കൂട്ടീഞ്ഞോ പോയതിന്റെ ക്ഷീണം തീർക്കാൻ മറ്റൊരു ബ്രസീലിയൻ സ്‌ട്രൈക്കറെ ബയേൺ ക്ലബ്ബിലെത്തിക്കുന്നു.

ഒരു വർഷത്തെ ലോൺ കാലാവധി കഴിഞ്ഞു കൊണ്ട് ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ ഈ സീസണിലാണ് ബാഴ്സയിൽ തിരികെയെത്തിയത്. ബയേൺ മ്യൂണിക്കിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് ശേഷമാണ് കൂട്ടീഞ്ഞോ തിരികെ ബാഴ്‌സയിൽ തന്നെ എത്തിയത്. മാത്രമല്ല ഈ സീസണിൽ ബാഴ്സക്ക് വേണ്ടി പ്രീ സീസണിലും ലാലിഗയും മിന്നുന്ന പ്രകടനം തന്നെയാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്.

എന്നാലിപ്പോൾ മറ്റൊരു ബ്രസീലിയൻ താരത്തെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് ബയേൺ മ്യൂണിക്ക്. മറ്റാരുമല്ല, മുൻ ബയേൺ താരമായിരുന്ന ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റയാണ് ഇപ്പോൾ ബയേണിലേക്ക് തിരിച്ചു വരാനൊരുങ്ങി നിൽക്കുന്നത്. യുവന്റസിൽ നിന്നാണ് താരം തിരികെ തന്റെ പഴയ തട്ടകത്തിലേക്ക് എത്തുക. പ്രമുഖഫുട്ബാൾ മാധ്യമമായ ഗോളാണ് ഈ വാർത്തയുടെ ഉറവിടം.

താരത്തെ ലോണടിസ്ഥാനത്തിലാണ് ബയേൺ സ്വന്തമാക്കുക. എന്നാൽ താരത്തെ സ്ഥിരമായി വാങ്ങാനുള്ള ഓപ്ഷനുകൾ ഒന്നും തന്നെ യുവന്റസ് നൽകിയിട്ടില്ല. താരം യുവന്റസിൽ വെച്ച് തന്നെ മെഡിക്കൽ പൂർത്തിയാക്കിയെന്നും ഉടൻ തന്നെ ബയേണിൽ സൈൻ ചെയ്യുമെന്നും ഫാബ്രിസിയോ റൊമാനൊ അറിയിച്ചിട്ടുണ്ട്. 2015-ലായിരുന്നു കോസ്റ്റ ഷക്തറിൽ നിന്ന് ബയേൺ മ്യൂണിക്കിലേക്ക് എത്തിയത്. തുടർന്ന് രണ്ട് വർഷക്കാലം ബയേണിൽ തുടർന്നു. 2017-ൽ യുവന്റസിൽ എത്തിയ താരം 2018-ൽ സ്ഥിരമാവുകയായിരുന്നു. എന്നാൽ പരിക്കുകൾ താരത്തെ ഏറെ തളർത്തി. ഇതോടെയാണ് യുവന്റസ് താരത്തെ ലോണിൽ തിരികെ അയക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്നായി കേവലം നാല് ഗോളുകൾ മാത്രമാണ് താരത്തിന് നേടാനായത്. ഈ കഴിഞ്ഞ സീസണിൽ യുവന്റസിനായി 29 മത്സരങ്ങൾ കളിച്ചു. ഇതിൽ നിന്ന് മൂന്ന് ഗോളും ഏഴ് അസിസ്റ്റും താരം സ്വന്തമാക്കി. 21 മത്സരങ്ങളാണ് താരത്തിന് പരിക്ക് മൂലം നഷ്ടമായത്. അതിന് മുമ്പത്തെ സീസണായ 2018/19 ലും സമാനഅവസ്ഥ തന്നെയായിരുന്നു. കേവലം 18 മത്സരങ്ങളാണ് താരം കളിച്ചത്. നാലെണ്ണം സസ്പെൻഷൻ മൂലവും 16 എണ്ണം പരിക്ക് മൂലവും നഷ്ടമായി. പഴയ ക്ലബ്ബിലേക്ക് മടങ്ങിയെത്തുമ്പോൾ ഫോം തിരിച്ചെടുക്കനാവും എന്ന പ്രതീക്ഷയിലാണ് കോസ്റ്റ.