ക്രിസ്റ്റ്യാനോ സ്വന്തം ശവക്കുഴി തോണ്ടുന്നു,മുൻ ക്ലബ്ബിലേക്ക് തന്നെ പോകൂ: രൂക്ഷ വിമർശനം

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ സൗദി അറേബ്യയിലും പ്രതിസന്ധി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനമായിരുന്നു അൽ നസ്ർ നടത്തിയിരുന്നത്.എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളായി അൽ നസ്‌റിന്റെ പ്രകടനം മോശമായിട്ടുണ്ട്.അവസാനത്തെ മത്സരങ്ങളൊക്കെ അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

മാത്രമല്ല റൊണാൾഡോക്കും ഇപ്പോൾ തിളങ്ങാൻ കഴിയുന്നില്ല.ഈ അവസ്ഥയിൽ റൊണാൾഡോ വളരെയധികം നിരാശനാണ്.ടീമിന്റെ മോശം പ്രകടനത്തിൽ റൊണാൾഡോ നിരാശനാണ് എന്ന് മാത്രമല്ല ആ നിരാശയൊക്കെ അദ്ദേഹം കളിക്കളത്തിൽ തന്നെ പ്രകടിപ്പിക്കാറുണ്ട്.അൽ ഹിലാലിനെതിരെയുള്ള മത്സരത്തിനുശേഷം ആരാധകർക്ക് നേരെ റൊണാൾഡോ കാണിച്ച അശ്ലീല ആംഗ്യമൊക്കെ സൗദി അറേബ്യയിൽ വലിയ വിവാദമായിരുന്നു.

റൊണാൾഡോ എന്ന ഇതിഹാസം തന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിലാണ് ഉള്ളത്.മുൻ ഫ്രഞ്ച് താരമായ ക്രിസ്റ്റോഫ് ജാല്ലറ്റ് ക്രിസ്റ്റ്യാനോയുടെ സൗദിയിലേക്കുള്ള ഈ നീക്കത്തെ ഒരിക്കൽക്കൂടി വിമർശിച്ചിട്ടുണ്ട്.അതായത് തന്റെ ഇതിഹാസപദവി റൊണാൾഡോ തന്നെ നശിപ്പിക്കുകയാണ് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്. റൊണാൾഡോ തന്റെ മുൻ ക്ലബായ സ്പോട്ടിങ്ങിലേക്ക് മടങ്ങണമായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.കനാൽ പ്ലസിനോട് പറഞ്ഞത് ഗോളാണ് വാർത്തയാക്കിയിട്ടുള്ളത്.

‘ക്രിസ്റ്റ്യാനോ റൊണാൾഡോ വെറുക്കപ്പെടുന്ന ഒരു വസ്തുവായി മാറിയിട്ടുണ്ട്.നമ്മൾ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത പ്രവർത്തികളാണ് അദ്ദേഹത്തിൽ നിന്നും ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.ഫുട്ബോൾ ലോകത്തെ ഇതിഹാസമാണ് റൊണാൾഡോ.പക്ഷേ അദ്ദേഹത്തിന്റെ ഇതിഹാസപദവി അദ്ദേഹം തന്നെ നശിപ്പിക്കുകയാണ്.അദ്ദേഹം തന്റെ മുൻ ക്ലബ്ബായ സ്പോർട്ടിംഗ് ലിസ്‌ബനിലേക്ക് തന്നെ മടങ്ങണമായിരുന്നു.അതായിരുന്നു റൊണാൾഡോക്ക് നല്ലത്.എന്തുകൊണ്ടാണ് അദ്ദേഹം സൗദി അറേബ്യയിലേക്ക് വന്നത് എന്നത് എനിക്ക് മനസ്സിലാവുന്നില്ല ‘മുൻ ഫ്രഞ്ച് ദേശീയ ടീം താരം പറഞ്ഞു.

2025 വരെയുള്ള കോൺട്രാക്ടിലാണ് റൊണാൾഡോ ഒപ്പു വെച്ചിട്ടുള്ളത്.ഫുട്ബോൾ ലോകത്ത് ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സാലറിയാണ് ഇന്ന് റൊണാൾഡോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.പക്ഷേ ടീമിന്റെ പ്രകടനം മോശമായതോടുകൂടി റൊണാൾഡോക്കും വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്.

Rate this post