വീണ്ടും ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, വമ്പൻ ജയം സ്വന്തമാക്കി അൽ നാസർ | Al Nassr | Cristiano Ronaldo
39 കാരനായ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രൊ ലീഗിൽ ഗോളുകൾ അടിച്ചു കൂട്ടികൊണ്ടിരിക്കുകയാണ്.ഇന്നലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗിൽ അബഹക്കെതിരെ അൽ നാസർ 8 -0 ത്തിനു വിജയിച്ചപ്പോൾ മൂന്നു ഗോളുകളാണ് റൊണാൾഡോയുടെ ബൂട്ടിൽ നിന്നും പിറന്നത്.
രണ്ട് ഗോളുകൾക്ക് സഹായിക്കുകയും ചെയ്‌ത ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ബാക്ക്-ടു-ബാക്ക് ഹാട്രിക്ക് നേടി.അബഹ ക്ലബിനെതിരെ ആദ്യ പകുതിയിൽ തന്നെ സൂപ്പർതാരം ഹാട്രിക് പൂർത്തിയാക്കി. മത്സരത്തിന്റെ 11-ാം മിനിറ്റിൽ ഒരു ഫ്രീകിക്കിലൂടെ സ്കോറിംഗ് ആരംഭിച്ച റൊണാൾഡോ പത്ത് മിനിറ്റിനുശേഷം മറ്റൊരു ഫ്രീകിക്കിലൂടെ അൽ നാസറിന്റെ ലീഡ് ഇരട്ടിയാക്കി. 33-ാം മിനിറ്റിൽ സാദിയോ മാനോയുടെ ഗോളിന് അസിസ്റ്റ് നൽകിയതും റൊണാൾഡോയാണ്.
Here are all of Cristiano Ronaldo goals tonight. Hatrick ⭐️
— Janty (@CFC_Janty) April 2, 2024
pic.twitter.com/ISo0SfNauL
42-ാം മിനിറ്റിലെ ഗോളിലൂടെ ക്രിസ്റ്റ്യാനോ തന്റെ ഹാട്രിക് പൂർത്തിയാക്കി. താരത്തിന്റെ കരിയറിലെ 65 ആം ഹാട്രിക്ക് ആയിരുന്നു ഇത്.രണ്ട് മിനിറ്റിനുള്ളിൽ അബ്ദുൽമജീദ് അൽ-സുലൈഹീം അൽ നസറിനായി അഞ്ചാം ഗോൾ നേടി. ഈ ഗോളിന് പിന്നില്ല് റൊണാൾഡോയുടെ സഹായമുണ്ടായിരുന്നു. രണ്ടാം പകുതിയിൽ റൊണാൾഡോയെ സബ്സ്റ്റ്യൂട്ട് ചെയ്തു. എങ്കിലും അൽ നസർ ഗോളടി തുടർന്നു. 51-ാം മിനിറ്റിൽ അബ്ദുൾറഹ്മാൻ ഗരീബിന്റെ വകയായിരുന്നു ഗോൾ. 63, 86 മിനിറ്റുകളിൽ അബ്ദുൽ അസീസ് അൽ-അലിവ ഗോളുകൾ നേടി.
സൗദി പ്രോ ലീഗിൻ്റെ ഈ സീസണിൽ 29 ഗോളുകളുമായി റൊണാൾഡോ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ ഒന്നാമതുള്ളപ്പോൾ അൽ ഹിലാലിൻ്റെ അലക്‌സാണ്ടർ മിട്രോവിച്ച് 22 ഗോളുമായി രണ്ടാം സ്ഥാനത്താണ്.സമീപകാലത്തെ മികച്ച ഫോമിലാണെങ്കിലും, ലീഗ് ലീഡർ അൽ ഹിലാലിനേക്കാൾ 12 പോയിൻ്റ് പിന്നിലായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അൽ നാസർ, അടുത്തതായി ലീഗിൽ ദമാകിനെ നേരിടും.