❝ബ്രസീൽ-അർജന്റീന സ്വപ്ന ഫൈനലിന് സാക്ഷ്യം വഹിക്കാൻ ആരാധകരും എത്തുന്നു ❞

മറക്കാനയില്‍ അര്‍ജന്റീനയും, ബ്രസീലും തമ്മില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സ്വപ്നഫൈനലില്‍ സ്റ്റേഡിയം കപ്പാസിറ്റിയുടെ 10 ശതമാനം ആള്‍ക്കാര്‍ക്ക് പ്രവേശനത്തിന് അനുമതി. ടൂർണമെന്റിന്റെ സംഘാടകരായ കോൺമെബോളിന്റെ അഭ്യർത്ഥന പരിഗണിച്ചു കൊണ്ടാണ് 10 ശതമാനം കാണികൾക്ക് പ്രാദേശിക സർക്കാർ പ്രവേശനം അനുവദിച്ചത്.എന്നാല്‍ ബ്രസീലില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ മത്സരം കാണാന്‍ അനുവാദമുണ്ടാകൂ.ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് കിരീടപോരാട്ടം നടക്കുന്നത്.

ആകെ മൊത്തം 5500 ആളുകളെയാണ് ഫൈനല്‍ മത്സരത്തിന് അനുവദിക്കപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെല്ലാം സ്റ്റേഡിയത്തില്‍ പ്രവേശിക്കും മുമ്പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന അര്‍ജന്റീന, ബ്രസീല്‍ ടീമുകളിൽ നിന്നും 2200 പേരും , ബാക്കിയുള്ള 1100 സീറ്റ് ഔദ്യോഗിക അതിഥികള്‍ക്ക് നല്‍കാനുമാണ് കോണ്‍മെബോള്‍ തീരുമാനിച്ചിരിക്കുന്നത്. മാറക്കാന സ്റ്റേഡിയത്തില്‍ 78000ത്തില്‍ അധികം പേര്‍ക്ക് മത്സരം കാണാനുള്ള സൗകര്യമുണ്ടെങ്കിലും സ്റ്റേഡിയത്തിലെ അംഗീകരിക്കപ്പെട്ട കപ്പാസിറ്റി 55000 മാത്രമാണ്. അതുകൊണ്ടാണ് കോപ്പ അമേരിക്ക ഫൈനല്‍ കാണാന്‍ 5500 പേര്‍ക്ക് മാത്രം അവസരം ലഭിക്കുന്നത്. അർജന്റീനയിൽ നിന്നുള്ളവർക്ക് മത്സരം കാണാൻ സാധിക്കില്ല എന്നത് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.

ഈ വർഷം ആദ്യം മാറക്കാനയിൽ നടന്ന കോപ്പ ലിബർട്ടഡോറസ് കപ്പ് ഫൈനൽ കാണാൻ പരിമിതമായ തോതിൽ കാണികളെ പ്രവേശിപ്പിച്ചിരുന്നെങ്കിലും കാണികൾ സാമൂഹിക അകലം പാലിക്കാതിരുന്നതിനെത്തുടർന്ന് റിയോ ഡി ജനീറോ കോർപറേഷൻ സംഘാടകർക്ക് പിഴ ചുമത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോപ്പ ഫൈനൽ കാണാനെത്തുന്ന കാണികൾ അകലം പാലിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് സംഘാടകർ അറിയിച്ചു.

ചിരവൈരികളായ അര്‍ജന്റീനയും ബ്രസീലും ഫൈനലില്‍ ഏറ്റുമുട്ടും എന്നുറപ്പായതോടെയാണ് കോപ്പയില്‍ ആവേശം വീണ്ടും നിറഞ്ഞത്. ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരങ്ങള്‍ എല്ലാം തന്നെ അങ്ങേയറ്റം വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍ ആയിരുന്നു. ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ബ്രസീല്‍ അര്‍ജന്റീന ഫൈനല്‍ പോരാട്ടത്തിനായി ആരാധകരും നാളേറെയായി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ഒരു പതിറ്റാണ്ടിനിപ്പുറം അവരുടെ ആഗ്രഹം സാധ്യമാകാന്‍ പോകുകയാണ്.

Rate this post