ലയണൽ മെസ്സിയെക്കാൾ മികച്ച കരിയർ ക്രിസ്റ്റ്യാനോ റൊണാൾഡോക്കുണ്ടോ?|Cristiano Ronaldo |Lionel Messi

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ട് മികച്ച താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും എന്നത് സംശയമില്ലാത്ത കാര്യമാണ്. ലോക ഫുട്ബോൾ ആരാധകരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാൽ ഒന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരും മറ്റൊന്ന് ലയണൽ മെസ്സി ആരാധകരും ആയിരിക്കും. റൊണാൾഡോയാണോ മെസ്സിയാണോ മികച്ചതെന്ന കാര്യത്തിൽ ഇരുവരുടെയും ആരാധകർ തമ്മിൽ തർക്കങ്ങളും നടക്കുന്നുണ്ടെങ്കിലും ലോക ഫുട്ബോളിലെ മികച്ച താരങ്ങളിലെ പട്ടികയിൽ ഇരുവരും ആദ്യ സ്ഥാനങ്ങളിൽ ഉണ്ടാവും.

നിലവിലെ ഫുട്ബോൾ കളിക്കാരും വിരമിച്ച ഇതിഹാസങ്ങളും മെസ്സിക്കും റൊണാൾഡോയ്ക്കും ഒപ്പം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. പിന്നെ പല അഭിമുഖങ്ങളിലും മെസ്സിയാണോ റൊണാൾഡോയാണോ മികച്ചതെന്ന ചോദ്യത്തിന് പലരും വ്യക്തമായ ഉത്തരം നൽകുന്നില്ലെങ്കിലും ചിലർ വ്യക്തമായ കാരണത്തോടെ പ്രതികരിക്കാറുണ്ട്.എന്നാൽ മെസ്സിയെയാണോ റൊണാൾഡോയെയാണോ ഇഷ്ടം എന്ന ചോദ്യത്തിന് എല്ലാവർക്കും വ്യത്യസ്തമായ ഉത്തരമുണ്ട്.

ലയണൽ മെസ്സിയേക്കാൾ മികച്ച കരിയർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുണ്ടെന്ന് മുൻ ഫുട്ബോൾ കളിക്കാരിൽ മൂന്നിൽ രണ്ടു പേരും വിശ്വസിക്കുന്നതായി കാണിക്കുന്ന ഒരു സർവ്വേ ഫലം പുറത്ത് വന്നിരിക്കുകയാണ്.റൊണാൾഡോയും മെസ്സിയും ഏകദേശം 15 വർഷമായി തുടരുന്ന അവരുടെ ഇതിഹാസ കളി ജീവിതത്തെക്കുറിച്ച് കടുത്ത ചർച്ചകൾക്ക് വിധേയരായിട്ടുണ്ട്.എന്നാൽ ദി അത്‌ലറ്റിക് നടത്തിയ ഒരു വോട്ടെടുപ്പ് അനുസരിച്ച് മെസ്സിയെയേക്കാൾ മികച്ച കരിയർ റൊണാൾഡോയ്ക്ക് ഉണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരിക്കുകയാണ്. സർവേയിൽ പങ്കെടുത്ത 66 ശതമാനം മുൻ കളിക്കാരും പോർച്ചുഗീസ് സൂപ്പർതാരത്തിനൊപ്പം ചേർന്നു.

റൊണാൾഡോ മൂന്ന് വ്യത്യസ്ത ലീഗുകളിൽ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്, യഥാക്രമം മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നിവരോടൊപ്പം ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ഏതു ലീഗിൽ കളിച്ചാലും അവിടെയെല്ലാം ഗോളുകൾ അടിച്ചു കൂട്ടുന്നതിൽ റോൻൾഡോ ഒരു കുറവും വരുത്താറില്ല.ബാഴ്‌സലോണയ്‌ക്കൊപ്പം തന്റെ കരിയറിന്റെ ഏറ്റവും മികച്ച ഭാഗം ആസ്വദിച്ച ലയണൽ മെസ്സി കഴിഞ്ഞ വർഷമാണ് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് എത്തുന്നത്. അഞ്ച് ബാലൺ ഡി ഓർ അവാർഡ് ജേതാവായ റൊണാൾഡോയുമായി താരതമ്യപ്പെടുത്തുമ്പോൾ അഭൂതപൂർവമായ ഏഴ് ബാലൺ ഡി ഓർ കിരീടങ്ങൾ നേടിയ പിഎസ്ജി താരത്തിന് മികച്ച വ്യക്തിഗത റെക്കോർഡ് ഉണ്ട്.

ലിവർപൂൾ ഇതിഹാസം ജാമി കാരഗറും മുൻ ടോട്ടൻഹാം ഡിഫൻഡർ ടോബി ആൽഡർവെയ്‌റെൽഡും അടുത്തിടെ നടത്തിയ ചർച്ചയിൽ റൊണാൾഡോക്ക് മുന്നിൽ മെസ്സിയെ തെരഞ്ഞെടുത്തിരുന്നു.ഫുട്ബോൾ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സിയെന്ന് കാരാഗെർ പറഞ്ഞു, അർജന്റീനയ്ക്ക് ലോകകപ്പ് നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിലൂടെ അദ്ദേഹത്തിന് തന്റെ പൈതൃകം ഉറപ്പിക്കാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.”അതെ, ഞാൻ റൊണാൾഡോയ്‌ക്കെതിരെ പലതവണ കളിച്ചു. തീർച്ചയായും, അദ്ദേഹത്തിന്റെ കണക്കുകൾ കള്ളം പറയില്ല, പക്ഷേ മെസ്സിയായിരുന്നു ഏറ്റവും മികച്ചത്, കാരണം അവൻ അവ്യക്തനാണ്,നിങ്ങൾക്ക് അവനെ പിടിക്കാൻ കഴിയില്ല” ആൽഡർവെയ്‌റെൽഡ് പറഞ്ഞു.