ക്രിസ്റ്റ്യാനോ പിഎസ്ജിയിലേക്കോ? ഏജന്റ് പിഎസ്ജി ഡയറക്ടറെ കണ്ടേക്കും.

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറാൻ പദ്ധതിയിട്ടിരുന്നുവെന്ന വാർത്ത പുറത്തു വന്നത് രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു. ഈ സീസണോടെ ക്ലബ് വിട്ട് പിഎസ്ജിയിൽ ജോയിൻ ചെയ്യാൻ മാസങ്ങൾക്ക് മുമ്പ് തന്നെ താരം പ്ലാൻ ചെയ്തിരുന്നുവെന്നും എന്നാൽ കോവിഡ് പ്രശ്നങ്ങൾ താരത്തെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു എന്നാണ് വാർത്തകൾ. പ്രമുഖമാധ്യമമായ ഫ്രാൻസ് ഫുട്ബോൾ ആയിരുന്നു ഇത് പുറത്ത് വിട്ടിരുന്നത്.

തുടർന്ന് ലിയോണിനെതിരായ മത്സരത്തിൽ ജയിച്ചുവെങ്കിലും യുവന്റസ് പുറത്തായത് താരത്തെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു. മാത്രമല്ല യുവന്റസ് സാറിയെ പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിടാനുള്ള ആലോചനകൾ തുടങ്ങി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന പുതിയ വാർത്തകൾ. ഫൂട്ട്മെർകാറ്റോയാണ് ഇപ്പോൾ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റ് ആയ ജോർജെ മെൻഡസ് പിഎസ്ജി ഡയറക്ടർ ലിയനാർഡോയെ കണ്ടേക്കുമെന്നാണ് വാർത്തകൾ. താരത്തെ ക്ലബിൽ എത്തിക്കുന്നതിന്റെ സാധ്യതകളെ പറ്റി ചർച്ച ചെയ്യാനാണ് ഇരുവരും തമ്മിലുള്ള കൂടികാഴ്ച്ചക്ക് അവസരമൊരുങ്ങുന്നത്.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലുകൾ നടക്കുന്ന പോർച്ചുഗല്ലിൽ വെച്ചായിരിക്കും ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടക്കുക എന്നാണ് അറിയാൻ കഴിയുന്നത്. നിലവിൽ 2022 ജൂൺ വരെ റൊണാൾഡോക്ക് യുവന്റസിൽ കരാറുണ്ട്. എന്നാൽ ഈ സീസണിലെ ടീമിന്റെ പ്രകടനത്തിൽ താരം ഒട്ടും തൃപ്തനല്ല എന്ന് പ്രകടമായിരുന്നു. ഒരു പോയിന്റിന് സിരി എ കിരീടം ലഭിച്ച യുവന്റസിന് ചാമ്പ്യൻസ് ലീഗ്, കോപ ഇറ്റാലിയ, ഇറ്റാലിയൻ സൂപ്പർ കപ്പ് എന്നിവ നഷ്ടമാവുകയായിരുന്നു. സിരി എയിൽ മുപ്പത്തിയൊന്ന് ഗോളുകൾ നേടിയെങ്കിലും ഗോൾഡൻ ബൂട്ട് നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. ഏതായാലും ടീമിന്റെ മോശം പ്രകടനത്തിൽ താരം അസ്വസ്ഥനാണ് എന്നുള്ളത് ഇന്നലത്തെ താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.

Rate this post