“ഒന്നും ജയിച്ചിട്ടില്ല ഒന്നും നേടിയിട്ടില്ല , എതിരാളികളെ ബഹുമാനിക്കുകയും അവരവരുടെ കഴിവുകളിൽ വിശ്വസിക്കുകയും ചെയ്യുക “

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തുർക്കിയെ തോൽപ്പിച്ചതിന് ശേഷം ഖത്തറിലേക്കുള്ള ടിക്കറ്റ് സീൽ ചെയ്യുന്നതിന് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ തുർക്കിയെ കീഴടക്കിയത്.

15-ാം മിനിറ്റിൽ ഒട്ടാവിയോയുടെ ഗോളിൽ പോർച്ചുഗൽ മുന്നിലെത്തി .42-ാം മിനിറ്റിൽ ലിവർപൂൾ താരം ഡിയോഗോ ജോട്ട ലീഡ് ഉയർത്തി. 65 ആം മിനുട്ടിൽ ബുറാക് യിൽമാസ് തുർക്കിക്ക് വേണ്ടി ഒരു ഗോൾ തിരിച്ചടിച്ചു. 83 ആം മിനുട്ടിൽ തുർക്കിക്ക് സമനില ഗോൾ നേടാൻ സുവർണ അവസരം ലഭിച്ചു.ജോസ് ഫോണ്ടെ എനെസ് ഉനലിനെ ഫൗൾ ചെയ്തത്തിനു വാറിന്റെ പിൻബലത്തിൽ തുർക്കിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു.പക്ഷെ ആ പെനാൾട്ടി എടുത്ത യിൽമാസിന് പിഴച്ചു. ഗോൾ പോസ്റ്റിന് മുകളിലൂടെ പെനാൾട്ടി കിക്ക് ആകാശത്തേക്ക് പോയി.ഇഞ്ചുറി ടൈമിൽ ഒരു ഗോളിലൂടെ മാത്യൂസ് നൂൺസ് വിജയം പൂർത്തിയാക്കി.

കളി അവസാനിച്ചതിന് തൊട്ടുപിന്നാലെ പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ടീമിനും ആരാധകർക്കും വലിയ പോരാട്ടത്തിനുള്ള സന്ദേശം പുറപ്പെടുവിച്ചു.തങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യമായ ലോകകപ്പ് സാക്ഷാത്കരിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പ് ടീം സ്വീകരിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞു. എന്നാൽ ഖത്തറിലേക്ക് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിന് മുമ്പ് ഇനിയും ജോലികൾ ചെയ്യാനുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എതിരാളികളെ ബഹുമാനിക്കാനും അവരുടെ കഴിവുകളിൽ വിശ്വസിക്കാനും അദ്ദേഹം ടീമിനോട് പറഞ്ഞു.

“ഞങ്ങളുടെ മഹത്തായ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് 2022 ലോകകപ്പിലേക്ക്. ഞങ്ങൾ ഒന്നും നേടിയിട്ടില്ല ,ഒന്നും വിജയിച്ചിട്ടില്ല എതിരാളിയെ ബഹുമാനിക്കുകയും എന്നാൽ എപ്പോഴും നമ്മുടെ കഴിവുകളിൽ വിശ്വസിക്കുകയും ചെയ്തുകൊണ്ട് ഗൗരവത്തോടെയും ശ്രദ്ധ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നത് തുടരണം. പവർ പോർച്ചുഗൽ! ഖത്തറിലേക്ക് പോകൂ!” റൊണാൾഡോ പറഞ്ഞു.

മാർച്ച് 30 ന് നോർത്ത് മാസിഡോണിയക്കെതിരെയാണ് റൊണാൾഡോയും കൂട്ടരും ലോകകപ്പ് യോഗ്യതാ ഫൈനൽ കളിക്കുക.തുർക്കിക്കെതിരായ വിജയത്തിന് ശേഷമുള്ള തന്റെ സന്ദേശത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞതുപോലെ, അടുത്ത ആഴ്‌ച നടക്കുന്ന നിർണായക മത്സരത്തിൽ പോർച്ചുഗലിന് ശ്രദ്ധ കേന്ദ്രീകരിക്കുകയും നോർത്ത് മാസിഡോണിയയെ വലിയ എതിരാളിയായി കാണുകയും വേണം.

യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ പുറത്താക്കിയതോടെ ഏതിനും പോന്ന ടീമാണ് അവർ എന്ന ചിന്ത എല്ലാവരിലും ഉയർന്നു വന്നിട്ടുണ്ട്. ഇറ്റലിക്കെതിരെ 92-ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്ന് അലക്‌സാണ്ടർ ട്രാജ്‌കോവ്‌സ്‌കിയുടെ മികച്ച സ്‌ട്രൈക്കിലൂടെ നോർത്ത് മാസിഡോണിയ കീഴടക്കുകയായിരുന്നു. അത്ര എളുപ്പത്തിൽ മാസിഡോണായിയെ റൊണാൾഡോക്കും കൂട്ടർക്കും കീഴടക്കാനാവില്ല. യോഗ്യത മത്സരങ്ങളിൽ ജർമനിയെ വരെ പരാജയപ്പെടുത്തിയവരാന് മാസിഡോണിയ.

Rate this post