❝ഇഞ്ചുറി ടൈം ഗോളിൽ പെറുവിനെ വീഴ്ത്തി കൊളംബിയക്ക് മൂന്നാം സ്ഥാനം❞

ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ പെറുവിനെ പരാജയപ്പെടുത്തി കോപ്പ അമേരിക്കയിൽ കൊളംബിയ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ലൂയിസ് ഡയസിന്റെ സ്റ്റോപ്പേജ് ടൈം ഗോളിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കൊളംബിയയുടെ വിജയം. 25 വാര അകലെ നിന്നുള്ള മനോഹരമായ വലം കാൽ ഷോട്ടിലൂടേയാണ് ഡയസ് പെറു വല കുലുക്കിയത്. ആദ്യ പകുതിയിൽ കൂടുതൽ മികച്ച ഗോൾവസരങ്ങൾ ലഭിച്ചത് പെറുവിനു തന്നെയായിരുന്നു. 28 ആം മിനുട്ടിൽ പെറുവിയൻ താരം സെർജിയോ പെനയുടെയും ,40 ആം മിനുട്ടിൽ സ്‌ട്രൈക്കർ ഗിയാൻ‌ലൂക്ക ലപാഡുലയുടെയും ഗോളെന്നുറച്ച ഷോട്ടുകൾ പോസ്റ്റിനു പുറത്തേക്ക് പോയി.

എന്നാൽ ഒന്നാം പക്തി അവസാനിക്കുന്നതിനു മുൻപ് തന്നെ പെറു ലീഡ് നേടി.ക്രിസ്റ്റ്യൻ ക്യൂവയുടെ പാസിൽ നിന്നും മികച്ചൊരു ഫിനിഷിംഗിലൂടെ യോഷിമർ യോട്ടൂൺ പെറുവിനെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതി ആരംഭിച്ച് നാല് മിനുട്ടിനുള്ളിൽ തന്നെ കൊളംബിയ സമനില നേടി.ക്യാപ്റ്റൻ ജുവാൻ ക്വാഡ്രാഡോ പെനാൽറ്റി ഏരിയയുടെ അരികിൽ നിന്ന് എടുത്ത ഫ്രീകിക്കിൽ നിന്നും പെറു വല ചലിപ്പിച്ചു. ഗോൾ വീണതോടെ കൊളംബിയ മത്സരത്തിന്റെ പൂർണ ആധിപത്യം നേടിയെടുത്തു. 67 ആം മിനുട്ടിൽ കൊളംബിയ ലീഡ് നേടി. ഈ കോപ്പയുടെ സ്റ്റാൻഡ് ഔട്ട് കളിക്കാരിലൊരാളായ ലൂയിസ് ഡയസിന്റെ ഗോളിലൂടെയായിരുന്നു കൊളംബിയ മുന്നിലെത്തിയത്.

ഡയസിന് ടൂർണമെന്റിന്റെ മൂന്നാം ഗോൾ ആയിരുന്നു ഇത്. മൈതാന മധ്യത്തു നിന്നും ലോങ്ങ് പാസ് സ്വീകരിച്ചു ഡിഫെൻഡർമാരെ കബളിപ്പിച്ചു മുന്നേറിയ ഡയസ് കൊളംബിയൻ കീപ്പറെ മറികടന്ന് മനോഹരമായി വലയിലാക്കി. കൊളംബിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിയെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത പെറു 82 ആം മിനുട്ടിൽ സമനില പിടിച്ചു. കോർണറിൽ നിന്നും ഗിയാൻ‌ലൂക്ക ലപാഡുല ഹെഡ്ഡറിലൂടെയാണ് സമനില നേടിയത് .

മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് പോകുമെന്ന് കരുതിയെങ്കിലും ഇഞ്ചുറി ടൈമിൽ പെറുവിന്റെ പ്രതീക്ഷകൾ തകർത്തു കൊണ്ട് ഡയസിന്റെ ഗോൾ വന്നു. ഇതോടെ കൊളംബിയ മൂന്നാം സ്ഥാനം ഉറപ്പിച്ചു . നാളെ പുലർച്ചെ നടക്കുന്ന ഫൈനലിൽ ബ്രസീൽ അർജന്റീനയെ നേരിടും .

Rate this post