽറ്റി ഷൂട്ട് ഔട്ടിൽ അഡ്രിയാനോ ,എഡു, ഡീഗോ ,ജുവാൻ എന്നിവർ ബ്രസീലിനായി ഗോൾ നേടിയപ്പോൾ ആദ്യ കിക്കെടുത്ത ഡി അലെസ്സാൻഡ്രോ കിക്ക് നഷ്ടപെടുത്തി .രണ്ടാമത്തെ കിക്കെടുത്ത ഗബ്രിയേൽ ഹെൻസെ ക്രോസ്സ് ബാറിന് മുകളൂടെ അടിച്ചു കളയുകയും ചെയ്തു. 4-2 വിജയത്തോടെ ബ്രസീൽ കിരീടം ഉറപ്പിച്ചു.2004 ലെ കോപ്പ അമേരിക്കയിലെ ഏറ്റവും മികച്ച കളിക്കാരനായി അഡ്രിയാനോ തെരഞ്ഞെടുത്തു. ടൂർണമെന്റിൽ ഏഴ് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് അവാർഡും നേടി. ബ്രസീലിനു കിരീടം നേടിയെങ്കിലും പ്രമുഖ താരങ്ങളുടെ അഭാവത്തിൽ ടീമിനെ ഒറ്റക്ക് ചുമലിലേറ്റിയ അഡ്രിയാനോയുടെ ടൂര്ണമെന്റായിരുന്നു ഇത്.